FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 7

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)



കാതോലികം, ശ്ലൈഹികം, ഏകം, വിശുദ്ധം എന്ന നാലുലക്ഷണങ്ങളുള്ള സഭയിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്ന  നമ്മുടെ വിശ്വാസത്തിൻ്റെ പ്രമാണം  ദൈവ മുൻപാകെ  ഓരോ  സഭാംഗങ്ങളും ഏറ്റു പറഞ്ഞു പ്രതിജ്ഞയെടുക്കുന്നു. നമ്മുടെ പൂർവ്വികർ ആ പ്രതിജ്ഞ ചെയ്തു വന്നിരുന്നു. നമ്മുടെ ഓരോരുത്തരുടയും ജീവിതത്തിൽ നാമും എത്രയോ തവണ ആ പ്രതിജ്ഞ ദൈവമുമ്പാകെ എടുത്തു വരുന്നവരാണ്. ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബ്ബാനയിലും, യാമപ്രാർത്ഥനകളിലുൾപ്പെടെ മാത്രമല്ല നമ്മുടെ ഭവനങ്ങളിലും ദൈവമുമ്പാകെയാണ് തലമുറ തലമുറയായി  നാം ആ സത്യ പ്രതിജ്ഞ ചെയ്തു വരുന്നത്.  ജീവൻ വെടിയേണ്ടി വന്നാലും ഒരു കാലത്തും  സത്യവിശ്വാസത്തിൻ്റെ  പ്രമാണം ലംഘിക്കുവാൻ നമുക്കവകാശമില്ല.  വേദവിപരീതികൾ സഭയുടെ സത്യവിശ്വാസത്തിനെതിരെ പൊരുതിയപ്പോൾ നമ്മുടെ സഭാ പിതാക്കന്മാർ അതു ശപിച്ചു തള്ളി. മാത്രമല്ല AD 325 ൽ  നിഖ്യാ സുന്നഹദോസിൽ കൂടെ പരിശുദ്ധാത്മ വെളിപ്പെടുത്തലാലാണ്
 നമ്മുടെ വിശ്വാസത്തിന്റെ പ്രമാണം  നമുക്ക്  ലഭിച്ചത് എന്നതിന് ഏറെ പ്രാധാന്യമുണ്ട്. അതിനാൽ ദൈവമുമ്പാകെ നമ്മുടെ പൂർവ്വികൻമാരുടെ കാലം മുതൽ ഇന്നോളം ത്രിയേക ദൈവത്തിലും, വി. സഭയിലുമുള്ള അചഞ്ചലമായ വിശ്വാസം നാം. ഏറ്റുപറഞ്ഞു വരുന്നു. ദൈവമുമ്പാകെ നാം എടുത്തു വരുന്ന ഈ പ്രതിജ്ഞ ലംച്ചിക്കുന്നത് കൊടിയ പാപമായിത്തീരുന്നതാണ്. നമ്മുടെ വിശ്വാസപ്രമാണത്തിൽ നാം വിശ്വസിക്കുന്നതായി ഏറ്റുപറയുന്നത് 4 കാര്യങ്ങളാണ്.
1. പിതാവായ ദൈവം ആരാകുന്നുവെന്നും ആ ദൈവത്തിൽ നാം വിശ്വസിക്കുന്നുവെന്നും ഏറ്റുപറയുന്നു.

2. യേശു മ്ശിഹായായ ഏക കർത്താവ് ആരെന്നു പറഞ്ഞ് യേശുമ്ശിഹായിലുള്ള വിശ്വാസം നാം ഏറ്റുപറയുന്നു.

3. പരിശുദ്ധ റൂഹാ ആരെന്നു പറഞ്ഞ് പരിശുദ്ധ റൂഹായിലുള്ള വിശ്വാസം നാം ഏറ്റുപറയുന്നു. 

