FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 6

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


 


വി.സഭയുടെ ഉദ്ദേശമെന്താണ്?  നാലുകാര്യങ്ങളാണ്.

1. ദൈവാരാധന.
2. സുവിശേഷ പ്രഘോഷണം. 
3. വിശ്വാസം പഠിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക. 
4. കൃപാ മാർഗ്ഗങ്ങളായ കൂദാശകൾ  അനുഷ്ഠിക്കുക. (Liturgical, Missionary, Doctrinal, Pastoral).

            
2004-ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ തിരുമനസുകൊണ്ട് പുത്തൻകുരിശു  പാത്രിയർക്കാ സെന്ററിൽ വച്ച്‌ സഭയുടെ വിശ്വാസപരമായ കാര്യങ്ങളെ സംബന്ധിച്ചു നടത്തിയ ഒരു ക്ലാസിൽ ഇപ്രകാരം കല്പിച്ചു. "തന്റെ പാപത്തിനും മറ്റുള്ളവരുടെ പാപപരിഹാരത്തിനുമായി ദൈവ മുൻപാകെ ബലിയർപ്പിക്കുക  എന്നതാണ് ക്ലെർജിയുടെ (clergy ) പ്രധാനചുമതലയെങ്കിൽ ലെയ്റ്റിയായ (laity) സഭാമക്കളായ നിങ്ങൾക്കും ക്രിസ്തുവിന്റെ ശരീരവും, മണവാട്ടിയുമാകുന്ന സഭയെക്കുറിച്ച് ഉത്തരവാദിത്വമുണ്ട്. ഇല്ലെങ്കിൽ അന്ത്യനാളിൽ "നീ എന്റെ സഭയ്ക്കു വേണ്ടി  എന്തു ചെയ്തു?" എന്ന ചോദ്യത്തിനു നിങ്ങൾ ഉത്തരം പറയേണ്ടി വരും" എന്ന്. ആകയാൽ സഭയുടെ ലക്ഷ്യങ്ങൾ  നിറവേറ്റുവാൻ വേണ്ടി ജീവിക്കുന്നതിനു പകരം  ആ സത്യവിശ്വാസം ഉപേക്ഷിക്കുകയും, എന്തെങ്കിലും, ജഡീക നേട്ടങ്ങൾക്കുവേണ്ടിയോ, അജ്ഞത വഴിയോ, വേദവിപരീതകളുടെ കൂടെയോ അത്തരം സഭയിലേക്കോ പ്രസ്താനങ്ങളിലേക്കോ സഭാമക്കൾ ചെന്നുചേർന്നാൽ അവർ ആ പ്രവൃത്തികൊണ്ടുതന്നെ ദൈവത്തേ നിരസിക്കുകയാകും ചെയ്യുന്നത്. 

(1.തെസ്സ.3:7). എന്തെന്നാൽ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് അശുദ്ധിക്കല്ല. വിശുദ്ധിക്കത്രെ. ആകയാൽ നിരസിക്കുന്നവൻ മനുഷ്യനെയല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തന്നവനായ ദൈവത്തെയത്രെ നിരസിക്കുന്നത്.
             
