FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 5

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


 

4.സഭ വിശുദ്ധമാകുന്നു.
    
വിശുദ്ധ സഭയുടെ നാലാമത്തെ ലക്ഷണം മ്ശിഹാ സ്ഥാപിച്ച തന്റെ സഭ വിശുദ്ധമാകുന്നു എന്നതാണ്. താൻ എങ്ങനെയോ, അതേ പോലെതന്നെ   തന്റെ  സഭ . (ക്രിസ്തുവിന്റെ ശരീരം തന്നെയാണ് തന്റെ സഭയെന്ന് മേൽവചനങ്ങളാൽ നാം കണ്ടു) ക്രിസ്തു  തന്റെ സഭയെ ജല സ്നാനത്താലും, വചനത്താലും വെടിപ്പാക്കി  വിശുദ്ധീകരിക്കേണ്ടതിന്നും കറ, അശുദ്ധി, മുതലായവ ഒന്നുമില്ലാതെ സഭയാകുന്ന തന്റെ മണവാട്ടിയെ നിഷ്ക്കളങ്കയാക്കിത്തീർത്ത് തനിക്കു തന്നെ തേജസ്സോടെ നിർത്തേണ്ട തിന്നും അതിനു (സഭയ്ക്ക്) വേണ്ടി തന്നെത്തന്നെ ഏല്പിച്ചുകൊടുത്തു. (എഫേ. 5:26-27). സഭയെ വെള്ളം കൊണ്ടുള്ള കഴുകലാലും വചനത്താലും വിശുദ്ധീകരിച്ചു വെടിപ്പാക്കുവാനും, കറയോ അശുദ്ധിയോ, അവയോട് തുല്യമായ മറ്റെന്തെങ്കിലുമോ ഇല്ലാതെ, പരിശുദ്ധയും മാലിന്യമില്ലാത്തതുമായി മഹത്വമുള്ളവളായി തനിക്ക് സഭയായി നിര്‍ത്തേണ്ടതിനുമായി, അതിനുവേണ്ടി തന്നെത്തന്നെ ഏല്പിച്ചു കൊടുത്തുവല്ലോ.

മ്ശിഹാ പറഞ്ഞിട്ടുള്ളവയെ ശിഷ്യന്മാരെ  ഓർമ്മപ്പെടുത്തുവാനും അവരെ സർവ്വ സത്യത്തിലും വഴിനടത്തുവാനുമായി (യോഹ16:13) പെന്തിക്കോസ്തി ദിവസം   വിശുദ്ധ റൂഹായെ താൻ അവർക്ക് അയച്ചു കൊടുത്തു. തദനന്തരം അവർ സംസാരിക്കുകയും പ്രവർത്തിക്കുകയും     ചെയ്തവയെല്ലാം പരിശുദ്ധ റൂഹാമൂലമത്രേ. പരിശുദ്ധ റൂഹാ സഭയിൽ പ്രവർത്തിക്കുന്നു. കൂദാശകളുടെ പൂർത്തീകരണം പരിശുദ്ധ റൂഹായുടേതാകുന്നു. വിശുദ്ധ കൂദാശകളില്ലെങ്കിൽ സഭയില്ല. ആകയാൽ പരിശുദ്ധ റൂഹാ പ്രവർത്തനം നടത്തുന്ന സഭ വിശുദ്ധമാകുന്നു. പാപത്താൽ ക്ഷയിച്ചുപോയ മനുഷ്യ 
സ്വഭാവത്തെ പുതുക്കുവാനും, മനുഷ്യന് മുമ്പുണ്ടായിരുന്ന വിശുദ്ധിയിലേക്ക് അവനെ ഉയർത്തുവാനും പുത്രനാം   ദൈവം മനുഷ്യാവതാരം ചെയ്തു. തന്റെ മനുഷ്യാവതാരത്തിന്റെ തുടർച്ചയാകുന്ന സഭയേയും താൻ സ്ഥാപിച്ചു. Church is the continuation of the incarnation of JESUS CHRIST.  
             