4. കാതോലികവും, ശ്ലൈഹികവുമായ ഏക സഭയിലുള്ള അചഞ്ചലമായ വിശ്വാസവും, പ്രത്യാശയും നാം ഏറ്റുപറയുന്നു. നമ്മുടെ പൂർവ്വികൻമാർ ഒന്നാം നൂറ്റാണ്ടു മുതൽ ആ ഏക വിശ്വാസത്തിൽ നിന്നും പതറാതെ ആ വിശ്വാസ പ്രതിജ്ഞ പാലിച്ച് അതിനു വേണ്ടി കഷ്ടതകളും, പീഡകളും സഹിച്ച് ജീവൻ നൽകി നമ്മെ ആ വിശ്വാസത്തിൽ വളർത്തിയവരാണ്. ആ വിശ്വാസത്തിൽ ജീവിച്ചു വാങ്ങിപ്പോയ ആ വിശുദ്ധർ കാണിച്ചു തന്ന വഴിയെ നാമും യാത്ര ചെയ്താൽ അവർ എത്തിയിടത്തു നാമും എത്തിച്ചേരുമെന്നുള്ളത് സത്യമായ വസ്തുത മാത്രമാണ്. ക്രിസ്തു സ്ഥാപിച്ചസഭയുടെ, ലക്ഷണവും, ലക്ഷ്യവുമൊക്കെ നാം മനസ്സിലാക്കി. ഇനി അറിയേണ്ടത് ക്രിസ്തു സ്ഥാപിച്ച സഭ എതാണ് എന്നുള്ളതാണ്. കാരണം നമുക്കുചുറ്റും അനേക സഭകളും, സമൂഹങ്ങളുമുള്ളതിനാൽ നാം ചഞ്ചലമനസ്ക്കരാകാതെ വിശുദ്ധ വേദപുസ്തകത്തിലെ തിരുവചനങ്ങളെ അടിസ്ഥാനമാക്കി ഈ സത്യം നമുക്കു കണ്ടെത്താം. 

1. ഏതാണ് ക്രിസ്തു സ്ഥാപിച്ച സഭ?
2. ക്രിസ്തു സ്ഥാപിച്ച സഭയിൽ കൂടെ  മാത്രം ലഭിക്കപ്പെടുന്ന രക്ഷ എന്നാൽ എന്താണ്?
         
മേൽചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഒരു ഭാഗം മാത്രമാണ് മുൻ ക്ലാസുകളിൽ വിശദീകരിച്ചത്. ഇതേ സംബന്ധിച്ച് കുറേക്കൂടെ വ്യക്തത  വരുത്തുകയാണ് ഇനിയുള്ള ഭാഗങ്ങളിൽ.
        
ക്രിസ്തു സ്ഥാപിച്ച സഭ, അഥവാ ലോകത്ത് ആദ്യമായി വേദപുസ്തകത്തിന് മുമ്പുണ്ടായ  ക്രൈസ്തവ സഭ ഏതാണ്?
 
ഊഹാപോഹങ്ങൾ കൊണ്ടുള്ള മറുപടിയല്ല, വസ്തുനിഷ്ടമായി തെളിവുകളുടെ അടിസ്ഥാനത്തിലുള്ള  കണ്ടെത്തലാണ് നമുക്ക് അഭികാമ്യം.
ഇതിലേക്ക് സത്യവേദപുസ്തകം, (പരസ്പര വിരുദ്ധതയുള്ള    അനേകംബൈബിളുകൾ പ്രസിദ്ധീകരിച്ചു വരുന്നു.   Eg.Benjamin Baily'sBible, Good News Bible, King Jame Version, NAV, NASV, Interpreters Bible തുടങ്ങി നൂറു കണക്കിന്  പരസ്പര വ്യത്യാസമുള്ള ബൈബിളുകൾ ഇന്ന് ലഭ്യമാണ്. ഓരോ സഭകളും, സമൂഹങ്ങളും അവരവരുടെ വിശ്വാസം വരത്തക്ക രീതിയിലുള്ള   ബൈബിളുകൾ തിരഞ്ഞെടുക്കുന്നു. ആയതിനാൽ  കലർപ്പില്ലാത്ത   സത്യവേദപുസ്തകം ഏതെന്നു കണ്ടെത്തി അതിലെ   തിരുവചനങ്ങൾക്കു മാത്രമാണ്  പ്രസക്തി. വിശുദ്ധ വേദപുസ്തകത്തിന്റെ ചരിത്രം, പാരമ്പര്യം, ആത്മീയപരവും, ചരിത്രപരവുമായ ആധികാരികമായ രേഖകൾ എല്ലാം തെളിവായി സ്വീകരിക്കാവുന്നതാണ്.
         
