FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 21

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
അഞ്ചാം തുബ്ദേനിൽ വി. അന്ത്യോഖ്യാസഭയുടെ ദേവാലയങ്ങളിൽ ആദിമ നൂറ്റാണ്ടുമുതൽ  ഇന്നോളം വി.കുർബ്ബാനമദ്ധ്യേ നാം      ഓർമ്മിക്കുകയും പ്രാർത്ഥിക്കുകയും, മദ്ധ്യസ്ഥത യാചിക്കുകയും  ചെയ്യുന്ന അനേകവിശുദ്ധർ  വി.സഭയ്ക്കുണ്ട്. അവരുടെ വി.കബറുകൾ മലങ്കരയാക്കോബായ സുറിയാനി ഓർത്തഡോക്സ്  സഭയുടേതു മാത്രമായിരുന്നതും, ഇപ്പോൾ ആയിരിക്കുന്നതുമായ ദേവാലയങ്ങളിൽ , ---  വി. അന്ത്യോഖ്യാസഭയ്ക്കു വേണ്ടിയും, അതിൻ്റെ ഇൻഡ്യയിലെ ഭാഗമായ വി. യാക്കോബായ സുറിയാനി സഭ'യ്ക്കുവേണ്ടിയും  അവർ അനുഷ്ടിച്ച പീഡകളുടേയും, കഷ്ടപ്പാടുകളുടേയും, ത്യാഗത്തിൻ്റെയും, വിശ്വാസധീരതയുടെയും നിത്യസ്മാരകങ്ങളായി --  നിലകൊള്ളുന്നു. ആ വി.കബറുകളിൽ നാം പോകുന്നു, മദ്ധ്യസ്ഥത യാചിക്കുന്നു. പ്രാർത്ഥിക്കുന്നു. എന്നാൽ  അന്ത്യോഖ്യയിലും പരിസര പ്രദേശങ്ങളിലും,മറ്റു പല രാജ്യങ്ങളിലും വി.അന്ത്യോഖ്യാസഭയുടെ പതിനായിരക്കണക്കിന്  വിശുദ്ധരും രക്തസാക്ഷികളുമായിട്ടുള്ളവർ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ആദ്യ നൂറ്റാണ്ടു മുതൽ യുദ്ധങ്ങളുടേയും, രക്തച്ചൊരിച്ചിൻ്റെയും, ക്രിസ്ത്യാനികൾക്കുണ്ടായ  
പീഡകളുടേയും കൂട്ടപ്പാലായനങ്ങളുടേയും മറ്റും ഇടയിലായിരുന്നെങ്കിലും അവരിൽ അനേകരുടെ  വിശുദ്ധ കബറുകൾ, തിരുശേഷിപ്പുകൾ എന്നിവ  വി.സഭ സംരക്ഷിക്കുന്നു, സൂക്ഷിക്കുന്നു.പല വി. കബറുകളും എവിടെയെന്നറിയാതെയും ആയിട്ടുണ്ട്.അങ്ങനെയുള്ള വിശുദ്ധരിൽ തുബ്ദേനിൽ നാം ഓർമ്മിക്കുകയും , പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ മാത്രം  ലഘു ചരിത്രം നാം അറിഞ്ഞിരിക്കേണ്ടതാണ്.  

             ------------

         
 1) വി. യാക്കോബ്. (മുൻ ക്ലാസിൽ വിശദീകരിച്ചു.)

     കർത്തൃ സഹോദരനായ ശ്ലീഹാ , വി. കുർബ്ബാന ക്രമം ഉയർപ്പിനു ശേഷം ക്രിസ്തുവിൽ  നിന്ന്  വാമൊഴിയായി  നേരിട്ട് പഠിച്ച് ആദ്യബലി സെഹിയോൻ മാളികയിൽ അർപ്പിച്ചു .യെരുശലേമിലെ ഒന്നാം പ്രധാനാചാര്യൻ.  എ.ഡി. 51 ൽ ഒന്നാം യെറുശലേം സുന്നഹദോസിന്റെ അധ്യക്ഷൻ. (അപ്ര 15; 13)  AD 62ൽ  രക്തസാക്ഷിയായി.