ഒരു വിശുദ്ധ ജനവും രക്ഷപ്പെട്ട ഗണവുമാകുന്ന സഭയത്രേ തന്റേത്.  വിശുദ്ധിയിലേക്ക് കടക്കുവാനും, വിശുദ്ധിയിൽ വളരുവാനുമുള്ള മാർഗ്ഗങ്ങളും സഭയിൽ താൻ നിശ്ചയിച്ചു.  സഭ വിശുദ്ധിയെ പ്രവഹിക്കുന്ന ഉറവയാകുന്നു. തന്റെ സഭ അതിലെ അംഗങ്ങളെ വിശുദ്ധിയിൽ വളർത്തുന്ന ധാത്രിയാകുന്നു. അതിനാൽ സഭ വിശുദ്ധമാകുന്നു. സഭ സ്ഥാപിതമായിരിക്കുന്നത്  സത്യവിശ്വാസമാകുന്ന പാറമേലാകുന്നു. മനുഷ്യാവതാര രഹസ്യത്തിലുള്ള    വിശ്വാസത്തിൽ അത് സ്ഥിതിചെയ്യുന്നു. അപദ്ദോപദേശങ്ങളെ അത് ബഹിഷ്ക്കരിക്കുന്നു. ഓരോ കാലത്തുണ്ടായ പാഷാണ്ഡോപദേശങ്ങളെ അത്  ഉന്മൂലനം ചെയ്ത് അതിന്റെ വിശ്വാസത്തെ അത് വിശുദ്ധമാക്കി  വച്ചിരിക്കുന്നു. (അറിയോസിന്റെയും മറ്റും വേദവിപരീതത്തെ ശപിച്ചു തള്ളി. പകരം, വിശ്വാസപ്രമാണം A.D.325-ൽ കൂടിയ നിഖ്യാ സുന്നഹദോസിൽ കൂടെ  ലോകത്തിന്നു നൽകിയതും വിശുദ്ധ അന്ത്യോഖ്യ സഭയാണ്. പിന്നീടുണ്ടായ എല്ലാ സഭകളും അതേറ്റുചൊല്ലുന്നു. മലങ്കരയിൽ പ്രചരിപ്പിച്ച നെസ്തോറിയൻ വേദവിപരീതത്തെ ഉന്മൂലനം ചെയ്തതും വിശുദ്ധ സഭയാണ്.
 
സഭയ്ക്കോ, അതിലെ അംഗങ്ങൾക്കോ  ആരിൽനിന്നും പുതുതായി ഒന്നും  പഠിക്കേണ്ടതില്ല. അന്യരുടെ ഉപദേശം അതേതു സഭയോ, സമൂഹമോ ആയിക്കൊള്ളട്ടേ, സഭാമക്കൾ കേൾക്കേണ്ടതുമില്ല. എന്തെന്നാൽ അവർ ഉപദേശിക്കുന്നത് അവരുടെ സ്വയം  കണ്ടെത്തലിൽ നിന്നാണ്. എന്നാൽ വിശുദ്ധ സഭയുടെ കൗദാശികപരമായ   കാര്യങ്ങൾ എല്ലാംതന്നെ മ്ശിഹായിൽ  നിന്നു നേരിട്ടും, പരിശുദ്ധ റൂഹാ വഴിയും, തന്റെ അപ്പോസ്തോലന്മാർ വഴിയും, സഭയുടെ വിശുദ്ധന്മാർ വഴിയും ലഭിച്ചിട്ടുള്ളതാണ്. പരിശുദ്ധ റൂഹാ സഭയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ആയതിനാൽ അതിനെക്കാളും മികച്ചതെന്നോ, അതിനെതിരായോ  ആരെങ്കിലും ഉപദേശിച്ചാൽ അങ്ങനെയുള്ളവർ ശപിക്കപ്പെട്ടവരാകും.(ഗലാത്യ 1:8).

എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ?എന്തിനു വിലക്കുന്നു?
                      
