FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 8

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
 

വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുന്ന നാം പരസ്യ ശുശ്രൂഷാരംഭത്തിൽ    പാടുന്ന ഗീതമാണല്ലോ പൗലോസ് ശ്ലീഹാ- ധന്യൻ ചൊൽ കേട്ടേനിതേ-വം നിങ്ങളെ ഞങ്ങളറീച്ചതൊഴി- ച്ചിങ്ങൊരുവൻ വന്നറിയിച്ചാൽ വാനവനെങ്കിലുമാ ദൂതൻ താനേൽക്കും സഭയിൻ- ശാപം...

 

അതായത്, പൗലോസ് ശ്ലീഹാ ധന്യൻ/ ചൊൽ/ കേട്ടേൻ/ ഇത്/ ഏവം/ നിങ്ങളെ/ഞങ്ങൾ അറിയിച്ചത്/ ഒഴിച്ച്‌/ (എതിരായി എന്നും പാടുന്നുണ്ട്) ഇങ്ങ്/ ഒരുവൻ/ വന്ന്/ അറിയിച്ചാൽ/ വാനവൻ/ എങ്കിലും/ ആദൂതൻ താൻ/ ഏൽക്കും/ സഭയിൻ ശാപം.
 
ധന്യനായ പൗലോസ് ശ്ലീഹായുടെ ചൊൽ (ആജ്ഞ, ഉപദേശം) ഇപ്രകാരം കേട്ടേൻ. നിങ്ങളെ ഞങ്ങൾ  അറിയിച്ചതൊഴിച്ച്‌ (എതിരായോ, അപ്പുറമായോ) ആരെങ്കിലും, അറിയിച്ചാൽ വാനവനാണെങ്കിലും ആ ദൂതൻ (സന്ദേശ വാഹകൻ) സഭയിൻ ശാപമേൽക്കും.

 

സഭ എന്താണെന്ന് ഒന്നാം മേല്പറഞ്ഞ വാക്യങ്ങളിലൂടെ വിശദമായി തെളിയിക്കപ്പെട്ടു. ക്രിസ്തു തന്നെയാണ് സഭയെന്നു നാം കണ്ടുകഴിഞ്ഞു. വീണ്ടും 
അപ്പൊ.പ്ര. 8:3-ൽ പൗലോസ് അപ്പോസ്തോലൻ ക്രിസ്തുവിനെ അറിയുന്നതിനു മുമ്പ് ശൗൽ  ആയിരുന്നപ്പോൾ നടന്ന ഒരു കാര്യം വിവരിക്കപ്പെട്ടിട്ടുണ്ട്. (അ.പ്ര 8:4). ശൗൽ  വീടുകളിൽ കടന്നു ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ച് കാരാഗൃഹത്തിൽ ഏല്പിച്ചുകൊണ്ട് ദൈവത്തിന്റെ സഭയെ  പീഡിപ്പിച്ചു കൊണ്ടിരുന്നു. തുടർന്ന്. അ.പ്ര 9:1-6. ശൗൽ അപ്പോഴും നമ്മുടെ കര്‍ത്താവിന്‍റെ ശിഷ്യന്മാര്‍ക്കെതിരേ അവരെ കൊന്നു കളയത്തക്കവണ്ണമുള്ള കോപവും ക്രോധവും നിറഞ്ഞവനായി, ഈ മാര്‍ഗ്ഗത്തില്‍ നടക്കുന്ന പുരുഷന്മാരെയൊ സ്ത്രീകളെയൊ കണ്ടെത്തിയാല്‍ അവരെ ബന്ധനസ്ഥരാക്കി യെറുശലേമിലേക്കു കൊണ്ടു വരുവാന്‍ തക്കവണ്ണം ദമസ്കോസിലെ സംഘങ്ങള്‍ക്ക് കൊടുപ്പാന്‍ മഹാപുരോഹിതനില്‍ നിന്നും അയാള്‍ എഴുത്തുകള്‍ ആവശ്യപ്പെട്ടു അയാള്‍ പൊയ്ക്കൊണ്ടിരിക്കെ ദമസ്കോസിന് അടുത്തെത്താറായി. അപ്പോള്‍ പെട്ടെന്ന് ആകാശത്തു നിന്ന് ഒരു പ്രകാശം അയാളുടെ മേല്‍ ശോഭിച്ചു. 