 

2 ) വി. ഇഗ്നാത്യോസ്.

     കർത്താവ് കൈകളിൽ എടുത്ത് ഉയർത്തിയ പൈതൽ പിന്നീട് അന്ത്യോഖ്യയിലെ മൂന്നാം പാത്രിയർക്കീസ്. (മുൻ ക്ലാസ്സിൽ വിശദീകരിച്ചു) AD. 107 ൽ സിംഹത്തിന് ഭക്ഷണമായി സാക്ഷി മരണം പ്രാപിച്ചു. അദ്ദേഹത്തിൻ്റെ നാമം അന്ത്യോഖ്യാ പാത്രിയർക്കീസന്മാരുടെ സ്ഥിര നാമം ആയി AD 107 മുതൽ ഇന്നോളം തുടരുന്നു. 

 

3) വി.ക്ലീമ്മീസ്.

( മുൻക്ലാസിൽ വിശദീകരിച്ചു. )
പത്രോസ് ശ്ലീഹാ വഴി ക്രിസ്ത്യാനിയായി. റോമിലെ മൂന്നാം പാത്രിയർക്കീസ് ആയി. AD 101 ൽ രക്തസാക്ഷിയായി. വി. കൂദാശകളെക്കുറിച്ച് ലേഖനം എഴുതി.

 

4) വി. ദീവന്നാസ്യോസ്.

      പൗലോസ് വഴി ക്രിസ്ത്യാനിയായി. ഗ്രീസിലെ മെത്രാപ്പോലീത്തയായി. ഗ്രന്ഥകർത്താവ്. AD 95ൽ രക്തസാക്ഷിയായി.

 

5) വി.അത്താനാസിയോസ്.

     AD.325 - ൽ നിഖ്യാ സുന്നഹദോസിൽ സംബന്ധിച്ചു. വിശ്വാസപ്രമാണം തയ്യാറാക്കിയതിൽ പ്രധാനി. എ.ഡി 328 ൽ  വി. അന്ത്യോഖ്യാസഭയുടെ  സഹോദരിസഭയായ അലക്സന്ത്രിയാ പാത്രിയർക്കീസായി. 270 പിതാക്കൻമാരെ വാഴിച്ചു. 373 ൽ  കാലം ചെയ്തു

 

6) വി. യൂലിയോസ്.

      നിഖ്യാസുന്നഹദോസിൽ സംബന്ധിച്ചു. വി. കുർബ്ബാന തക്സാ രചിച്ചു. AD.325 ൽ കാലം ചെയ്തു.

 

7) വി. ബസേലിയോസ്.

    AD.370 ൽ കൈസറിയായിലെ മെത്രാപ്പോലീത്തയായി. കാതോലിക്കായുടെ സ്ഥിരനാമം  ഇദ്ദേഹത്തിൽ നിന്നുണ്ടായി. വലിയ പണ്ഡിതനായ ഇദ്ദേഹമാണ്  ആദ്യ ദയറായുടെ സ്ഥാപകൻ.

 

8) വി. ഗ്രീഗോറിയോസ്.

     മാർ ബസേലിയോസിൻ്റെ സഹോദരൻ. AD 379 ൽ  കുസ്തന്തീനോ പോലീസിലെ പാത്രിയർക്കീസ് ആയി. രണ്ടാം സുന്നഹദോസിൽ, കുസ്തന്തിനോപ്പോലീസിലെ സുന്നഹദോസിൽ സംബന്ധിച്ചു. വേദശാസ്ത്ര പണ്ഡിതൻ. അറിയോസിൻ്റെ വേദവിപരീതത്തിനെതിരെ നിലകൊള്ളുകയും, നിഖ്യാ സുന്നഹദോസിൻ്റെ വിജയത്തിനു പ്രവർത്തിക്കുകയും ചെയ്തു. ത്രിത്വ വിശ്വാസത്തെക്കുറിച്ചു പഠിപ്പിച്ചു.AD. 394 ൽ കാലം ചെയ്തു.