ലോകത്ത് നൂറു കണക്കിന് സഭകളും സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ  ക്രിസ്തു സ്ഥാപിച്ച തന്റെ സഭയുടെ നാലു  ലക്ഷണങ്ങൾ മേല്പറഞ്ഞത് തുടർന്നും വിശദീകരിച്ചു. എല്ലാ സുവിശേഷവും നല്ലതാണ്. എന്നാൽ അത് സുവിശേഷമായിരിക്കണം. മറിച്ച് ദുഷ്ടലാക്കോടെ ദ്രവ്യത്തിനോ മറ്റേതെങ്കിലും ജഡീക നേട്ടങ്ങൾക്കുവേണ്ടിയോ, ദൈവവചനങ്ങളെ, ആദായ മാർഗ്ഗമാക്കുന്നവൻ, അവന് യാതൊരു അറിവോ, അധികാരമോ ഇല്ലാതിരിക്കെ, ദൈവ വചനങ്ങളെ സ്വന്ത വ്യാഖ്യാനപ്രകാരം കോട്ടി മാട്ടി സഭാ വിശ്വാസികളെ ചഞ്ചല മനസ്ക്കരാക്കുന്നത് ശാപത്തിനു കാരണമാക്കും. അപ്രകാരം ചെയ്യുന്നവരുടെ സുവിശേഷമല്ലാത്ത സുവിശേഷത്തിലേക്ക് ദൈവത്തിന്റെ സഭയുടെ, വിശുദ്ധ അന്ത്യോഖ്യ സഭയുടെ മക്കൾ ആകൃഷ്ടരാകുവാൻ പാടില്ല. കാരണം ഈ സഭയുടെ മക്കൾ സാധാരണക്കാരല്ല. ദൈവത്തിന്റെ മണവാട്ടിയായി വിശുദ്ധ മാമോദീസാ വഴി വിശുദ്ധ മൂറോനാൽ പരിശുദ്ധാത്മ മുദ്രകുത്തപ്പെട്ടവരാണ്. പ്രത്യേക പദവിയുള്ളവരാണ്. ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരമാകുവാൻ  പ്രത്യേക വരം ലഭിച്ച തിരഞ്ഞെടുക്കപ്പെട്ടവരാണ്. ആ പദവി മറ്റൊരുവനുമില്ല. ക്രിസ്തു സ്ഥാപിച്ച തന്റെ സഭയുടെ മക്കൾക്കുള്ള  അമൂല്യമായ പദവി. (Refer. എഫേ. 1:21 മുതൽ) ക്രിസ്തുവാകുന്ന മണവാളൻ വിശുദ്ധ സഭയാകുന്ന തന്റെ മണവാട്ടിക്ക് വിവാഹ നിശ്ചയം ചെയ്തിട്ടു  മണവാട്ടിയോട് ഒരു വാഗ്ദാനം ചെയ്തിട്ടു പോയിരിക്കുകയാണ്. തന്റെ പിതാവിന്റെ രാജ്യത്ത് വാസസ്ഥലമൊരുക്കുവാൻ താൻ പോയിരിക്കുകയാണെന്നും, മണവാട്ടിയെ കൂട്ടിക്കൊണ്ടു പോകുവാൻ താൻ വേഗം വരുന്നു എന്ന വാഗ്ദാനം.
   
വെളിപ്പാട്. 22:11-12. "അനീതി ചെയ്യുന്നവന്‍ തുടര്‍ന്നും അനീതി ചെയ്യട്ടെ. മലിനന്‍ ഇനിയും മലിനനാക്കപ്പെടട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധന്‍ ഇനിയും വിശുദ്ധീകൃതനാകട്ടെ. 
ഇതാ ഞാന്‍ വേഗം വരും. ഓരോരുവനും അവന്‍റെ പ്രവൃത്തിക്കു തക്ക പ്രതിഫലം കൊടുപ്പാന്‍ പ്രതിഫലവും എന്നോടു കൂടെയുണ്ട്."
  
അതിനാൽ, അതി വിശുദ്ധിയോടെ വി.സഭ വഴി അനുഷ്ഠിക്കേണ്ട കൂദാശകളും, കല്പനകളും അനുഷ്ഠിച്ച് ആത്മവിശുദ്ധിയോടെ, സ്വയം മലിനപ്പെടാതെ മണവാളനെ പ്രതീക്ഷിച്ചിരിക്കേണ്ടതിനു പകരം  തങ്ങളുടെ ജഡീക നേട്ടങ്ങൾ വേണ്ടി   സ്വർഗ്ഗത്തിലേക്ക് കരേറ്റി വിടുവാൻ  എളുപ്പവഴി പഠിപ്പിച്ച് സത്യവിശ്വാസികളെ ചഞ്ചല മനസ്കരാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണ്ടതാണ്. അവർക്കുള്ള ശിക്ഷ നോക്കുക.
(ഗലാത്യ 1:7-9). "നിങ്ങളെ ചഞ്ചല മനസ്കരാക്കുകയും, മ്ശീഹായുടെ സുവിശേഷത്തെ വ്യത്യാസപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഞങ്ങൾ നിങ്ങളെ അറിയിച്ചിട്ടുള്ളതിനപ്പുറമായി ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖയോ, നിങ്ങളോടറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനായിരിക്കും. മുമ്പ് ഞാന്‍ പറഞ്ഞതുപോലെ ഇപ്പോഴും പറയുന്നു: നിങ്ങള്‍ സ്വീകരിച്ചതല്ലാതെ ആരെങ്കിലും നിങ്ങളോടറിയിച്ചാല്‍, അവന്‍ ശപ്തനായിരിക്കട്ടെ." (വിശുദ്ധ പൗലോസ് ശ്ലീഹാ അന്ത്യോഖ്യാ സഭയുടെ പ്രവാചകനും, ഉപദേഷ്ടാവുമായിരുന്നു). അന്ത്യോഖ്യ സഭയിൽ പരിശുദ്ധാത്മാവ് എഴുന്നള്ളി വരികയും, ശൗലായിരുന്ന അദ്ദേഹത്തിന്റെമേൽ കൈവെപ്പു നടത്തി യാത്രയാക്കുകയും, അദ്ദേഹത്തിന്റെ പേര് പൗലോസ് എന്നാകുകയും ചെയ്തതായി  നാം വായിക്കുന്നു. (അ.പ്ര:13:1-4,9).
         
