FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 24

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
  അന്ത്യോക്ക്യാ സഭയുടെ പ്രാധാന്യവും വി.സഭയുടെ പേരും
                      +++ 

      നമ്മുടെ കർത്താവായ  യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും, ക്രൂശുമരണവും,കഴിഞ്ഞ് ശ്ലീഹൻമാർ കൽപ്പനപ്രകാരം ഉയർപ്പിനു ശേഷം വി. സഭയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്  യെറുശലേമിൽ നിന്നായിരുന്നു. മർക്കോസിന്റെ മാളികയിൽ അവർ ഒത്തുചേർന്നതായും, കർത്താവിന്റെ വി. കബറിൽ നിന്നും, എടുത്ത,രക്തം പുരണ്ട  സുഗന്ധദ്രവ്യങ്ങൾ ചേർത്ത് ആദ്യമായി വി. മൂറോൻ ശുദ്ധീകരിച്ചതും മറ്റും മുൻപ് വിശദീകരിച്ചിട്ടുള്ളതാണ്. അന്ത്യോഖ്യാ അന്നത്തെ  ഒരു പ്രധാന പട്ടണമായിരുന്നു. ഭരണസൌകര്യാർത്ഥം  AD 37 ൽ വി.സഭ,വി. പത്രോസ് ശ്ലീഹായാൽ അന്ത്യോഖ്യയിൽ സ്ഥാപിതമാകുകയും, ക്രൂരമായ പീഡകളുടെ നടുവിലൂടെ,പരിശുദ്ധാത്മാവിനാൽ ക്രിസ്തുവിന്റെ വി. അപ്പോസ്തോലൻമാർ പ്രവാചകൻമാർ,ഉപദേഷ്ടാക്കൻമാർ , എന്നിവരുടെ പ്രവർത്തനം മൂലം, യഹുദരിൽ നിന്നും ഇതര വിഭാഗങ്ങളിൽ നിന്നും, അന്ത്യോഖ്യാ സഭയിലേക്ക്  വി. മാമ്മൂദീസാ ഏറ്റ്  അനേകർ ചേർന്നു കൊണ്ടുമിരുന്നു.

 