നമ്മളിൽ ഓരോരുത്തരും വിശുദ്ധ മാമോദീസായാൽ ക്രിസ്തുവിന്റെ രക്തമുള്ള വിശുദ്ധ മൂറോനാൽ മുദ്രയിടപ്പെട്ടവരും പരിശുദ്ധാത്മാവിനെ ലഭിച്ചവരുമാണ്. പരിശുദ്ധാത്മ മുദ്രകുത്തപ്പെട്ട നാം ക്രിസ്തുവിന്റെ മണവാട്ടിയാണ്. ഈ മണവാട്ടിയാകുന്ന തന്റെ സഭയെ തന്റെ രക്തം  മറുവിലയായി നൽകി ക്രിസ്തു വിലയ്ക്കു വാങ്ങി, വിശുദ്ധീകരിച്ചു. ക്രിസ്തുവാകട്ടെ  "ഞാൻ വേഗം വരും" എന്ന വാഗ്ദത്തം നൽകി മണവാട്ടിക്കു തന്റെ പിതാവിന്റ സ്ഥലത്തു വാസസ്ഥലം ഒരുക്കുവാൻ പോയിരിക്കുകയാണ്. അതിനാൽ ഒരു മണവാട്ടി അതിവിശുദ്ധിയോടെ എപ്രകാരം തന്റെ മണവാളനെ കാത്തിരിക്കുന്നുവോ, അപ്രകാരംതന്നെ സഭയാകുന്ന മണവാട്ടിയാകുന്ന നാം കളങ്കപ്പെടാതെ (വേദവിപരീതികളുടെ ദേവാലയങ്ങളിലോ, വഴികളിലോ, ഉപദേശങ്ങളിലോ പെട്ട് വിശുദ്ധി നഷ്ടപ്പെടുത്തി കളങ്കിതയാകാതെ) മണവാളനെ എതിരേൽക്കാൻ ഒരുങ്ങിയിരിക്കേണ്ടതാണ്. ക്രിസ്തുതന്റെ മണവാട്ടിയെ നിർമ്മലയും, കറയില്ലാതെ വിശുദ്ധിയോടെ നിർത്തുവാൻ താൻ തന്നെ സഭയിൽ വിശുദ്ധ കൂദാശകൾ സ്ഥാപിച്ചത് അതിനു വേണ്ടിയാണ്. അതിനാൽ നാം എപ്പോഴും ആത്മവിശുദ്ധിയോടെ പ്രത്യാശയോടെ ഇരിക്കേണ്ടതാണ്. ഈ അറിവും, ധാരണയോടും കൂടി വേണം നമ്മുടെ യാത്ര നാം തുടരേണ്ടത്. നോഹയുടെ കാലത്ത് എല്ലാവരും ജലപ്രളയത്താൽ നശിച്ചു പോയിട്ടും ദൈവം തിരഞ്ഞെടുത്ത നോഹിന്റെ കുടുംബത്തിന് ദൈവത്തിന്റെ അളവുകോൽ കൊണ്ട് ദൈവത്തിന്റെ പദ്ധതിപ്രകാരം പണിയപ്പെട്ട പെട്ടകം രക്ഷാസങ്കേതമായിരുന്നതുപോലെ, പുതിയ നിയമകാലത്ത് പാപത്തിന്റെ കയത്തിൽ മുങ്ങിത്താഴുന്നവർക്ക്, ദൈവം തന്റെ രക്തവും, ജീവനും മറുവില നൽകി തന്റെ പീഡാനുഭവത്താലും, ബലിയാലും താൻ തന്നെ നിർമ്മിച്ച രക്ഷാ സങ്കേതമാണ് തന്റെ സഭയെന്ന പെട്ടകം. ആ പെട്ടകത്തിലുള്ളവർക്കുള്ള രക്ഷാമാർഗ്ഗങ്ങളാണ് ക്രിസ്തു തന്നെ സ്ഥാപിച്ചതും, പഠിപ്പിച്ചതുമായ തന്റെ സഭയുടെ വിശുദ്ധ കൂദാശകൾ. ഈ ചിന്ത നമ്മേ എപ്പോഴും ഭരിക്കേണ്ടതും, വിശുദ്ധ കൂദാശകളാൽ നാം നമ്മുടെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതുമാണ്. നോഹയുടെ കാലത്ത് ആരും പ്രതീക്ഷിക്കാത്ത സമയത്ത് ജലപ്രളയമുണ്ടായതുപോലെ നമ്മുടെ കർത്താവ് ആരും നിനച്ചിരിക്കാത്ത സമയത്ത് തന്റെ മണവാട്ടിയെ കൂട്ടിക്കൊണ്ടുപോകുവാൻ തന്റെ വാഗ്ദത്ത പ്രകാരം വരുമെന്നുള്ളത് ഉറപ്പാണ്. മണവാട്ടിയാകുന്ന തന്റെ സഭയെ തന്നോട് ചേർത്ത് തന്റെ പിതാവിന്റെ വലതു ഭാഗത്തിരുത്തുകയും ചെയ്യുമെന്നുള്ളത് ദൈവ വചനമാണ്. (എഫേ.1:21-23) "എല്ലാ അര്‍ക്കാവോസര്‍ക്കും, ശുല്‍തോനെന്മാര്‍ക്കും ഹൈലെന്മാര്‍ക്കും മോറാവോസോകള്‍ക്കും മേലായും, ഈ ലോകത്തില്‍ മാത്രമല്ല, വരുവാനിരിക്കുന്നതിലും പേര്‍ പറയപ്പെടുന്ന സകല നാമങ്ങള്‍ക്കും മേലായും സ്വര്‍ഗ്ഗത്തില്‍ തന്‍റെ വലതു ഭാഗത്ത് തന്നെ ഇരുത്തുകയും, സര്‍വ്വവും തന്‍റെ കാല്‍കീഴാക്കുകയും, സകലത്തിന്മേലും ഉപരിയായിരിക്കുന്നവനായ തന്നെ സഭയ്ക്കു തലയായി നല്‍കുകയും, ചെയ്തു. (സഭയാകട്ടെ) തന്‍റെശരീരവും,എല്ലാറ്റിലും എല്ലാറ്റിനെയും പൂര്‍ത്തീകരിക്കുന്നവന്‍റെ പൂര്‍ണ്ണതയുമാകുന്നു."
       
