FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 3

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


 

ഇനിയും നാം അറിയേണ്ട സത്യം ക്രിസ്തു സ്ഥാപിച്ച സഭയേതെന്നും, അതിന്റെ ലക്ഷണങ്ങളും,ലക്ഷ്യങ്ങളുമെന്താണെന്നുള്ളതുമാണ്. ലക്ഷണങ്ങളായി 4 കാര്യങ്ങളാണുള്ളതെന്നു കഴിഞ്ഞ ക്ലാസിൽ നാം കണ്ടു. ആ നാലു ലക്ഷണങ്ങളും ഒത്തുചേർന്നിരിക്കുന്ന  സഭയത്രേ ക്രിസ്തു സ്ഥാപിച്ച തന്റെ സഭയായി നാം അംഗീകരിക്കുന്നത്. ഓരോന്നിന്റെയും അർത്ഥവും വിശദീകരണവുമെന്താണ്?

1. സഭ കാതോലികമാണ്.     
 
സഭ കാതോലികം എന്ന് ആദ്യം എഴുതിയത് അന്ത്യോഖ്യായുടെ  പാത്രിയർക്കീസായിരുന്ന അഗ്നിമയനായ മോർ ഇഗ്നാത്തിയോസ് നൂറോനോയാണ്.(A.D.60-ൽ വിശുദ്ധ പത്രോസ് ശ്ലീഹാ തന്റെ ശ്ലൈഹിക പര്യടനത്തിനു മുമ്പ് അന്ത്യോഖ്യയിൽ വച്ച് വിശുദ്ധ ഏവദ്യോസിനെയും വിശുദ്ധ ഇഗ്നാത്തിയോസിനെയും (നൂറോനോ)  വാഴിച്ചാക്കി. അവരെ അന്ത്യോഖ്യയിൽ തന്റെ പ്രതിനിധികളും, പിൻഗാമികളുമായി നിയമിച്ചു. പിന്നീട്  മോർ ഇഗ്നാത്തിയോസ്   ബന്ധിതനാകുകയും അന്ത്യോഖ്യയിൽ നിന്നും വിലങ്ങണിയിക്കപ്പെട്ട് റോമിലെ കൊളോസിയത്തിൽ A.D.107-ൽ സിംഹങ്ങളുടെ ഭക്ഷണമായിത്തീർന്ന്  ധീര രക്തസാക്ഷിയാകപ്പെട്ട വിശുദ്ധനാണ്. മ്‌ശിഹാ എവിടെയോ  അവിടെ കാതോലിക സഭ എന്ന് ഈ വിശുദ്ധ പിതാവാണ് ലോകത്ത്  ആദ്യമായി എഴുതിയത്. മ്ശിഹായും  തന്റെ സഭയും ഒന്നായതു കൊണ്ട്   മ്ശിഹാ ഉള്ളിടത്ത് തന്റെ സഭയുണ്ട്. എന്നാൽ കാതോലികം എന്ന ഗ്രീക്കു  പദത്തിന് സാർവ്വർത്രികമെന്ന് അർത്ഥമുള്ളതിനാൽ എല്ലാ ദൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്ന സഭയാണ് കാതോലികം എന്ന് ചിലർ പറയാറുണ്ട്. ഈ വാദഗതി നിരർത്ഥകമാണ്. കാരണം വിശുദ്ധ ഇഗ്നാത്തിയോസിന്റെ കാലത്ത് സഭ ലോകം മുഴുവനും വ്യാപിച്ചിരുന്നില്ല. പല രാജ്യങ്ങളും, പ്രത്യേകിച്ച് യൂറോപ്യൻ ഭൂഖണ്ഡത്തിൽ മിക്ക രാജ്യങ്ങളും അന്ന് അറിയപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, മറ്റു ഭൂഖണ്ഡങ്ങളിലാകട്ടെ, അമേരിക്കപോലും A.D.1492-ലും, ആസ്ട്രേലിയാ 1770-ലുമാണ് കണ്ടുപിടിക്കപ്പെട്ടതുതന്നെ. സഭ കാതോലികം എന്നു പറയുന്നതിൽ നിന്നും, അത് എല്ലാവർക്കും വേണ്ടിയുള്ളതും, അത് പൂർണ്ണ സത്യത്തേ പഠിപ്പിക്കുന്നതും, നാനാ മനുഷ്യവർഗ്ഗത്തെ ഭരിക്കുന്നതും, ആത്മശരീരങ്ങളുടെ  എല്ലാ രോഗങ്ങളേയും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതും, അതിൽ ആത്മീയമായ എല്ലാ നൽവരങ്ങളുമുളളതും, സകല സത്യങ്ങളും, പഠിപ്പിക്കുന്നതും, എല്ലാ ജാതികളേയും, ചേർക്കുന്നതും, സകല  സ്ഥലങ്ങളിലും വ്യാപരിക്കുന്നതുമായ സഭ
എന്നത്രേ വിശുദ്ധ അന്ത്യോഖ്യ സഭ അർത്ഥമാക്കുന്നത്.