അയാള്‍ നിലത്തു വീണു പോയി. "ശൗലേ, ശൗലേ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്? മുള്ളുകളോട് ഉതയ്ക്കുന്നത് നിനക്ക് അസാദ്ധ്യമാകുന്നു എന്ന് തന്നോട് പറയുന്ന ഒരു ശബ്ദം അയാള്‍ കേട്ടു. അയാള്‍ ഉത്തരമായിട്ട് നാഥാ! അങ്ങ് ആരാകുന്നു? എന്ന് ചോദിച്ചു. നമ്മുടെ കര്‍ത്താവ് അവനോട്: "നീ ആരെ പീഡിപ്പിക്കുന്നുവോ; ആ നസ്രയനായ യേശുവാകുന്നു ഞാന്‍". എന്നാല്‍ നീ എഴുന്നേറ്റ് പട്ടണത്തില്‍ പ്രവേശിക്കുക. നീ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവിടെ വച്ച് നിന്നോട് പറയപ്പെടും എന്ന് പറഞ്ഞു. "


മേൽ വാക്യങ്ങളിൽ "ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ  പീഡിപ്പിക്കുന്നത്?" എന്ന യേശുവിന്റെ  ശബ്ദം ശൗൽ കേൾക്കുന്നു. നോക്കുക  ശൗൽ എവിടെയും യേശുവിനെ  പീഡിപ്പിച്ചതായി നാം വായിക്കുന്നില്ല. പ്രത്യേകിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിനെ പീഡിപ്പിക്കുക അസാദ്ധ്യമാണ്. അപ്പോൾ പിന്നെ യേശു   ശൗലിനാൽ എങ്ങനെ പീഡിപ്പിക്കപ്പെട്ടു. ? എപ്പോൾ? തന്റെ സഭയെ പണിയുവാൻ ആരെ കർത്താവ് എപ്രകാരം  അധികാരപ്പെടുത്തിയോ, (വി.മത്തായി. 10:1-15/ ലൂക്കോ. 10:1-12/ യോഹ. 20:21/ അ.പ്ര.20/ 1.പത്രോസ് 5/ ലൂക്കോ 6:13/ വി.മത്തായി. 28:18-19) ആ തന്റെ ശിഷ്യന്മാർ, തന്റെ സഭയിലേക്ക് മാമോദീസാ ഏറ്റു വന്നവർ, എന്നിവരെയാണ് ശൗൽ പീഡിപ്പിച്ചപ്പത്. എന്നാൽ പീഡയേറ്റതോ
ക്രിസ്തുയേശുവിന്. എന്തുകൊണ്ട്? സഭ ക്രിസ്തുവിന്റെ ശരീരമായതുകൊണ്ടും, സഭയുടെ ശിരസ്സ് ക്രിസ്തുവായതുകൊണ്ടുംവ(എഫേ 1:22, 5:23) തന്റെ സഭയുടെ മാമോദീസാ ഏറ്റ ജീവിച്ചിരിക്കുന്നവരും, വാങ്ങിപ്പോയവരും, ഉൾക്കൊള്ളുന്ന കൂട്ടമാണ് സഭയെന്നതുകൊണ്ടും അതിലെ അംഗങ്ങളെ പീഡിപ്പിച്ചാൽ പീഡയേൽക്കുന്നതു ക്രിസ്തുവിനാണ്. 

 