ഏതു മതമായാലും, പ്രസ്ഥാനമായാലും, അത് ആരാൽ എന്ന് സ്ഥാപിക്കപ്പെട്ടുവോ, എവിടെ പ്രവർത്തിച്ചുവോ അവിടെനിന്നും ആണ്  അതിന്റെ ആരംഭം കുറിക്കപ്പെടുന്നത്. സ്വഛന്ദമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയുടെ പ്രഭാവം അതിന്റെ ഉത്ഭവസ്ഥാനത്തു നിന്നാരംഭിക്കുന്നതുപോലെ ക്രിസ്തീയ സഭയുടെ പ്രഭാവസ്ഥാനം, ആരംഭം, പ്രവർത്തനം എല്ലാം ക്രിസ്തു ജനിച്ചതും പ്രവർത്തിച്ചതുമായ  ബെത്‌ലഹേമിലും, നസ്രേത്തിലും, ജറുശലേമിലും, ഗലീലയിലും, കഫർന്നഹോമിലും, ബെഥേന്യയിലും, കേസരിയായിലും, യഹൂദിയായിലും, അതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിലുമായിരുന്നു.

സഭയുടെ ഉത്ഭവം ക്രിസ്തുവിൽ നിന്നുതന്നെയാണ്. "നീ പാറയാകുന്നു; ഈ പാറമേൽ എന്റെ സഭയെ പണിയും" എന്ന് ക്രിസ്തു ശീമോനോട് വാഗ്ദാനം ചെയ്തപ്പോൾ അത് സഭയെക്കുറിച്ചുള്ള  ആദ്യമായ പ്രഖ്യാപനമായി. ആ വാഗ്ദാനം ചെയ്ത സമയത്തു തന്നെ സഭക്കു ജീവനുണ്ടായി. കാരണം ദൈവത്തിൽ നിന്ന് പരിശുദ്ധാത്മാവു വഴിയായുള്ള വെളിപ്പാടാണ് അതിന്റെ ആധാരം. അതിന്റെ ഭരണം ക്രിസ്തു വിശുദ്ധ പത്രോസിനെ ഏല്പിച്ചു. (മത്തായി. 16:17)(യോഹ. 21:15). ക്രൈസ്തവ സഭയുടെ ആരംഭം ഇപ്രകാരം കുറിക്കപ്പെട്ടത്  കേസറിയാ പ്രദേശത്തു വച്ചായിരുന്നു.(മത്തായി 16:13) അവിടെ വച്ചു തന്നെ അതിന്റെ ഭരണം ക്രിസ്തു പത്രോസിനെ ഏല്പിക്കുന്നു. (വി.മത്തായി 16:17-19) വീണ്ടും ഉയിർപ്പിനു ശേഷം തീബേരിയോസ് കടൽക്കര വച്ചാണ് ക്രിസ്തു വീണ്ടും തന്റെ സഭയെ മേയിക്കുവാൻ പത്രോസിനെ മാത്രം  അധികാരപ്പെടുത്തുന്നതായി കാണപ്പെടുന്നത്. (വി.യോഹ 21:15). സെഹിയോൻ മാളികയിൽ വച്ച് പെന്തിക്കോസ്തിക്കു ശേഷം കർത്തൃകല്പന പ്രകാരം A.D.37-ൽ അന്ത്യോഖ്യയിൽ പത്രോസ് ശ്ലീഹാ സഭ സ്ഥാപിച്ചതായി അന്ത്യോഖ്യാ സഭയുടെ ചരിത്രത്തിലുണ്ട്. ഇടമുറിയാതെ ഇന്നോളം തുടർന്നു വരുന്ന ആ അപ്പോസ്തോലിക പിൻതുടർച്ചയും അതിന്റെ തെളിവാണ്. ലോകത്തെ ആദ്യത്തേ ക്രൈസ്തവ ദേവാലയം എന്നറിയപ്പെടുന്നതും, രഹസ്യങ്ങളുടെ മാളിക എന്നറിയപ്പെടുന്ന സെഹിയോൻ  മാളികയും അന്ത്യോഖ്യാ സഭയുടേതായി  അന്നു മുതൽ ഇന്നും നിലകൊള്ളുന്നു. പത്രോസ് ശ്ലീഹാ റോമിലേക്കു  പോകുന്നതിനു മുൻപ് വിശുദ്ധ ഏവോദ്യോസിനെയും, വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയെയും, തന്റെ പിൻഗാമികളായി  അന്ത്യോഖ്യയിൽ വാഴിച്ചാക്കി. അതിനു ശേഷം റോമിലേക്കു പോയതായും (A.D.68- ലും  AD.- 65ലും )വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹന്മാർ റോമിൽ രക്തസാക്ഷികളായിത്തീരുകയും ചെയ്തു. (Refer വി.ഗ്രന്ഥം റോമർ & 1- പത്രോസ് ആരംഭം. Page 228 &361. ) ഇതൊക്കെ അന്ത്യോഖ്യാ സഭയുടെ ആദ്യകാല ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആദിമ നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇതര ചരിത്ര രേഖകളിലും അതു തന്നെ കാണപ്പെടുന്നുണ്ട്.