2. ശ്ലൈഹികം. (Apostolic).
    
വിശുദ്ധ സഭയ്ക്ക് അപ്പോസ്തോലിക പിന്തുടർച്ചയും ശരിയായ കൈവെപ്പും ഉണ്ടായിരിക്കുകയും, അപ്പോസ്തലിക ഉപദേശം അത് സ്വീകരിക്കുകയും ചെയ്യുന്നതു കൊണ്ടാണ് സഭ അപ്പോസ്തോലികമെന്ന് പറയുന്നതിൽ നിന്നും നാം ഗ്രഹിക്കേണ്ടത്. അപ്പോസ്തോലിക പിന്തുടർച്ചയെപ്പറ്റി വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു. 

പിൻ തുടർച്ചക്കാർ എങ്ങനെയുള്ളവർ ആയിരിക്കണം?

1.തിമൊ.3:10-12. ആദ്യം അവര്‍ പരിശോധിക്കപ്പെടണം. കുറ്റമില്ലാത്തവരെങ്കില്‍ അവര്‍ ശുശ്രൂഷ ഏല്‍ക്കട്ടെ. അങ്ങനെ തന്നെ സ്ത്രീകളും പരിപാകതയുള്ളവരും, നിര്‍മ്മല മനസ്സുള്ളവരും, എല്ലാ കാര്യത്തിലും വിശ്വസ്തകളും, ഏഷണി പറയാത്തവരും ആയിരിക്കണം. ശുശ്രൂഷകന്‍ ഏകഭാര്യയുള്ളവനും, സ്വന്ത ഭവനത്തേയും മക്കളേയും നന്നായി ഭരിക്കുന്നവനും ആയിരിക്കണം. 1.തീമൊ1:5-9.

പിൻതുടർച്ച എങ്ങനെ?

(2.തീമോ 1:6). കൈ വെപ്പിനാൽ (By the laying of hands). എന്റെ  കൈവെപ്പിനാൽ നിന്നിലുള്ള കൃപാവരം  ജ്വലിപ്പിക്കണം. (1.തീമോ. 5:22). ആരുടെമേലും ധൃതിയായി കൈവെപ്പ് നടത്തരുത്.

കശീശന്മാരെക്കുറിച്ച്:

(1.തിമൊ.3:1-10) ഒരുവന്‍ കശീശാ (പുരോഹിത) സ്ഥാനം ആഗ്രഹിക്കുന്നുവെങ്കില്‍, നല്ല കാര്യം ആഗ്രഹിക്കുന്നു എന്നുള്ള വചനം വിശ്വസ്തമാകുന്നു. ഒരുവന്‍ കശീശാ ആകുവാന്‍ ആവശ്യമായവ: അവന്‍ കളങ്കമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവും വിചാരത്തില്‍ ഉണര്‍വുള്ളവനും, പരിപാകതയുള്ളവനും, ക്രമമുള്ളവനും, പരദേശികളെ സ്നേഹിക്കുന്നവനും, പഠിപ്പിക്കുവാന്‍ സാമര്‍ഥ്യമുള്ളവനുമായിരിക്കണം. മദ്യപ്രിയനും, അടിപ്പാന്‍ കൈ നീട്ടുന്നവനും ആയിരിക്കരുത്. പിന്നെയൊ, അവന്‍ വിനീതനായിരിക്കണം. കലഹപ്രിയനോ, ദ്രവ്യാഗ്രഹിയോ ആയിരിക്കരുത്. അവന്‍ സ്വഭവനത്തെ നന്നായി ഭരിക്കുന്നവനും, തന്‍റെ മക്കളെ പൂര്‍ണ്ണ വിശുദ്ധിയോടെ കീഴ്വഴക്കത്തില്‍ നിര്‍ത്തുന്നവനുമായിരിക്കണം. സ്വന്തഭവനത്തെ നന്നായി ഭരിപ്പാന്‍ അറിവില്ലാത്തവന് ദൈവത്തിന്‍റെ സഭയെ ഭരിപ്പാന്‍ എങ്ങനെ കഴിയും? അവന്‍ നിഗളിച്ചിട്ട്, സാത്താനു വന്ന ശിക്ഷാ വിധിയില്‍ അകപ്പെടാതിരിക്കേണ്ടതിന്, അവന്‍ പുതു ശിഷ്യനായിരിക്കരുത്. അവന്‍ അപമാനത്തിലും സാത്താന്‍റെ കെണിയിലും വീഴാതിരിക്കേണ്ടതിന്, പുറമെയുള്ളവരില്‍ നിന്നും നല്ല സാക്ഷ്യം ലഭിച്ചവനുമായിരിക്കണം. അപ്രകാരം തന്നെ ശുശ്രൂഷകന്മാരും നിര്‍മ്മലരായിരിക്കണം. അവര്‍ ഇരുവാക്കുകാരും, മദ്യപ്രിയരും ദുര്‍ലാഭമോഹികളും ആയിരിക്കരുത്. പിന്നെയൊ, അവര്‍ നിര്‍മ്മല മനഃസാക്ഷിയോടെ വിശ്വാസ രഹസ്യം കാത്തുകൊള്ളുന്നവരായിരിക്കണം. ആദ്യം അവര്‍ പരിശോധിക്കപ്പെടണം. കുറ്റമില്ലാത്തവരെങ്കില്‍ അവര്‍ ശുശ്രൂഷ ഏല്‍ക്കട്ടെ. (1.തീമൊ. 3:1-10).