നൂതനോപദേശങ്ങളുമായി വരുന്നവർ സഭയ്ക്കു വേദവിപരീതികളാണ്.  അതുകൊണ്ട് ആത്മീയ പരമായി  കൂടുതൽ അറിയേണ്ടവർ സഭയ്ക്കിതരരായ വേദവിപരീതികളിൽ  നിന്നല്ല, മറിച്ച് സഭക്കു മാത്രം ലഭിച്ചിട്ടുള്ള വിജ്ഞാനത്തിന്റെയും അറിവിന്റേയും ഒരിക്കലും വറ്റാത്ത നീർപുഴയിൽ നിന്നും ആവോളം പാനം ചെയ്യുകയും, മറ്റുള്ളവരിലേക്ക്  അതൊഴുക്കുകയുമാണ് വേണ്ടത്. സഭ അതിന്റെ ആരംഭം, സ്വഭാവം, ഉദ്ദേശം ഇവയിൽ വിശുദ്ധമാകുന്നു. അത് ദൈവത്തിന്റെ പരിശുദ്ധ റൂഹായുടെ നിവാസ കേന്ദ്രമാകയാൽ അതിലേക്കുള്ള പ്രവേശനം മനുഷ്യനെ പാപത്തിൽനിന്നും വിശുദ്ധീകരിക്കുന്നു. പാപത്തിനെതിരായി  അത് ഒരു കോട്ടപോലെ നിൽക്കുന്നു. അതിലെ അംഗത്വം പ്രാപിച്ചവർ തന്മൂലം  ദൈവത്തെ അറിയാതെയിരിക്കുന്ന ലോകത്തിൽ നിന്ന് വേർപിരിഞ്ഞ് വിശുദ്ധി പ്രാപിച്ചവരായിരിക്കുന്നു. ആകയാൽ സഭയിലെ അംഗങ്ങൾ വിശുദ്ധരാകുന്നു. "നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നുവെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലയോ" (1.കോരി 3:16) അതിനാൽ സഭയുടെ മാമോദീസാ ഏറ്റു സഭയോടു ചേർന്നവർ വിശുദ്ധരാണ്. വലിയ പദവിയുള്ളവരാണ്. കാരണം  അവരിൽ വസിക്കുന്നത് പരിശുദ്ധ റൂഹായത്രേ.
        
പുതിയ നിയമത്തിൽ പലയിടത്തും ക്രിസ്ത്യാനികളെ 'വിശുദ്ധർ' എന്നു സംബോധന ചെയ്തിട്ടുണ്ട്. ഇത് അവർ പരിശുദ്ധനായ ദൈവത്തിന്റേതാകുന്നുവെന്നും, തന്റെ വിശുദ്ധ ജനമാകുന്നുവെന്നും, തന്റെ വിശുദ്ധ റൂഹായെ പ്രാപിച്ചവരാകുന്നുവെന്നും, കാണിക്കുവാനും, ജീവിത വിശുദ്ധികൊണ്ട് അവർ യഥാർത്ഥ  വിശുദ്ധിയെ പ്രകടിപ്പിക്കുവാൻ ചുമതലയുള്ളവരാണെന്ന് അനുസ്മരിപ്പിക്കുവാനുമാണ്.