അ.പ്രവർത്തി
           ++++
"11:25  അദ്ദേഹം ശൌലിനെ അന്വേഷിച്ച് തര്‍സീസിലേക്കു പോയി. അദ്ദേഹത്തെ കണ്ടെത്തി തന്നോടു കൂടെ അന്ത്യോഖ്യായിലേക്ക് കൊണ്ടു പോയി. 
11:26  അവര്‍ ഒരാണ്ടു മുഴുവന്‍ സഭയില്‍ ഒരുമിച്ചു കൂടുകയും വളരെയേറെ ജനത്തെ പഠിപ്പിക്കുകയും ചെയ്തു. അക്കാലം മുതല്‍ അന്ത്യോഖ്യായില്‍ വച്ച് ശിഷ്യന്മാര്‍ക്ക് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് പേരുണ്ടായി. 
11:27  ആ കാലത്ത് പ്രവാചകന്മാര്‍ യറുശലേമിൽ നിന്ന്    അന്ത്യോഖ്യയിലേക്കു വന്നു." 
14:24  അവര്‍ ഫെര്‍ഗിയാ നഗരത്തില്‍ കര്‍ത്താവിന്‍റെ വചനം പ്രസംഗിച്ച ശേഷം ഇത്താലിയായിലേക്ക് പോയി. അവിടെനിന്നും അവര്‍ സമുദ്രയാത്ര ചെയ്ത് അന്ത്യോഖ്യായില്‍ വന്നു. 
14:25  എന്തെന്നാല്‍ അവര്‍ നിര്‍വഹിച്ചതായ ഈ വേലയ്ക്കായി കര്‍ത്താവിന്‍റെ കൃപയ്ക്ക് അവര്‍ ഭരമേല്‍പ്പിക്കപ്പെട്ടത് ഇവിടെ നിന്നും ആയിരുന്നുവല്ലോ.
                      അന്ത്യോഖ്യയും വി.സഭയും തമ്മിലുള്ള ബന്ധം എത്ര വലുതാണെന്നു കാണുക. ശിഷ്യൻമാർ സുന്നഹദോസു കൂടിയിരുന്നതും സെഹിയോൻ മാളികയിലായിരുന്നുവെന്നതാണ് ചരിത്രം. ഇന്ന്
ലോകത്തുള്ള കൈസ്തവരെ പ്രധാനമായി മൂന്നായി തിരിക്കാം. 1) കലർപ്പില്ലാത്തതും , യഥാർത്ഥ അപ്പോസ്തോലിക പിൻതുടർച്ചയുമുള്ള , ആ പിൻതുടർച്ച - പൌരോഹിത്യം - ഇടമുറിയാതെ നിലനിർത്തി വരുന്ന കാതോലികവും, ശ്ലൈഹികവുമായ എക, വിശുദ്ധ സഭ. അത് ഏകമാണ്. ഒന്നേയുള്ളു. ആ സഭയുടെ  മാമ്മൂദീസാ മുങ്ങി ആ സത്യവിശ്വാസത്തിലുള്ളവർ    2) അപ്പോസ്തോലിക പിൻതുടർച്ചയില്ലെങ്കിലും, ഉണ്ട് എന്നവകാശപ്പെടുന്ന  സഭകൾ.   3) അപ്പോസ്തോലിക പിൻ തുടർച്ചയില്ലാത്തവർ, അത് ആവശ്യമില്ല. വചനം മതി എന്ന വിശ്വാസത്തിൽ ജീവിക്കുന്നവർ. ഇതിൽ രണ്ടും, മൂന്നും വിഭാഗത്തിലുള്ളവരുടെ പ്രവർത്തനത്തിന്റെ ഫലം ദൈവം അവർക്കു നൽകട്ടെ. എന്നാൽ ഒന്നാമത്തെ വിഭാഗത്തിൽ പെട്ട വി. അന്ത്യോഖ്യാസഭാംഗങ്ങൾ , തങ്ങൾ എത്ര മഹത്വമേറിയ സഭയിലാണെന്നും തങ്ങൾക്കു ലഭിക്കാൻ പോകുന്ന പദവി എന്തെന്നും കഴിഞ്ഞ ക്ലാസുകളിൽ നാം കണ്ടു.   അതിനാൽ അന്യരുടെ  അടുക്കൽ  പോയി  അവർ പറയുന്നതും വിശ്വസിച്ച്‌  കഴിയേണ്ടി വരുന്ന  ദുരവസ്ഥ ഉണ്ടാകരുത്. നമ്മുടെ ദേവാലയങ്ങളുൾപ്പെടെ  ആചാരാനുഷ്ടാനങ്ങളും, പാരമ്പര്യവുമെല്ലാം അപഹരിച്ച്  യഥാർത്ഥ ഉടമകളായ നമ്മേ വഴിയിലറക്കി  വിടുന്ന ഈ കാലഘട്ടത്തിൽ  നമ്മുടെഅമൂല്യങ്ങളായ , അപ്പോസ്തോലിക പിൻതുടർച്ചയും, സത്യവിശ്വാസവും  കലർപ്പു  കലരാതെ സംരക്ഷിക്കുകയും, അതിന്റെ വിശുദ്ധിയും, തനിമയും കണ്ണിലെ കൃഷ്ണമണി പോലെ  കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.  പീഢകളും,യാതനകളും സഹിക്കേണ്ടി വന്നിട്ടും  നമ്മുടെ പൂർവ്വികർ അത് കാത്തുസൂക്ഷിച്ചു. ജീവൻ കൊടുത്തും അവർ നമുക്കു വേണ്ടി അത് കരുതിവച്ചു, അത്  പാലിച്ച്  നമ്മേ ഏൽപ്പിച്ചതു പോലെ  അടുത്ത  തലമുറയേ നാമും അത് പാലിച്ച്, പഠിപ്പിച്ച്‌ , ഏൽപ്പിച്ചു കൊടുത്തില്ലെങ്കിൽ അതായിരിക്കും, മറ്റെന്തിനേക്കാളും  നമ്മുടെ  ഏറ്റവും വലിയ  പതനത്തിന് കാരണമാകുന്നത്. ആരും വഴിതെറ്റിപ്പോകാതിരിക്കുവാനും ,വഴി തെറ്റിപ്പോയവരെ തിരികെക്കൊണ്ടുവരാനും  നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അതിന് ദൈവം നമുക്കു തരുന്നപ്രതിഫലം,നിത്യജീവനാണ്. 