സഭ ശ്ലൈഹികമായിരിക്കണമെങ്കിൽ:
 
(i) ശ്ലൈഹിക കൈവെപ്പ് മുടക്കമില്ലാതെ തുടർച്ചയായുള്ളതായിരിക്കണം.

 (ii) ശ്ലീഹന്മാരുടെ വിശ്വാസം ഉപദേശം എന്നിവയെ പാലിച്ച് വരുന്നതായിരിക്കണം. 

 (iii) കൈവെപ്പുണ്ടെങ്കിലും ശ്ലൈഹിക വിശ്വാസത്തിന് ഭംഗം വന്നാലും, വിശ്വാസം ഉണ്ടായിരിക്കാമെങ്കിലും, കൈവെപ്പില്ലാതെ വന്നാലും അത് ശ്ലൈഹിക സഭ എന്ന പേരിന്  അർഹമല്ലാതായിത്തീരും.


3. വിശുദ്ധ സഭ ഏകമാകുന്നു. 
           
ഏക ദൈവത്തിന്റെ ഏകപുത്രൻ സ്ഥാപിച്ച സഭ ഏകമാകുന്നു. ഏക  മ്ശിഹായുള്ളതുപോലെ - ഏകരക്ഷകനുള്ളതുപോലെ - തന്റെ ശരീരമാകുന്ന സഭയ്ക്കും ഏകമായിരിപ്പാനേ സാധിക്കൂ. അതിൽ  ഏക വിശ്വാസമേ ഉണ്ടാവൂ. ഏക വിശ്വാസത്തിൽ സ്ഥിതി ചെയ്യുമ്പോൾ   സഭ ഏകമാകുന്നു.

ഏക ദൈവത്തെ ആരാധിക്കുകയും, ഏക വിശ്വാസത്തെ പാലിക്കുകയും, ചെയ്യുന്നതു കൊണ്ട് കൃപാ മാർഗ്ഗങ്ങളായ കൂദാശകൾ ഒന്നുതന്നെയാക കൊണ്ടും  ഏക ആശയിങ്കലേക്ക് നോക്കിപ്പാർക്കുന്നതിനാലും ഏക ആത്മാവിനാൽ നയിക്കപ്പെടുന്നതിനാലും  സഭ ഏകമാകുന്നു. ശ്ലൈഹിക കാലം മുതൽ ലോകാവസാനം വരെയും വിശുദ്ധ സഭ ഏകമായിരിക്കേണ്ടതാകുന്നു. കാരണം, വിശുദ്ധ സഭയുടെ വിശ്വാസം ക്രോഡീകരിച്ചത് പരിശുദ്ധ റൂഹായാകുന്നു. ഒരിക്കൽ പരിശുദ്ധ റൂഹായുടെ നിയോഗാനുസൃതം  നിശ്ചയിക്കപ്പെട്ട വിശ്വാസസത്യങ്ങൾ പിന്നൊരിക്കൽ അതേ പരിശുദ്ധ റൂഹായാൽ ദുർബലമാക്കപ്പെടുകയില്ല. വിശുദ്ധ സഭയുടെ വിശ്വാസസത്യങ്ങൾക്ക്  ഏതെങ്കിലും വ്യത്യാസങ്ങൾ വരുത്തുന്ന സമൂഹത്തിന് 'സത്യ സഭ' എന്ന വിശേഷണത്തിന് അർഹതയില്ല.
            .............,(തുടരും)