FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 4

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


 

ആരാണ് വേദവിപരീതികൾ, ശീശ്മകൾ  എന്നിവർ ?വി.സഭയിൽ എങ്ങനെയാണ്  ഇവർ ഉണ്ടാകുന്നത്? കാനോനികമായി  അവരെ  എങ്ങനെ കാണുന്നു. ?

    
     ശ്ലൈഹിക സത്യവിശ്വാസത്തിൽ വ്യത്യാസങ്ങൾ വരുത്തുമ്പോൾ ആ പ്രവർത്തി കൊണ്ടു തന്നെ അങ്ങനെയുള്ളവർ സഭയ്ക്കിതരന്മാരായിത്തീർന്നു പോകുന്നു. എന്തെന്നാൽ പരിശുദ്ധ റൂഹായോടത്രേ അവർ എതിർക്കുന്നത്. അപ്പോൾ മുതൽ അവർ സഭയ്ക്ക് മൃതരാണ്. സഭയുടെ ജീവൻ പരിശുദ്ധ റൂഹായാണ്. സഭയെ നയിക്കുന്നത് വിശുദ്ധ റൂഹായാണ്. പരിശുദ്ധ  റൂഹായുടെ വ്യാപാരത്താൽ നിർമ്മിതങ്ങളായ വേദസത്യങ്ങളെ,  വിശ്വാസസത്യങ്ങളെ ഒരുവനോ ഒരു സമൂഹമോ വ്യത്യാസപ്പെടുത്തുമ്പോൾ   അത് മഹാപാപമായി ഇഹത്തിലും പരത്തിലും മോചനമില്ലാത്ത പാപമായിത്തീരുന്നു. ഇപ്രകാരം വിശ്വാസ വ്യത്യാസങ്ങൾ വരുത്തുന്നവരെ 'വേദവിപരീതികൾ' എന്ന് വിളിക്കുന്നു. എന്നാൽ മറ്റുചിലർ ഏക വിശുദ്ധ സഭയിൽ നിന്ന് വേർപെട്ട് നിന്നുകൊണ്ട് ഏക സഭയുടെ തലവനെ അനുസരിക്കാതിരിക്കുമ്പോൾ അവരെ 'ശീശ്മക്കാർ' (schismatics) എന്ന് വിളിക്കുന്നു. വേദവിപരീതികളുടെ  നിലയാകട്ടെ ശീശ്മക്കാരുടെ നിലയാകട്ടെ ദൈവഹിതത്തിന് യോജിച്ചതല്ല. തന്റെ സഭ എന്നേക്കും ഏകമായിരിക്കണമെന്ന്  താൻ ഇഛിക്കുന്നു.

എന്നാൽ സ്വാർത്ഥത, ലോക ബഹുമാനാകാംക്ഷ മുതലായവയാൽ സഭയിൽ പിളർപ്പുണ്ടാക്കുകയും അങ്ങനെ കാലക്രമത്തിൽ വേദവിപരീതമുത്ഭവിപ്പിക്കുകയും ചെയ്യുന്നവർ മ്ശിഹായുടെ ഏകശരീരത്തെ മുറിക്കുന്നവരാണ്. ശീശ്മ വേദവിപരീതത്തിലേക്ക് മനുഷ്യനെനആനയിക്കുന്ന  പാതയാകുന്നു.
           
ഏക സഭയുടെ സത്യ അംഗങ്ങൾ  ഏകമായ സത്യവിശ്വാസത്തിനു വേണ്ടി   ആത്മീയമായി  പോരാടുമ്പോൾ അവർ  മ്ശിഹായിക്കു വേണ്ടി മരിക്കുവാനും തയ്യാറാകുന്നു. അതുകൊണ്ടാണ് നാം വിശുദ്ധ കുർബാന ആരംഭിക്കുന്നതുന് മുമ്പായി പാടുന്നത്: 

തൂക്കപ്പെട്ടു മരത്തിൽ വിലാവു തുറന്നാ ചവളം.
രക്തം വെള്ളമൊടൊഴുകും മശിഹായെ സഹദേന്മാർ
കണ്ടങ്ങോടി മരിപ്പാനായ് 
കർത്താവിൻ പേർക്കെല്ലാരും.

