FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 9

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
 

           വിശുദ്ധ പൗലോസ് അപ്പോസ്തോലൻ (ഗലാത്യ 1:6) പറയുന്ന ഭാഗമാണ് പദ്യരൂപത്തിൽ പരസ്യ ശുശ്രൂഷാരംഭത്തിൽ നാം പാടുന്നതെന്നു കണ്ടു. ലോകമെമ്പാടുമുള്ള നമ്മുടെ ദേവാലയങ്ങളിൽ കുർബ്ബാനയുടെ ആരംഭത്തിൽ ഈ ഗീതം നൂറ്റാണ്ടുകളായി നാം ആലപിക്കുന്നു. ഈ ഗീതത്തിൽ 'നിങ്ങൾ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ആരെയാണ്? 
         
ചഞ്ചല മനസ്ക്കരാക്കപ്പെട്ട ഗലാത്യരെയാണ് അദ്ദേഹം 'നിങ്ങൾ' എന്ന് സംബോധന ചെയ്ത് അറിയിക്കുന്നത്. ആദ്യ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗലാത്യ എന്ന പ്രദേശം റോമൻ സാമ്രാജ്യത്തോടു ചേർക്കപ്പെട്ടിരുന്നു. ക്രിസ്തുവിനെ  അറിയാതിരുന്ന ഈ ജനങ്ങൾ വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രവർത്തനം മൂലം മാമോദീസാ ഏറ്റു സഭയോട് ചേർക്കപ്പെട്ടവരാണ്. ഗലാത്യ, കൊരിന്ത്,  എഫേസ്യ, ഫിലിപ്പ്യ, തെസ്സലോനിക്യ, ആസിയായിലെ  (ASIA  യിലെ) 7 സഭകൾ  അഥവാ  കോൺഗ്രിഗേഷൻസ്  ഇവയെല്ലാം അന്ത്യോഖ്യാ സഭയെന്ന  ഏക സഭയുട ഭാഗമായിരുന്നു.