ആകയാൽ ദൈവത്തിന്റെ സഭയുടെ   മാമോദീസാ ഏറ്റഓരോരുവനിലും വസിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാകയാൽ നമ്മുടെ ശരീരമാകുന്ന ദൈവത്തിന്റെ ആലയം പാപത്താൽ അശുദ്ധമാക്കാൻ നമുക്കാവില്ല. അത് ആത്മമരണത്തിനിടയാക്കും. സഭയുടെ കൂദാശകളാൽ ശുദ്ധീകരിക്കപ്പെടുന്ന നാം വിശുദ്ധരാകുന്നു. ഈ കാരണം കൊണ്ടാണ് ദൈവത്തിന്റെ സഭയിൽ നിന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും മുടക്കപ്പെട്ടു വേർപെട്ടു നിന്നുകൊണ്ട് സഭക്കെതിരെ പോരാടുന്നവരെ നമ്മൾ സാത്താനെയും, അവന്റെ കൂട്ടാളികളെയും, പോലെ കാണുന്നത്. അങ്ങനെ വേർപെട്ടുപോയവർ സഭയുടെ ലക്ഷ്യങ്ങളായ ദൈവാരാധന, കൂദാശകളുടെ ആചരണം, ഇവയൊക്കെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടി വി.സഭയുടെ ദൈവാലയങ്ങളിൽ തർക്കമുണ്ടാക്കി പിടിച്ചടക്കിയും, മറ്റും സഭയുടെ ലക്ഷ്യങ്ങൾക്കു വിഘ്നം വരുത്തുമ്പോൾ  അതു വലിയ പാപമായിത്തീരുന്നു. നൽകപ്പെട്ട നൽവരങ്ങൾ ഉപേക്ഷിച്ചു പോയ(പോകുന്ന)വരെക്കുറിച്ച് പറയുന്നത്:" നായ ഛർദ്ദിയിലേക്കും, കുളിച്ച പന്നി ചെളിയിലേക്കും തിരിയന്നതു പോലെയുമാണെന്നാണ്."

1. എല്ലാ സൃഷ്ടിയും ദൈവത്തെ ആരാധിക്കേണ്ടിയിരിക്കുന്നു. സമൂഹമായും മനുഷ്യൻ ദൈവത്തെ ആരാധിക്കേണ്ടതാകുന്നു. സമൂഹാരാധനയുടെ പൂർണ്ണത വി. കുർബ്ബാനയിലാണ്. സഭയുടെ ഒന്നാമത്തെ ചുമതല സർവ്വരേയും സത്യമായ ദൈവാരാധനയിലേക്ക് വരുത്തുകയാണ്. (വെളി. 4:10).

2. ദൈവത്തെ അറിഞ്ഞു വേണം ആരാധിക്കുവാൻ. അതിനാൽ സഭയുടെ രണ്ടാമത്തെ കർത്തവ്യം നമ്മുടെ കർത്താവിന്റെ കല്പനയനുസരിച്ച് സർവ്വർക്കും വേണ്ടി സുവിശേഷം പ്രഘോഷിക്കുക എന്നതാണ്.  (മത്താ.28:19, ലൂക്കോ 24:47, അ.പ്ര 1: 8).

3. സുവിശേഷം സ്വീകരിച്ച വ്യക്തി എന്തെല്ലാം ചെയ്യണം എന്ന് അവനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.എന്ത് ഉപേക്ഷിക്കണം, എന്ത് വിശ്വസിക്കണം, എന്തുചെയ്യണം, എന്നിവ അവനെ ഗ്രഹിപ്പിക്കേണ്ടിയിരിക്കുന്നു. ആകയാൽ സഭയുടെ മൂന്നാമത്തെ ചുമതല വിശ്വാസപരമായ കാര്യങ്ങൾ പഠിപ്പിക്കുകയും, അവ വേദവിപരീതികളാൽ നശിപ്പിക്കപ്പെടാത സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ്.

4. സുവിശേഷം സ്വീകരിച്ച്, വിശ്വാസം പഠിച്ചു വരുന്നവർക്ക് കൃപ ആവശ്യമത്രേ. കൃപ വിശുദ്ധ കൂദാശകൾ വഴി ലഭിക്കുന്നതിനാൽ കൃപാ മാർഗ്ഗങ്ങളായ  കൂദാശകൾ അനുഷ്ഠിക്കുക എന്നതാണ്  സഭയുടെ നാലാമത്തെ ഉദ്ദേശം.
           
          (തുടരും)