യാക്കോബ്
          ----
5:19  എന്‍റെ സഹോദരന്മാരെ, നിങ്ങളില്‍ ഒരുവന്‍ സത്യ മാര്‍ഗ്ഗത്തില്‍ നിന്നു തെറ്റിപ്പോകയും അവന്‍റെ വഴി തെറ്റില്‍ നിന്നും അവനെ ഒരുവന്‍ തിരികെ വരുത്തുകയും ചെയ്താല്‍
5:20  വഴി തെറ്റില്‍ നിന്നും ഒരുവനെ തിരികെ വരുത്തിയവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുകയും, തന്‍റെ പാപങ്ങളുടെ ബഹുലതയെ മായിച്ചു കളയുകയുമാണ് ചെയ്തത് എന്നറിഞ്ഞു കൊള്ളട്ടെ. 

 

        ലോകമെമ്പാടുമുള്ള  ക്രൈസ്തവസഭകളും,സമൂഹവും ഒരു പോലെ  സമ്മതിക്കുന്ന ഒന്നാണ്  വി. അന്ത്യോഖ്യാ സഭയുടെ പ്രാധാന്യവും ,മഹത്വവും, പൌരാണികതയും,പാരമ്പര്യവുമെല്ലാം. അന്ത്യോഖ്യാസഭയാണ് ലോകത്താദ്യമായി സ്ഥാപിതമായ സഭയെന്നത്  എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. എന്നാൽ  വി.സഭയുടെ  പേരു പോലും പറയാൻ യോഗ്യതയില്ലാത്തവർ, അപ്പോസ്തോലിക പിൻതുടർച്ചയൊന്നും അവകാശപ്പെടാൻ  ഇല്ലാത്തവർ, ഈ സഭയുടെ മഹത്വം മനസിലാക്കി, വി.സഭയെത്തന്നെ ഇല്ലായ്മ ചെയ്യാമെന്നു  വ്യാമോഹിക്കുന്നു. വി.സഭയുടെ ആത്മീയ സമ്പത്തുകൾ കവർന്നെടുക്കുവാനും, തങ്ങളാണ് യഥാർത്ഥ  സഭയെന്നു  സ്ഥാപിച്ചെടുക്കുവാനുള്ള പലമാർഗങ്ങളും അങ്ങനെയുള്ളവർ  സ്വീകരിച്ചു വരുന്നുണ്ടെന്നതിനാൽ നാം ഉണർന്നിരിക്കേണ്ടതാണ്.  കൊടും പാപത്തിൽ മുങ്ങിത്താഴുന്നവർ  ഈ വി.സഭയുമായി  ലയിക്കാനും, ധാരണക്കും വരുന്നതിൽ  വിശ്വസിക്കുന്നത് ഏദൻ തോട്ടത്തിലെ ആ പഴയ പാമ്പിന്റെ  വാക്ക്  വീണ്ടും നാം വിശ്വസിക്കുന്നതിനു തുല്യമാണ്. നാം വഞ്ചിക്കപ്പെടരുത്. അതുവഴി നാം നഷ്ടമാക്കുനത്  വിശുദ്ധരായ  നമ്മുടെ  പിതാക്കൻമാർ നമുക്കു കൈമാറിയ നമ്മുടെ  സഭയുടെ വിശുദ്ധിയും, ആത്മീയ സമ്പത്തുമാണ് .   ക്രിസ്തുവിന്റെ മണവാട്ടി തന്റെ വലിയ വരവിൽ   തന്നെ എതിരേൽക്കുവാൻ  വിശുദ്ധിയോടെ  ഒരുങ്ങുമ്പോൾ , വക്ര ബുദ്ധിയും, വഞ്ചകനുമായ  സാത്താന്റെ കെണിയിൽ വീഴിക്കാതെ  ഈ മണവാട്ടി സഭയെ  ക്രിസ്തുവാകുന്ന മണവാളൻ സംരക്ഷിച്ചു കൊള്ളുമെന്നുള്ളത് ഉറപ്പാണ്. 

 

          അന്ത്യോക്ക്യായിൽ സ്ഥാപിതമായ  ആകമാന  സുറിയാനിഓർത്തഡോക്സ് സഭയുടെ അംഗങ്ങളാണ് നാം.  ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയിൽജീവിച്ചിരികുമ്പോൾ ലഭിക്കാവുന്ന ഏറ്റവും  മഹത്തരമായ ആത്മീയ പദവിയാണത്.കർത്താവിന്റെ മണവാട്ടിയാകാൻ  മുദ്രകുത്തപ്പെട്ട് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ   എന്നാണതിന്റെ അർത്ഥം. മുൻ ക്ലാസുകളിലെല്ലാം വി.സഭയെ അന്ത്യോഖ്യൻ സഭയെന്നായിരുന്നല്ലോ പരാമർശിച്ചിരുന്നത്. എന്നാൽ  നമ്മുടെ വി. സഭ , പ്രത്യേകിച്ച് ഭാരതത്തിൽ - മലങ്കരയിൽ - എന്തൊക്കെ  പേരുകളിലാണ് വിളിക്കപ്പെടുക.?
അന്ത്യോഖ്യാ സഭ , മണവാട്ടി സഭ,സുറിയാനി സഭ, യാക്കോബായ സഭ, മലങ്കര സഭ, തുടങ്ങിയുള്ള പല പേരും കൂടാതെ,   യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌  സഭ എന്നെല്ലാംവിളിക്കപ്പെടുന്നു.