അവിടെയെല്ലാമുള്ളവർ മാമോദീസാ ഏറ്റതും, പഠിച്ചതും, സ്വീകരിച്ചതും, അനുവർത്തിച്ചതും, ഏക ദൈവത്തിന്റെ -  ക്രിസ്തുവിന്റെ - ഏകസഭയുടെ ഏക വിശ്വാസമായിരുന്നു. മറ്റൊരു സഭയും, വിശ്വാസവും, ആദ്യ നൂറ്റാണ്ടിൽ ഇല്ലായിരുന്നു. A.D.37-ൽ വിശുദ്ധ പത്രോസ് ശ്ലീഹായിൽ നിന്ന് സഭ ആരംഭം കുറിച്ചു. അദ്ദേഹത്തിൽ നിന്ന് കൈവെപ്പ് ലഭിച്ച്‌ തന്റെ പിൻഗാമിയാക്കിയ അന്ത്യോഖ്യാ സഭയുടെ പാത്രിയാർക്കീസായി A.D.67-ൽ സ്ഥാനമേൽക്കുകയും A.D.107-ൽ റോമിൽ സിംഹത്തിനു ഭക്ഷണമായി ധീര രക്തസാക്ഷിയായിത്തീർന്ന അഗ്നിമയനായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ചരിത്രം തന്നെ അന്ത്യോഖ്യ സഭ എന്നു മുതൽ നിലനിന്നു വരുന്നുവെന്നതിന്റെ തെളിവാണ് കാണിക്കുന്നത്. അക്കാലത്ത്, ഇന്നത്തെ സത്യവേദപുസ്തകം ക്രോഡീകരിച്ചിട്ടില്ലായിരുന്നു.ശ്ലീഹന്മാർ , അപ്പോസ്തോലന്മാർ, പ്രവാചകന്മാർ എന്നിവർ പാലിച്ച് ഏല്പിച്ച് നൽകിയ ഏക  വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ. അവർ എല്ലാവരും ക്രിസ്തു സ്ഥാപിച്ച ഏക സഭയ്ക്കുവേണ്ടി പ്രവർത്തിക്കുവാൻ ക്രിസ്തു ഉയിർപ്പിനു ശേഷവും അവരോടു കല്പിക്കുന്നതായി നാം കാണുന്നു. യേശു അടുത്തുചെന്ന് അവരോട് ഇപ്രകാരം പറഞ്ഞു: "സ്വർഗ്ഗത്തിലും ഭൂമിയിലും എനിക്കു സർവ്വ അധികാരവും നൽകപ്പെട്ടിരിക്കുന്നു. എന്റെ പിതാവ് എന്നെ അയച്ചിരിക്കുന്നത് എങ്ങനെയോ അങ്ങനെ ഞാൻ നിങ്ങളെയും അയക്കുന്നു. ആകയാൽ, നിങ്ങൾ പോയി സർവ്വ ജാതികളെയും ശിഷ്യപ്പെടുത്തുകയും പിതാവിന്റെയും , പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും  നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോട് കല്പിച്ചതെല്ലാം പ്രമാണിപ്പാൻ അവരെ പഠിപ്പിക്കയും ചെയ്യുവിൻ". (മത്താ 28:18) അവർ (ശിഷ്യന്മാർ) എല്ലാവരും ഒരേ സഭയ്ക്കുവേണ്ടി ക്രിസ്തു അവരോട് ചേർന്നിരുന്ന്, പഠിപ്പിച്ചതായ ഒരേ വിശ്വാസം വാമൊഴിയായി ആയിരുന്നു  അറിയച്ചത്. എവിടെയൊക്കെ ശിഷ്യന്മാർ  ക്രിസ്തുവിന്റെ കല്പന പ്രകാരം പഠിപ്പിച്ചുവോ അവിടെയെല്ലാമുള്ളവർ മാമോദീസാ ഏറ്റതും, പഠിച്ചതും, സ്വീകരിച്ചതും, അനുവർത്തിച്ചതും, ഏക ദൈവത്തിന്റെ - ക്രിസ്തുവിന്റെ - ഏക സഭയുടെ ഏക വിശ്വാസമായിരുന്നു. മറ്റൊരു സഭയും, വിശ്വാസവും, ആദ്യ നൂറ്റാണ്ടിൽ ഇല്ലായിരുന്നു. പൗലോസ് ശ്ലീഹായും അതേ വിശ്വാസത്തിൽ മാമോദീസാ ഏറ്റ്, കൈവപ്പ് ലഭിച്ച്  അന്ത്യോഖ്യ സഭയുടെ പ്രവാചകനും, ഉപദേഷ്ടാവുമായി (അ.പ്ര.13:1, 4;9). അതേ വിശ്വാസമാണ് പഠിപ്പിച്ചതായി നാം വായിക്കുന്നത്. അല്ലാതെ ശിഷ്യന്മാർ ഒരോരുത്തരും ഓരോ രാജ്യങ്ങളിൽ പോയി ഓരോരോ സിംഹാസനവും, ഭരണഘടനയും, വിവിധങ്ങളായ വിശ്വാസവും, ആചാരങ്ങളും ഉണ്ടാക്കുകയല്ലായിരുന്നു. എന്നാൽ മാമേദീസാമൂലം സഭയോട് ചേർക്കപ്പെട്ടവരായ ഗലാത്യർ റോമാക്കാരുടെ സ്വാധീനം മൂലം യഹൂദ പ്രമാണങ്ങളിലും മറ്റും ആകൃഷ്ടരായി ചഞ്ചലപ്പെട്ടതായി പൗലോസ് ശ്ലീഹാ അറിഞ്ഞ് എഴുത്തിൽക്കൂടെ അവരെ,  പ്രബോധിപ്പിക്കുകയാണ്, പഠിപ്പിക്കുകയാണ്. "നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ നിന്ന് എങ്ങനെ ചഞ്ചല മനസ്ക്കരായി? നിങ്ങൾ ഭംഗിയായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. സത്യത്തെ അനുസരിക്കാതിരിക്കത്തക്കവണ്ണം നിങ്ങളെ കലക്കിയത് ആരാണ് ?" (ഗലാത്യ.5:8) "നിങ്ങളുടെ ഇടയിൽ ഞാൻ അദ്ധ്വാനിച്ചത് വൃഥാവിലായിപ്പോയോ  എന്നു ഞാൻ ഭയപ്പെടുന്നു. (ഗലാത്യ .4:11)."