സഭയുടെ അംഗങ്ങൾ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളാണ്. തന്നോടു കൂടെ ഏക ആത്മാവായിത്തീരുന്നു.
(1.കൊരി.6:15-17) "നിങ്ങളുടെ ശരീരങ്ങള്‍ മ്ശീഹായുടെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലയോ?" നമ്മുടെ കര്‍ത്താവിനോട് ചേരുന്നവനാകട്ടെ തന്നോടുകൂടെ ഏക ആത്മാവായിത്തീരുന്നു. സഭയുടെ മാമോദീസാ ഏറ്റവർ കർത്താവിന്റെ തിരുശരീരത്തിന്റെ അവയവങ്ങളായിത്തീർന്നതിനാൽ വിശുദ്ധരാണ്. വാങ്ങിപ്പോയ ശേഷം അവർ കർത്താവിനോടു ചേർന്ന് ഏക ആത്മാവായിത്തീരും. ഈ പദവി സഭയുടെ മാമോദീസാ ഏറ്റ ഓരോ അംഗങ്ങൾക്കും ലഭിച്ചിരിക്കുന്ന മഹാഭാഗ്യമാണ്. അങ്ങനെയുള്ളവരെ പീഡിപ്പിച്ചാൽ നൊമ്പരപ്പെടുന്നത്, പീഡയേൽക്കുന്നതു ക്രിസ്തുവിനാണ്.
പരിശുദ്ധ അന്ത്യോഖ്യാ സഭ പീഡിപ്പിക്കപ്പെട്ടപ്പോഴൊക്കെ, പീഡിപ്പിക്കപ്പെടുമ്പോഴൊക്കെ, അത് വിദേശത്തായാലും, സ്വദേശത്തായാലും പീഡനമേറ്റത്, ഏറ്റുകൊണ്ടിരിക്കുന്നത്    ക്രിസ്തുവിനാണെന്നാണ് മേൽ വാക്യങ്ങൾ വെളിപ്പെടുത്തുന്നത്. ഈ  സുപ്രധാന വെളിപ്പെടുത്തലിലൂടെ നാം വീണ്ടും മനസ്സിലാക്കുന്നത്, സഭയും ക്രിസ്തുവും ഒന്നാകുന്നു എന്നതാണ്. 


സഭയ്ക്കെതിരെ വ്യവഹാരപ്പെടുകയും, സഭയുടെ ദേവാലയങ്ങളിൽ; കലാപമുണ്ടാക്കുകയും, ദേവാലയങ്ങൾ പിടിച്ചടക്കി, ദിവ്യബലി ഉൾപ്പെടെയുള്ള വിശുദ്ധ കൂദാശകൾ സഭയുടെ  അംഗങ്ങൾക്കു നിഷേധിക്കുന്നതും, തടസ്സപ്പെടുത്തുന്നതും, വ്യവഹാരത്തിൽക്കൂടെ ഭീഷണിയിൽക്കൂടെ, സ്വാധീനത്തിൽക്കൂടെ തങ്ങൾക്ക് നിത്യജീവൻ പ്രാപിക്കുവാൻ ക്രിസ്തുവിൽ നിന്നു നേരിട്ടും ശ്ലീഹന്മാർ വഴിയും അന്ത്യോഖ്യൻ പിതാക്കന്മാർ പാലിച്ച് ഏല്പിച്ചു തന്ന കൂദാശകളുൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ തടയുന്നതും, വേദവിപരീതികളുടെ കർമ്മങ്ങൾ അടിച്ചേല്പിച്ച് നിർബ്ബന്ധിത വിശ്വാസ പരിവർത്തനം നടത്തുവാൻ ശ്രമിക്കുന്നതും. മൃതന്മാരുടെ ശരീരം സംസ്ക്കരിക്കുന്നത് തടയുന്നതും, അവർ ക്രൂരമായി മർദ്ദിക്കപ്പെടുന്നതും സഭാമക്കളെ സ്വാർത്ഥ ലാഭത്തിനുവേണ്ടി, ദ്രവ്യത്തിനോ, ജഡീകമായ നശ്വരമായ നേട്ടങ്ങൾക്കു വേണ്ടിയോ ചഞ്ചല മനസ്ക്കരാക്കി വിശ്വാസമല്ലാത്ത വിശ്വാസത്തിലേക്ക് മാറ്റുവാനായി, പുതിയതായ വിശ്വാസങ്ങളും, രീതികളും പഠിപ്പിക്കുന്ന വേദവിപരീതികൾ  ചെയ്തുകൊണ്ടിരിക്കുന്നതും, അതുവഴി  നൂതനമായ അബദ്ധ വിശ്വാസം അടിച്ചേല്പിക്കാമെന്ന് വ്യാമോഹിക്കുന്നവരോടും, അതിൽ പരോക്ഷമായോ പ്രത്യക്ഷമായോ ചേർന്ന്  പ്രവർത്തിക്കുന്ന സഭയ്ക്കുള്ളിലുള്ളവരുൾപ്പെടെയുള്ള  എല്ലാവരോടും ക്രിസ്തു ഇന്നും ചോദിക്കുന്നു. 