പരിശുദ്ധ അന്ത്യോഖ്യാ  സഭയെക്കുറിച്ചുള്ള  മറ്റു തെളിവുകൾ.

ആദ്യമായി ക്രിസ്ത്യാനികൾ എന്ന പേര് ലഭിച്ചു.

1. അദ്ദേഹം (ബർണബാ) ശൌലിനെ അന്വേഷിച്ച് തർസീസിലേക്കു പോയി. അദ്ദേഹത്തെ കണ്ടെത്തി തന്നോടു കൂടെ അന്ത്യോഖ്യയിലേക്ക് കൊണ്ടുപോയി. അവർ ഒരാണ്ടു മുഴുവൻ സഭയിൽ ഒരുമിച്ചു കൂടുകയും വളരെയേറെ ജനത്തെ പഠിപ്പിക്കുകയും ചെയ്തു. അക്കാലം മുതൽ അന്ത്യോഖ്യായിൽ വച്ച്  ശിഷ്യന്മാർക്ക് ആദ്യമായി 'ക്രിസ്ത്യാനികൾ' എന്ന പേരുണ്ടായി.
 (അ.പ്ര.11:25-26).

അന്ത്യോഖ്യയിൽ വച്ച് ഭരമേല്പിച്ചു.
            
2. അവർ (വിശുദ്ധ പൗലോസ്, വിശുദ്ധ ബർന്നബാ) സമുദ്രയാത്ര ചെയ്ത്  അന്ത്യോഖ്യായിൽ വന്നു. എന്തെന്നാൽ അവർ നിർവഹിച്ച ഈ വേലയ്ക്കായി കർത്താവിന്റെ കൃപക്ക് അവർ ഭരമേല്പിക്കപ്പെട്ടത് ഇവിടെ (അന്ത്യോഖ്യയിൽ) നിന്നും ആയിരുന്നല്ലോ? (അ.പ്ര.14:25)
മേല്പറഞ്ഞിരിക്കുന്ന കർത്താവിന്റെ കൃപ ലഭിക്കത്തക്ക വണ്ണം അവർ ചെയ്ത  വേല എന്തായിരുന്നുവെന്നു നോക്കുക.

3. അവർ ഉപവസിച്ചും, അവരോടുകൂടെ  പ്രാർത്ഥിച്ചുംകൊണ്ട് ഓരോ സഭയിലും   കശീശന്മാരെ നിയമിച്ചു. അവർ എല്ലാവരും ഒരേ വിശ്വാസത്തിൽ ഒരേ സഭയ്ക്കുവേണ്ടി പ്രവർത്തിച്ചു. 
(കർത്താവിന്റെ സഭ ഏകമായതു കൊണ്ട്, അതിന് ഏക വിശ്വാസമേ   ഉണ്ടായിരുന്നുള്ളൂ. എന്നാൽ സഭയിൽ സ്വാർത്ഥതയും, വേദവിപരീതവുമുണ്ടാകുമ്പോഴാണ് പല വിശ്വാസങ്ങളും, ആചാരങ്ങളും, അനേക സഭകളുമുണ്ടാകുന്നത്).
       
അവിടെയെല്ലാം അവർ പരിശുദ്ധാത്മ നിയോഗ പ്രകാരം കശീശന്മാരെ നിയമിച്ചു. (അ.പ്ര.14:22).            
             
സഭയുടെ പൗരോഹിത്യത്തിന്റെ ആരംഭം നാം ഇവിടെ കാണുകയാണ്. പൗരോഹിത്യത്തിന്റെ ആരംഭത്തേക്കുറിച്ചും
സഭയെക്കുറിച്ചുമുള്ള കൂടുതൽ തെളിവുകൾ  വേദപുസ്തകാടിസ്ഥാനത്തിൽ തുടരുന്നതാണ്.