എന്താണ് നിങ്ങളുടെ സ്ഥാനം?

(ഗലാത്യ 3:27-28)." നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കളാകുന്നു. മ്ശിഹായിൽ മാമോദീസാ ഏറ്റവരായ നിങ്ങൾ മ്ശിഹായെ ധരിച്ചിരിക്കുന്നു. അതിൽ യഹൂദനും, പുറജാതിക്കാരനും എന്നോ, അടിമയും സ്വതന്ത്രനും എന്നോ, പുരുഷനും സ്ത്രീയും, എന്നോ (ഭേദം) ഇല്ല. നിങ്ങളെല്ലാവരും യേശുമ്ശിഹായിൽ ഒന്നുതന്നെയത്രേ."

നിങ്ങളെ - വി.അന്ത്യോഖ്യാ സഭയുടെ  വി. മൂറോനാൽ മുദ്രകുത്തപ്പെട്ട  വി. സഭയുടെ  മക്കളെ - ലോകാരംഭത്തിനുമുൻപു തന്നെ  ദൈവം തൻ്റെ മക്കളാക്കിത്തീർത്തു.


എഫെസ്യർ
     --------
1:4  നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും കറയില്ലാത്തവരുമായിരിക്കേണ്ടതിന്, ലോകാരംഭത്തിനു മുമ്പുതന്നെ, മ്ശീഹാ മുഖാന്തരം താന്‍ നമ്മെ അവനില്‍ തിരഞ്ഞെടുക്കുകയും, 
1:5  സ്നേഹം മൂലം താന്‍ തനിക്കു വേണ്ടി മുന്നമെ മുദ്രയിടുകയും, തന്‍റെ ഇഷ്ടത്തിന് പ്രസാദകരമായ രീതിയില്‍, യേശു മ്ശീഹാമൂലം നമ്മെ മക്കളാക്കിത്തീര്‍ക്കുകയും ചെയ്തു.  വീണ്ടും

നിങ്ങൾ മക്കളും അവകാശികളും.
        ---
(ഗലാത്യ 4:36). "നിങ്ങൾ മക്കൾ ആയിരിക്കകൊണ്ട് അബ്ബാ! (ആബോ) ഞങ്ങളുടെ പിതാവേ! എന്നു വിളിക്കുമാറ്  തന്റെ പുത്രന്റെ ആത്മാവിനെ ദൈവം  നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഇനിയും നിങ്ങൾ ദാസന്മാരല്ല; പുത്രന്മാരാകുന്നു" മേൽ വചനങ്ങൾ വിശുദ്ധ സഭയ്ക്ക് എന്നന്നത്തേക്കും ബാധകമാണ്. നാം സാധാരണക്കരല്ല. നമ്മുടെയുള്ളിൽ പരിശുദ്ധാത്മാവാണുള്ളത്. അത് ക്രിസ്തുവിന്റെ സഭയുടെ മാമോദീസാ ഏറ്റ് ക്രിസ്തുവിന്റെ രക്തത്താൽ (വിശുദ്ധ മൂറോനാൽ) മുദ്രയിടപ്പെട്ട് ലഭിച്ചിട്ടുള്ളതാണ്. മാമോദീസാ ക്രമത്തിന്റെ ആദ്യപടിയായി ശിശുവിന്റെ നെറ്റിയിൽ തൈലം തൊടാതെ മൂന്നു കുരിശടയാളങ്ങൾ വരയ്ക്കുന്നതുതന്നെ ഈ ശിശു ദൈവത്തിന്നായി വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അഭിഷേകത്താൽ പരിശുദ്ധാത്മാവിനെ  പ്രാപിക്കുന്നുവെന്ന് (1.യോഹ.2:20, 2:27) നാം വായിക്കുന്നു.
                    