മരത്തിൻമേൽ തൂക്കപ്പെട്ട്, കുന്തത്താൽ തിരുവിലാവ് തുറക്കപ്പെട്ട് രക്തവും വെള്ളവും ഒഴുകിയ നിലയിൽ മ്‌ശിഹായെക്കണ്ട സഹദേന്മാർ ,(മ്ശിഹായിക്കു വേണ്ടി) മരിപ്പാനായി ഓടിച്ചെന്നു. 
    
ഇവിടെ സൂചിപ്പിക്കുന്നത് മശിഹായും സഭയും ഒന്നാകയാൽ മ്ശിഹായാകുന്ന സഭ പീഠിപ്പിക്കപ്പെട്ടു നൊമ്പരപ്പെട്ടപ്പോൾ   അതിനുവേണ്ടി (ക്രിസ്തുവാകുന്ന സഭക്കു വേണ്ടി) ജീവൻ നൽകുവാൻ   സഹദേന്മാർ ഓടിച്ചെന്നു എന്നാണ്. അങ്ങനെ ആദ്യ നൂറ്റാണ്ടുകളിൽ പതിനായിരക്കണക്കിനു വിശുദ്ധർ തങ്ങളുടെ ജീവനെ കർത്താവിന്റെ സഭയാകുന്ന, ശരീരമാകുന്ന പരിശുദ്ധ അന്ത്യോഖ്യാ സഭയ്ക്കു നൽകി. വിശുദ്ധ പത്രോസ് ശ്ലീഹാ, പൗലോസ് ശ്ലീഹാ ഉൾപ്പെടെയുള്ള ശ്ലീഹൻമാർ, മോർ ഇഗ്നാത്തിയോസ് നൂറോനോ, വിശുദ്ധ ക്ലീമ്മീസ്, വിശുദ്ധ പോളികാർപ്പ്, വിശുദ്ധ ഗീവർഗ്ഗീസ് സഹദാ, അന്ത്യോഖ്യ സിംഹാസനാധിപന്മാരായ പരിശുദ്ധ പാത്രിയർക്കീസന്മാർ തുടങ്ങി തുബ്ദ്ദേനിൽ നാം ഓർക്കുന്നവരുൾപ്പെടെ സഭയുടെ പതിനായിരക്കണക്കിനു  വിശുദ്ധരും സഭാംഗങ്ങളും A.D.325 വരെ  സഭയ്ക്കുവേണ്ടി തങ്ങളുടെ ജീവനെ നൽകി. അത് പിന്നെയും തുടർന്നു. അവയെല്ലാംതന്നെ ക്രിസ്തുവിനുവേണ്ടി  തന്റെ ശരീരമാകുന്ന ഏക സഭയുടെ സത്യവിശ്വാസം സംരക്ഷിക്കുവാൻ വേണ്ടിയായിരുന്നു. അത് വളരെ വലിയ സന്തോഷത്തോടെയാണവർ നിർവ്വഹിച്ചത്. ഈ ആത്മീയ യുദ്ധം  ഇന്നും തുടരുന്നു. ലക്ഷക്കണക്കിന് വിശുദ്ധരുടെ രക്തത്താൽ സഭ തഴച്ചുവളരുകയും ചെയ്യുന്നു. ലോകത്തിന്റെ അന്ത്യംവരെ തന്റെ മണവാട്ടി സഭയ്ക്ക് അതുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ക്രിസ്തുവിൽ ആരംഭിച്ച് ശ്ലീഹന്മാരിൽ തലവനും, മുമ്പനുമായ വിശുദ്ധ പത്രോസ് ശ്ലീഹാ മുതൽ ഇന്നുവരെ സഭയ്ക്ക് ഇത്രയധികം പീഢകളും, ലക്ഷക്കണക്കിന് രക്തസാക്ഷികളും, ഉണ്ടാകുന്നത്. കാരണം, ശത്രുവായ സാത്താൻ ഏതുദ്ദേശത്തിനുവേണ്ടിയാണോ ഏദൻ തോട്ടത്തിൽ കടന്നത്, അതേ ലക്ഷ്യത്തിനുവേണ്ടി,  ക്രിസ്തുവിന്റെ മണവാട്ടിയാകുന്ന വിശുദ്ധ സഭയുടെ സത്യവിശ്വാസം അമൂല്യമാണെന്ന് മറ്റാരെക്കാളും അവനറിയാമെന്നുള്ളതു കൊണ്ട്, പാപത്തിന്റെ കയത്തിൽ മുങ്ങിത്താഴുന്നവർക്ക് രക്ഷയുടെ പെട്ടകമാകുന്ന സഭയെ   ഇല്ലായ്മചെയ്യുക എന്നത് അവന്റെയും, അവന്റെ കൂട്ടാളികളുടേയും ലക്ഷ്യമാകയാൽ അതിനു വേണ്ടി അവൻ അന്ത്യംവരെയും പോരാടിക്കൊണ്ടിരിക്കുമെന്നുള്ളതു കൊണ്ടു തന്നെ.