 

9) ദീയസ്കോറോസ് .

എ.ഡി 444 ൽ അലക്സ ന്ത്രിയയിലെ മെത്രാപ്പോലീത്തയായി. എ.ഡി 451-ൽ  കൽക്കദൂനിയാ  സുന്നഹദോസിൽ സത്യവിശ്വാസത്തിനു വേണ്ടി പോരാടി. നാടുകടത്തപ്പെട്ടു . എ.ഡി 484 ൽ കാലം ചെയ്തു.

 

10) തീമൊഥിയോസ്.

       ദീയസ്കോറോസിന്റെ അനന്തരഗാമിയായി വന്ന് സത്യവിശ്വാസത്തിനുവേണ്ടി പോരാടി. ഭരണാധികാരികളാൽ  പീഡിപ്പിക്കപ്പെട്ട്  സിംഹാസനത്തിൽ നിന്ന് മാറ്റപ്പെട്ട് എ.ഡി 477 - ൽ ദിവംഗതനായി. 

 

11)  ഫീലിക്സിനോസ്.

 എ.ഡി485 - ൽ മാബൂഗിലെ മെത്രാപ്പോലീത്തയായി വേദപുസ്തകത്തിൻ്റെ സുറിയാനി പരിഭാഷ പ്രസിദ്ധീകരിച്ചു.അഗാധ പണ്ഡിതൻ. യുസ്തീനിയൻ കൈസറിനാൽ എ.ഡി 523 - ൽ ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ടു.

 

12)  അന്തിമോസ് .
   AD.535 - ൽ കുസ്തന്തിനോസ് പൊലീസിലെ പാത്രിയാർ ക്കീസ് ആയി.  ആരാധനയിലെ  'എക്ബോകൾ' (  പ്രത്യേക  പ്രാർത്ഥന ) അധികവും എഴുതിയ  ഗായകൻ. ഇരു സ്വഭാവവാദത്തിനെതിരെ സത്യവിശ്വാസ പോരാളി. ചക്രവർത്തിയുടെ സഹായത്തോടെ സഭയ്ക്ക് നേട്ടങ്ങൾ  ഉണ്ടാക്കി .

 

13)  ഈയവാനിസ്

എ.ഡി 398 ൽ   കുസ്തന്തീനോസ് പൊലീസിലെ പാത്രിയർക്കീസ്. വി.കുർബ്ബാന തക്സാ എഴുതി.നല്ല പ്രസംഗകനാകയാൽ സ്വർണ്ണനാവുകാരൻ എന്ന അപരനാമം ലഭിച്ചു . ചക്രവർത്തിയാൽ നാടുകടത്തപ്പെട്ട് എ.ഡി 407 ൽ കാലം ചെയ്തു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

 

14) കൂറിലോസ് 

എ.ഡി 429 - ൽ അലക്സ ന്ത്രിയയിലെ പാത്രിയാർക്കീസ് ആയി. മനുഷ്യാവതാരവും മറിയാമിന്റെ ദൈവ മാതൃത്വവും ഉറപ്പിച്ചു പഠിപ്പിച്ചു . എഫേസൂസ് സുന്നഹദോസിൽ അദ്ധ്യക്ഷനായിരുന്നു . എ.ഡി 449 - ൽ കാലം ചെയ്തു.

 

15 ) സേവേറിയോസ് 
AD. 512-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ആയി . ഏറെ വിശേഷങ്ങളുള്ള ഈ പിതാവ് എ.ഡി 518- ൽ രാജാവിനാൽ നാടുകടത്തപ്പെട്ടു. സത്യവിശ്വാസം വ്യക്തമായി പഠിപ്പിച്ച ഈ പിതാവ് എ.ഡി. 538 -ൽ കാലം ചെയ്തു.