മാമോദീസായുടെ പ്രാർത്ഥന ക്രമത്തിൽ ജീവന്റെ മുദ്ര പ്രാപിക്കുവാൻ അടുത്തു വന്നിരിക്കുന്ന ഇവനെ എന്നു ചൊല്ലുന്നു.  മുദ്ര ഉടമസ്ഥതയെ കാണിക്കുന്നു. (എഫെ.1:14) നാം ദൈവത്തിന്റെ വകയെന്നു കാണിക്കുവാൻ മുദ്രയേൽക്കുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 14.1) മുദ്ര സംരക്ഷണത്തെ കാണിക്കുന്നു. ഇപ്രകാരം, വലിയ പദവിയുള്ള നാം (നിങ്ങൾ) - ദേവാലയത്തിൽ വന്നു ചേർന്നവർ - നമ്മുടെ കണ്ണു കൊണ്ടു കാണാൻ പോകുന്നത് യേശായാ  ദീർഘദർശിക്ക് ദർശിക്കാൻ കഴിഞ്ഞ ഭാഗ്യമാണ്. "ബലവാനായ ദൈവമായ രാജാവിനെ എന്റെ കണ്ണുകൾ കണ്ടല്ലോ  എന്നു ഞാൻ പറഞ്ഞു. ആ സ്രോപ്പേന്മാരിൽ ഒരുവൻ എന്റെ അടുക്കലേക്കു പറന്നുവന്നു. അയാൾ ബലിപീഠത്തിൽ നിന്ന് തന്റെ കൈയിലെ കൊടിൽ കൊണ്ട് ഒരു തീക്കനലെടുത്ത്  അത് എന്റെ വായിൽ തൊടുവിച്ച് ഇത്  നിന്റെ അകൃത്യം നീക്കുവാനും, നിന്റെ പാപങ്ങൾക്കു പരിഹാരത്തിനുമായിട്ട്  നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ആ തന്റെ തിരുശരീരമാകുന്ന തീക്കട്ട അനുഭവിക്കുവാൻ വേണ്ടി വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ എന്നെല്ലാം മേൽ ഗീതത്തിലൂടെ സഭ നമ്മെ ഓർമ്മിപ്പിക്കുകയാണ്.  ചഞ്ചല മനസ്ക്കരായ ഗലാത്യരെപ്പോലെ  വിശ്വാസമല്ലാത്ത മറ്റൊരു വിശ്വാസത്തിലേക്ക് നാം മാറിപ്പോകരുത്. കുർബാനയിൽ സംബന്ധിക്കുന്ന  ദൈവത്തിന്റെ യഥാർത്ഥ മക്കളായ, സ്വർഗ്ഗരാജ്യത്തിന്റെ യഥാർത്ഥ അവകാശികളാകുവാൻ  അർഹതപ്പെട്ടവരായ സഭാമക്കൾ മറ്റുള്ളവരുടെ, അവർ ഏതു   തരക്കാരായിക്കൊള്ളട്ടെ, അത് ക്രിസ്തുവിന്റെ സഭയുടെ അംഗങ്ങൾ കേട്ടു ചഞ്ചല മനസ്ക്കരായി  വേദവിപരീതത്തിലേക്കു തിരിയുന്നത്  ശാപമായിത്തീരുമെന്നുള്ളതാണ് മേൽ ഗാനത്തിൽ കൂടെ ഓരോ കുർബ്ബാനാരംഭത്തിലും സഭ നമ്മെ ഓർമ്മിപ്പിക്കുന്നത്.

            (...... തുടരും)