 

       എന്നാൽ  നമ്മുടെ സഭയുടെ  ചില  പദങ്ങൾ  , ചേർത്തും, തലതിരിച്ചിട്ടും ,  പലരും കാലാന്തരത്തിൽ സഭകളും, സമൂഹങ്ങളും സൃഷ്ടിച്ചു വരുന്നതായി  നാം  കാണുന്നു.ഇത്  മറ്റുള്ളവരുടെ ഇടയിൽ ചിന്താക്കുഴപ്പമുണ്ടാക്കാനും, സിറിയൻ ഓർത്തഡോക്സ്   സഭയുടെ  ഭാഗം തന്നെയാണവരെന്നും,  അറിവില്ലാത്തവരുടെയും, പ്രത്യേകിച്ച് ഇതര രാജ്യങ്ങളിലുള്ളവരുടെ ഇടയിലും, ചിന്താക്കുഴപ്പം ഉണ്ടാക്കുവാനും വേണ്ടി മാത്രമുള്ള ഒരു തന്ത്രമാണതെന്നു കരുതുന്നതിൽ തെറ്റില്ല.   

സിറിയനും , ഓർത്തഡോക്സും , അന്ത്യോഖ്യായുമൊക്കെ എല്ലാവർക്കും വേണം.  അടുത്തകാലത്തുണ്ടായതായ ഒരു നവീകരണ സഭ , സിറിയനും, ഓർത്തഡോക്സും ചേർത്ത്  ഒരു സഭയുണ്ടാക്കിയതായി വായിച്ചു.  സിറിയയോ , സുറിയാനിഭാഷയുമായോ ഒരു ബന്ധവുമില്ലാത്ത ഇവരോടൊക്കെ  നിങ്ങൾ എന്തിനാണ് സിറിയൻ എന്ന്  അവരുടെ  സഭയുടെ പേരിനോടു ചേർത്തിരിക്കുന്നതെന്നു ചോദിച്ചാൽ  സുറിയാനി യുമായിട്ടുള്ള  ബന്ധം മൂലമാണെന്ന്  അവരും പറയും. എന്നാൽ
 നമ്മെഎന്തുകൊണ്ടാണ് സിറിയൻ എന്നു വിളിക്കുന്നതിന്റെ കാരണം നാംഅറിഞ്ഞിരിക്കേണ്ടതാണ്. (അടുത്ത ക്ലാസിൽ ദൈവ കൃപയാൽ അതേക്കുറിച്ചു മനസിലാക്കാം.)

 

വി.സഭയുടെ പേര്
         
      വി.സഭയെക്കുറിച്ചും  വി.സഭയുടെ പേരിനെ ക്കുറിച്ചും സഭാക്കേസിൽ വി. സഭയുടെ മഹാപണ്ഡിതൻ   ആർച്ച് കോറെപ്പിസ്ക്കോപ്പാ  വന്ദ്യ കണിയാമ്പറമ്പിലച്ചൻ ഇതേ സംബന്ധിച്ച്     കോടതിയിൽ 1977 ൽ കൊടുത്ത മൊഴി  നോക്കുക. (ചോദ്യവും ഉത്തരവും അതേ പോലെ തന്നെ താഴെക്കൊടുക്കുന്നു )

 