ശീശ്മയിലോ, വേദവിപരീതത്തിലോ വീണുപോയവരുടെ പ്രാർത്ഥനകളിലും, ശുശ്രൂഷകളിലും, പ്രത്യേകിച്ച്  കുർബ്ബാനയിലും, സത്യവിശ്വാസികൾ സംബന്ധിച്ചു കൂടാ. കാരണം അങ്ങനെ സംബന്ധിക്കുന്നതുമൂലം  കാതോലികമായ ഏക വിശുദ്ധ സഭയുടെ സത്യത്തെ അവർ നിഷേധിക്കുകയാണ് ചെയ്യുന്നത്.

കാനോനിക നിശ്ചയങ്ങൾ.
     
1. വിശ്വാസി വേദവിപരീതിയാൽ സംസ്ക്കരിക്കപ്പെടരുത്. അത്യാവശ്യം വരികയും, സത്യവിശ്വാസിയായ പട്ടക്കാരൻ ഇല്ലാതെ വരികയും ചെയ്യുന്ന പക്ഷം വിശ്വാസികളാൽ (അത്മായക്കാരാൽ) അവൻ സംസ്ക്കരിക്കപ്പെടട്ടെ (ബാർ എബ്രായ).

2. വേദവിപരീതികളുടെ കുർബ്ബാനയിൽ നിന്ന് മരണകരമായ വിഷത്തിൽ നിന്നെന്നപോലെ ഓടിയൊളിച്ചു കൊള്ളണം.

3. വേദവിപരീതികൾക്കു വേണ്ടി ഓർമ്മ കുർബ്ബാന അർപ്പിക്കുവാൻ  സത്യവിശ്വാസിയായ പട്ടക്കാരനു ന്യായമില്ല. (ലീസോസ്).

4. വേദവിപരീതികളുടെ കബറിങ്കൽ  പ്രാർത്ഥനയ്ക്കോ, രോഗ ശാന്തിക്കോ പോകുവാൻ വിശുദ്ധ സഭയുടെ മക്കൾക്കനുവാദമില്ല. അപ്രകാരം ചെയ്യുന്നവന് ഒരു നിശ്ചിത കാലത്തേക്ക് വിശുദ്ധ കുർബ്ബാന കൊടുത്തു കൂടാ. അവൻ പാപം ചെയ്തുപോയി എന്ന് അനുതപിച്ച്‌ ഏറ്റുപറയുമ്പോൾ സ്വീകരിക്കപ്പെടാം. (ലവദോക്യാ 9-ാം നിശ്ചയം).

വേദവിപരീതികളുടേയും ശീശ്മക്കാരുടെയും പ്രയത്നം മൂലം എത്ര പിളർപ്പുണ്ടായാലും മശിഹായുടെ സഭ എന്നും ഏകമായി സ്ഥിതി ചെയ്യും. എന്നാൽ സഭയുടെ ശിരസ്സാകുന്ന  മ്ശിഹാ ആഗ്രഹിക്കുന്നത്  സത്യവിശ്വാസത്തിൽ  അപ്പോസ്തോലികമായ  വിശ്വാസവും കൈവപ്പുമുള്ള സഭയിൽ എല്ലാവരും ഒന്നായി നിൽക്കണമെന്നത്രേ.