 

16) യാക്കൂബ് ബുർദാന

(കീറത്തുണി  ഉടുത്തവൻ ) ലളിത ജീവിതം നയിച്ച  ദയറക്കാരനായ ഉറഹായിലെ എപ്പിസ്ക്കോപ്പാ. വലിയ പോരാട്ടത്തിലൂടെ സഭയുടെ പുനരുദ്ധാരകൻ. 

 

17) അപ്രേം 
പരിശുദ്ധാത്മാവിന്റെ  കി ന്നരം എന്ന അപരനാമത്താൽ അറിയപ്പെട്ട  ഉത്തമ ദയറാക്കാരനായ ശെമ്മാശൻ. യാമപ്രാർത്ഥനകളിൽ സിംഹഭാഗവും അനേകം മെമ്രാകളും എഴുതി. നിഖ്യാ സുന്നഹദോസിൽ സംബന്ധിച്ചിരുന്നു. എ.ഡി 373 - ൽ ദിവംഗതനായി. എല്ലാ സഭകളും അംഗീകരിക്കുന്ന പുണ്യവാൻ. 

 

18) യാക്കൂബ്

ഇദ്ദേഹവും  പരിശുദ്ധാത്മാവിന്റെ  കിന്നരം എന്ന അപരനാമധാരിയായിരുന്നു.  കവിയും ജ്ഞാനിയും അനേകം മെമ്രാകളും, ബോവൂസോ (അപേക്ഷ) കളും  എഴുതി സഭയെ ധന്യമാക്കിയ പിതാവ് 67-ാം  വയസ്സിൽ എപ്പിസ്ക്കോപ്പായായി എ.ഡി. 521 - ൽ  കാലം ചെയ്തു.

 

19) ഇസഹാക്ക് 

പീഡകൾ അനുഭവിച്ച് സന്യാസജീവിതം നയിച്ച പട്ടക്കാരൻ . എ.ഡി 418 -ൽ മരിച്ചു.

 

20)ബാലായി.

ഗ്രന്ഥകർത്താവും കവിയുമായ  എപ്പിസ്ക്കോപ്പായായിരുന്നു. അനേക മെമ്രാകൾ എഴുതി. 5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.

 

21) ബർസൗമാ .

നോമ്പിന്റെ പുത്രൻ എന്ന അപരനാമമുള്ള ഇദ്ദേഹം നിരന്തരം നിന്നുകൊണ്ടുള്ള പ്രാർത്ഥനയും തീക്ഷ്ണമായ നോമ്പും നടത്തി. കഷ്ടതകൾ സ്വയം വരിച്ച് അനേകരെ വിശ്വാസത്തിലേക്ക് നടത്തിയ പ്രവാചകൻ.എ.ഡി 457- ൽ കാലം ചെയ്തു.

 

22) ശെമഓൻ ദെസ്തുനി .

40 വർഷം തൂണിൻമേൽ നിന്ന് നോമ്പ് നോറ്റ് പ്രാർത്ഥിച്ച അന്ത്യോഖ്യാക്കാരനായ താപസശ്രേഷ്ഠൻ. അനേകരെ വിശ്വാസത്തിലേക്ക് നയിച്ച് വയോവൃദ്ധനായി എ.ഡി. 456-ൽ കാലം ചെയ്തു.

 

23.) അബഹായ്

മർദ്ദീനയിൽ ജനിച്ച് സർവ്വസ്വവും വിറ്റ് ദരിദ്രർക്ക് കൊടുത്ത് ദയറായിൽ ചേർന്ന് നിഖ്യായിൽ മെത്രാപ്പോലീത്തയായി അനേക അത്ഭുതങ്ങൾ പ്രവർത്തിച്ചു . അഞ്ചാം നൂറ്റാണ്ടിൽ ദിവംഗതനായി.

 

(Reference : വി. കുർബ്ബാന ക്രമത്തിൽ നിന്ന്)