 ആരംഭം
        
" ഞാൻ പരിശുദ്ധ അന്ത്യോക്ക്യാ പാത്രിയർക്കീസ് ബാവ പ്രധാന അദ്ധ്യക്ഷനായുള്ള സിറിയൻ ഓർത്തഡോക്സ് സഭയിലെ പട്ടക്കാരനാണ്. ശെമ്മാശനായി എനിക്കു പട്ടം നൽകിയത്  അന്ത്യോക്ക്യാ സിംഹാസന പ്രതിനിധി, മോർ ഒസ്താത്യോ
സ് ബാവാ ആണ്. (കുന്നംകുളം)
പൌലോസ് , മോർ അത്താനാസിയോസ് മെത്രാപ്പോലീത്താ കശീശാ പട്ടവും (ആലുവായിലെ വലിയ തിരുമേനി ) തന്നു. അന്ത്യോക്ക്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ബാവാ (മഞ്ഞനിക്കര) കോർ എപ്പിസ്കോപ്പാ സ്ഥാനം നൽകി. കേരളാ യൂണിവേഴ്സിറ്റിയിൽ  ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ സിറിയക് മെംബറാണ് ഞാൻ. 27 - 28 വർഷങ്ങളായി അതു തുടരുന്നു. സഭയിലെ സൺഡേ സ്ക്കൂൾ പ്രവർത്തനത്തിന്റെ ഡയറക്ടറായും, സയറക്ടർ  ജനറലായും മുപ്പതു വർഷത്തോളം സേവനംഅനുഷ്ഠിച്ചിട്ടുണ്ട്.
സിറിയൻഓർത്തഡോക്സ് സഭയ്ക്ക്
  
 "യാക്കോബായ സഭ"  എന്നും  പറയും. സുറിയാനി സഭ , മലങ്കര സഭ എന്നെല്ലാം കൂടെ  പറയാറുണ്ട്. സിറിയൻ ഓർത്തഡോക്സ് സഭ എന്നതിന്  സുറിയാനിയിൽ

 "ഈത്തോ  സുറിയൊയ്ത്തോ  ഓർത്തോ   ദുക്സോ എന്നാണ് ശരിയായ പരിഭാഷ .സുറിയാനി ഓർത്തഡോക്സ് സഭയിൽ മലങ്കരയുള്ള സഭയ്ക്ക് മലങ്കര സഭ എന്നും പറയും.

 

ചോ: മലങ്കരയിലുള്ള സുറിയാനി സഭയും, സിറിയായിലുള്ള  സുറിയാനി സഭയും രണ്ടാണെന്നു പറയുന്നതു ശരിയാണോ?

ഉ: ശരിയല്ല. മലങ്കരയിലെ സുറിയാനി സഭ ആകമാന സുറിയാനി സഭയുടെ ഒരു മഹാ ഇടവകയാണ്.

 

ചോ: മലങ്കരയിലുള്ള സുറിയാനി സഭയ്ക്ക് മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയെന്നും പേരു പറയുമോ ?

ഉ:  ആ പേര് ഒരു വിഭാഗം ഉപയോഗിക്കുമായിരുന്നു. രണ്ടും ഏക സഭ എന്ന അർത്ഥത്തിൽ ... സാധാരണക്കാർ ആ പേരിനെക്കുറിച്ച്  കുറ്റം  കണ്ടിരുന്നില്ല.
എന്നാൽ അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിന്ന് വിഭിന്നമായ ഒരു സഭയായി ഉദ്ദേശിച്ചു കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്  ചില പ്രസ്ഥാവനകൾ മൂലവും, മറ്റും മനസിലാക്കായതിന്റെ വെളിച്ചത്തിൽ ആ പേര് മലങ്കരയിലേ സഭയ്ക്ക്  ഉപയോഗിക്കാവുന്നതല്ല.സുറിയാനി സഭ അതായത്  സിറിയൻ ഓർത്തഡോക്സ് സഭ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ഉണ്ട് .

 

ചോ: അങ്ങനെ വിവിധ ഭാഗങ്ങളിലുള്ള സഭകളെല്ലാം കൂടി ആകമാന സുറിയാനി സഭ എന്നു പറയുമോ ?

ഉ: പറയും. ഇംഗ്ലീഷിൽ അതിന്  Universal Syrian Orthodox Church  എന്നു      പറയും പ്രധാനമായി ഇന്ത്യയിൽ, മിഡിലീസ്റ്റ്, അമേരിക്കയിൽ, പിന്നെ ലോകത്തിന്റെ പലസ്ഥലങ്ങളിലും സിറിയൻ ഓർത്തഡോക്സ് സഭ ഉണ്ട് . ഇങ്ങനെ വിവിധ സ്ഥലങ്ങളിലുള്ള എല്ലാത്തിനും കൂടി ഒരു തലവനുണ്ട്. അത്  വിശുദ്ധ പത്രോസിന്റെപിൻഗാമിയായി അന്ത്യോക്ക്യാ സിംഹാസനത്തിലെ പ. പാത്രിയർക്കീസ്ബാവായാണ്.

 

           (തുടരും)