FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 2

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
       

ക്രിസ്തു സ്ഥാപിച്ച സഭ ഏതെന്നും, ആ സഭയുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളുമെന്താണെന്നതും ഇനി പഠന വിഷയമാക്കാം.
                 
മ്ശിഹാ വഴിയും സത്യവും ജീവനുമാകുന്നു. തന്നിലൂടെയല്ലാതെ  ആരും പിതാവിങ്കലേക്ക് വരുന്നില്ല. എല്ലാവരും രക്ഷപ്പെടുന്നതിന് സത്യവും ജീവനും, പ്രകാശവും, കൃപയും ദൈവത്തിൽ നിന്ന് സ്വീകരിക്കുന്നതിനുള്ള വഴിയത്രേ വിശുദ്ധ സഭ. വിശുദ്ധ പൗലേസ് ശ്ലീഹാ (1.കോരി.12:12) ഇതേപ്പറ്റി പറയുന്നത് ശരീരത്തിലെ അവയവങ്ങൾ ശിരസ്സിനോട് എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവോ അപ്രകാരം സത്യമായും, കൃത്യമായുമത്രേ സഭ മ്ശിഹായോട് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ മേൽ വാക്യങ്ങളിൽ  നിന്നെല്ലാം നാം മനസിലാക്കിയിരിക്കുന്ന സത്യം മ്ശിഹായും തന്റെ  മണവാട്ടിയാകുന്ന വിശുദ്ധ സഭയും തമ്മിൽ വേർപിരിക്കപ്പെടാൻ  സാദ്ധ്യമല്ലാത്ത വിധത്തിൽ ഒന്നാകുന്നുവെന്നത്രേ.

"ഞാൻ തന്നെ ഏക മദ്ധ്യസ്ഥൻ എന്നിൽ കൂടെയല്ലാതെ ഒരുവനിലും രക്ഷയില്ല".

ഇപ്പോൾ ക്രിസ്തുവും, വിശുദ്ധ സഭയും ഒന്നാകയാൽ മേൽ വാക്യത്തിൽ നിന്നും മനസിലാക്കേണ്ടത് വിശുദ്ധ സഭയുടെ (ക്രിസ്തുവിന്റെ) മാദ്ധ്യസ്ഥതയിൽ  അഥവാ, വിശുദ്ധ സഭയിലൂടെയല്ലാതെ  വേറൊരു വഴിയിലും രക്ഷയുണ്ടാകയില്ല  എന്ന സത്യവും വെളിവാകുന്നു.

മനുഷ്യൻ സഭയുടെ ഐക്യത്തിൽ നിന്ന് വിട്ടുപിരിഞ്ഞു പോയേക്കാം. എന്നാൽ അതുമൂലം ഏക സഭയെ നശിപ്പിക്കാൻ സാധ്യമല്ല. സഭ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ജനമാകുന്നു. (1.പത്രോ 2:10:8) അതിനായി മ്ശിഹാ  മരിച്ചു. അതിനെ താൻ രക്ഷിച്ചു. അതിനു താൻ  ജീവനെ നൽകുന്നു. നമ്മെ ആ കുടുംബത്തിലെ അംഗങ്ങളാക്കിതീർത്തുകൊണ്ട് ആളാംപ്രതിയായും രക്ഷിക്കുന്നു. ഏവംവിധം മഹത്വമുള്ള സഭയിൽ  അംഗത്വം പ്രാപിച്ചിരിക്കുന്നതിനാൽ, രക്ഷ, വിശുദ്ധീകരണം, എന്നിവ നമുക്ക് സ്വായത്തമാകുന്നു.
            
ആകയാൽ താൻ ചെയ്യുന്നത് ഇന്നതെന്ന് അറിഞ്ഞുകൊണ്ട് കർത്താവിന്റെ സഭയിൽ നിന്നും കൂദാശകളിൽ നിന്നും മനഃപൂർവ്വമായി പിന്തിരിഞ്ഞു പോകുന്നവന് മിശിഹാ ലോകത്തിലായിരുന്നപ്പോൾ തന്റെ അടുക്കലേക്ക്, തിരിയുവാൻ മനസ്സില്ലാതിരുന്നവർക്ക് ദൈവത്തിന്റെ കൃപയും സത്യവും പ്രാപിപ്പാൻ സാധിക്കാതിരുന്നതുപോലെ അവ പ്രാപിപ്പാൻ സാധ്യമല്ല തന്നെ.
          
പുതിയ നിയമത്തിൽ സഭ എന്നുദ്ദേശിക്കുന്നത് വരുവാനിരിക്കുന്ന രാജ്യത്തിലെ അവകാശികളായിത്തീരാനുള്ളവരുടെ  ആ സംഘത്തെയാകുന്നു. സഭ ദൈവം തനിക്കായി തന്നെ ഒരു ജനസമൂഹത്തെ നിർമ്മിക്കുന്നതാകുന്നു. അവർ ദൈവത്തിന്റെ പുതിയ ഇസ്രായേൽ ആകുന്നു. അത് ഇസ്രായേലിന്റെ പൂർത്തീകരണമാകുന്നു.
         
സഭ ദൈവത്തിന്റെ ഇസ്രായേലും (ഗലാ 6:16) തെരഞ്ഞെടുക്കപ്പെട്ട കൂട്ടവും (1.പത്രോ.2: 9-10) രാജകീയ ആചാര്യഗണവും (പുറ.19:6) വിശുദ്ധ ജാതിയും (ആവ. 7:6) ദൈവത്തിന്റെ സ്വന്തമായ ജനവും (മലാഖി 3; 17) ആകുന്നു. ഇന്ന് ലോകത്തിൽ അനേക 'സഭ'കളും, സമൂഹങ്ങളുമുണ്ട്. 

ഏതാണ് ക്രിസ്തു സ്ഥാപിച്ച സഭ? 
     
അതിന്റെ ലക്ഷണം, ലക്ഷ്യം, പ്രാരംഭ പ്രവർത്തനം എന്നിവ വേദപുസ്തകാടിസ്ഥാനത്തിൽ നാം അറിയേണ്ടതാണ്. 'സഭകൾ' എന്ന് അപ്പോസ്തോല പ്രവർത്തിയിൽ  കാണുന്നവ ഏക സഭയുടെ പ്രാദേശിക ഘടകങ്ങളായിരുന്നു. കൊരിന്തിലുള്ള  ദൈവസഭ, (1.കോരി.1:2) ഗലാത്യയിലെ സഭകൾ (ഗലാ 1:2) ആസിയായിലെ 7 സഭകൾ. (വെളി1:4) ശ്ലീഹന്മാരുടെ പ്രവർത്തനങ്ങൾ മൂലം  മറ്റുസ്ഥലങ്ങളിലും, സഭകൾ ഉടലെടുത്തുവെങ്കിലും അവയൊന്നും സ്വതന്ത്ര ഘടകങ്ങളല്ലായിരുന്നു. ഏക  സഭയിലുൾപ്പെട്ടവ മാത്രമായിരുന്നു.

 

ക്രിസ്തു സ്ഥാപിച്ച വിശുദ്ധ സഭയുടെ നാല് ലക്ഷണങ്ങൾ:

 

1. കാതോലികം. 
2. ശ്ലൈഹീകം.
3. ഏകം.
4. വിശുദ്ധം.
          
എന്നിവ തന്നെ ഓരോന്നിന്റെയും  അർത്ഥമെന്താണ്?