"നീ എന്തിനാണ് എന്നെ (സഭയെ) പീഡിപ്പിക്കുന്നത് എന്ന്?

(ശൗൽ എന്ന വിശുദ്ധ പൗലോസ് അപ്പോസ്തോലൻ ഉൾപ്പെടെയുള്ള  ശ്ലീഹന്മാരാൽ നട്ടു നനച്ചു വളർത്തിയ അതേ കാതോലികവും, ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയാണ് അന്നും ഇന്നും അവിടെയും, ഇവിടെയും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്)

വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്ന സഭയിൻ ശാപം എന്നത് (ക്രിസ്തുവും സഭയും ഒന്നാകയാൽ) ദൈവത്തിന്റെ ശാപമാകുമെന്നല്ലേ അർത്ഥമാക്കുന്നത്? 
          
നമ്മൾ ആലപിക്കുന്ന ഈ ഗാനം പരിശുദ്ധ അന്ത്യോഖ്യാസഭയുടെ ഭാഗമായിരുന്നതും, ആർക്കാണോ വിശുദ്ധ മാമോദീസാ നൽകുവാൻ പരിശുദ്ധാത്മാവ് വഴി പൗരോഹിത്യം ലഭിച്ചത് (കശ്ശീശന്മാരായി വാഴിക്കപ്പെട്ടത്) അവരാൽ മാമോദീസാ ഏറ്റ് സഭയോടു ചേർന്ന ഗലാത്യയിലെ സഭാംഗങ്ങൾക്ക് പൗലോസ് ശ്ലീഹാ എഴുതി  അറിയിക്കുന്ന ഭാഗമാണ്. (ഗലാത്യ.1:6). 
തന്റെ കൃപ മൂലം നിങ്ങളെ വിളിച്ച യേശുമ്ശിഹായിൽനിന്നും, ഇത്രവേഗം സുവിശേഷമല്ലാത്ത മറ്റൊരു സുവിശേഷത്തിലേക്ക് നിങ്ങൾ പിന്മാറുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. നിങ്ങളെ ചഞ്ചല മനസ്കരാക്കുകയും, മ്ശിഹായുടെ സുവിശേഷത്തെ വ്യത്യാസപ്പെടുത്തുവാ നാഗ്രഹിക്കുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാൽ ഞങ്ങൾ "നിങ്ങളെ അറിയിച്ചിട്ടുള്ളതിനപ്പുറമായി ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽനിന്നും മാലാഖയോ, നിങ്ങളോടറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവനീയിരിക്കും. മുമ്പ് ഞാൻ പറഞ്ഞതുപോലെ ഇപ്പോഴും പറയുന്നു: നിങ്ങൾ സ്വീകരിച്ചതല്ലാതെ ആരെങ്കിലും നിങ്ങളോടറിയിച്ചാൽ അവൻ ശപ്തനായിരിക്കട്ടെ".
        
ക്രിസ്തുവിന്റെ സഭയുടെ മാമോദീസാ ഏറ്റ് ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളായവരെ അവർ പാലിച്ചു വരുന്ന വിശ്വാസ സത്യങ്ങൾക്കെതിരെ  ഏതെങ്കിലും ജഡീക നേട്ടങ്ങൾ വേണ്ടി ദൈവ വചനങ്ങളെ ദുർവ്യാഖ്യാനം ചെയത് സഭാംഗങ്ങളെ ചഞ്ചലപ്പെടുത്തുന്നവർക്കാണ്  "താനേൽക്കും സഭയിൻ ശാപം" എന്ന പ്രതിഫലം ലഭിക്കുക.   
         
മേൽ വാക്യത്തിൽ എഴുതപ്പെട്ടിരിക്കുന്ന.

1. നിങ്ങൾ ആരാണ്?
2. മ്ശിഹായുടെ സുവിശേഷത്തെ വ്യത്യാസപ്പെടുത്തുന്നവർ എത്തരക്കാർ?
3. ഞങ്ങൾ ആരൊക്കെ?
4. ഞങ്ങൾ എന്താണ് അറിയിച്ചത്?
5. ആരൊക്കെ ശപിക്കപ്പെട്ടവരാകും?

           (.......തുടരും.)