FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 18

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
വിശുദ്ധ  ഇഗ്നാത്തിയോസ്  സഹദായുടെ   രക്തസാക്ഷിത്വം .......(തുടർച്ച)
   

  വി. പിതാവിനെ അന്ത്യോഖ്യായിൽ നിന്ന് 16 മൈൽ അകലെയുള്ള സെലൂക്യതുറമുഖത്ത് കരമാർഗം കൊണ്ടുപോയി. അവിടെനിന്നും കപ്പൽ മാർഗം സ്മർണാ  തുറമുഖത്ത് എത്തിച്ചു. കാറ്റ് അനുകൂലമല്ലാത്തതിനാൽ അവിടെ താമസിച്ചു. യാത്രയിൽ  വിശുദ്ധ പിതാവിനെ  ഇരുമ്പു കഷണങ്ങൾ കെട്ടിയ ചാട്ടകൊണ്ട് അടിക്കുകയും, ഇരുമ്പു ചൂണ്ടകളാൽ  മാംസം വലിച്ചു കീറുകയും, കൂർത്ത കല്ലുകളാൽ ദേഹമാസകലം ഉരയ്ക്കുകയും, മുറിവുകളിൽ ഉപ്പുനീരൊഴിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഭക്ഷണമോ,വെള്ളമോ ആവശ്യത്തിനു നൽകിയിരുന്നില്ല. അദ്ദേഹത്തിന്റെ ചുണ്ടുകൾ ഉണങ്ങി വരണ്ടിരുന്നെങ്കിലും, യേശുക്രിസ്തുവിന്റെ മധുരമനോഹര തിരുനാമം  അദ്ദേഹം സദാ ഉരുവിട്ടു കൊണ്ടിരുന്നു. 
          വിവരം അറിഞ്ഞ്  വിശുദ്ധ പിതാവിനെക്കണ്ട് അനുഗ്രഹം പ്രാപിപ്പാൻ അനേകം വിശ്വാസികൾ അവിടെയും  ഓടിക്കൂടി. 
           വി. പിതാവിനെ  അവിടെ നിന്നും വി.പൌലോസ് ശ്ലീഹായെ കൊണ്ടുപോയതായ ട്‌റോവാസിലേക്കു കൊണ്ടുപോകുകയും,റോമിന് 19മൈൽ അകലെയുള്ള ഒരു തുറമുഖത്തിറക്കി അവിടെനിന്നും നടത്തി  അനേകം റോമൻ  കുതിരപ്പട്ടാളക്കാരുടെ  അകമ്പടിയാൽ രംഗസ്ഥലത്ത്(Colosseum) എത്തിക്കുകയും,അദ്ദേഹം പ്രതീക്ഷിച്ചിരുന്ന സന്തോഷപ്രദമായ നിമിഷം സമാഗതമാകയും ചെയ്തു.സിംഹങ്ങളുടെ ഗർജ്ജനത്തിൽ അദ്ദേഹം  ഒട്ടും സംഭീതനായില്ല. പകരം നശ്വരമായ തന്റെ ശരീരം എപ്പോഴെ ഉപേക്ഷിച്ച്‌ ആത്മീയമായ  പരമാനന്ദത്തിലേക്കു  തന്റെ    നാഥന്റെ സവിധത്തിലേക്കു പ്രവേശിക്കുവാൻ അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞിരുന്നു.ട്രാജൻ ഉയർത്തിയ മരണമാകുന്ന മുള്ളിനെ  അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല. ഇനി നിഴലു പോലെയല്ല നേരിട്ട്  താൻ ആരുടെ നാമം വഹിച്ചിരിക്കുന്നുവോ, ആരുടെ കൈകളാലാണോ തന്നെ എടുത്ത് മടിയിൽ  ഇരുത്തി പരിലാളിച്ചത്, ആ തന്റെ കർത്താവായ  യേശു ക്രിസ്തുവിനെ തന്റെ കണ്ണുകൾ കൊണ്ട് ഇനി കാണാം; ആ തന്റെ നാഥൻ സ്ഥാപിച്ചു  തന്നെ ഇരുത്തിയ വി. സഭയുടെ , വി. അന്ത്യോഖ്യാ സഭയുടെ തലവനായിരുന്ന് തന്റെ  ഓട്ടം നന്നായി ഓടി ഏറ്റവും നന്നായി അവസാനിപ്പിക്കുന്നതിലുള്ള   മഹാ സന്തോഷം  അദ്ദേഹത്തേ  ഉന്മേഷ ഭരിതനാക്കി. 

      പ്രാർത്ഥനാ നിരതനായ അദ്ദേഹത്തിന്റെ അടുത്തേക്ക്  പാഞ്ഞു വന്ന സിംഹങ്ങൾ  പക്ഷേ തന്റെ  തൃപ്പാദങ്ങളുടെ സമീപം മൌനമായിരിക്കയാണുണ്ടായത്.തന്റെ പ്രാർത്ഥന കഴിഞ്ഞതോടെ   അദ്ദേഹത്തിന്റെ മേൽ അവ ചാടി വീഴുകയും കടിച്ചു കീറുകയുംചെയ്തു. അദ്ദേഹത്തിന്റെ ,അസ്ഥികളും,ഹൃദയവും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഹൃദയത്തിൽ തങ്കലിപികളിൽ യേശുവിന്റെ നാമം എഴുതപ്പെട്ടിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധന്റെ തിരുശേഷിപ്പുകൾ വി. സഭ സൂക്ഷിക്കുന്നു. "ഇഗ്നാത്തിയോസിന്റെ രക്തസാക്ഷി മരണം അഥവാ " (Martyrium Ignatie) എന്ന ചെറുപുസ്തകമാണ് അദ്ദേഹത്തേക്കുറിച്ചുള്ള ഏറ്റവും സ്വീകാര്യയോഗ്യമായി പരിഗണിച്ചിരിക്കുന്ന പുസ്തകം.
    
  *"തിയോഫോറസ് "  അഥവാ ക്രിസ്തു  വാഹകൻ എന്നത് അദ്ദേഹത്തിന്റെ മറുനാമമായിരുന്നു. രക്ത സാക്ഷിത്വത്തിന്റെ  രാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടന്നിരുന്നപ്പോൾ അദ്ദേഹം സാധാരണ വസ്ത്രത്തിൽ അവരുടെ സമീപം കാണപ്പെട്ടു. ചിലരെ അദ്ദേഹം ആലിംഗനം ചെയ്തതായും, ചിലരുടെ ശിരസിൽ കൈവച്ചു പ്രാർത്ഥിച്ചതായും, മറ്റു ചിലർ അദ്ദേഹം കഠിനാദ്ധ്വാനത്താൽ  വിയർത്തിരിക്കുന്നതായും, ചിലർ  വിശുദ്ധനെ കർത്തൃസന്നിദ്ധിയിൽ മഹാസന്തോഷത്തോടെ നിൽക്കുന്നതായും കണ്ടു.
അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ  7 കൽപ്പനകൾ താഴെപ്പറയുന്നവയാണ്

 

1)എഫേസ്യർക്ക്

2)മാഗ്നേഷ്യർക്ക്  

3 )ത്രാലസ്യർക്ക്
4) റോമർക്ക്
5 ) ഫിലദൽഫിയർക്ക്
6) സ്മർണായിക്ക്
7) വി. പോലികാർപ്പിന് 

 

      വെളിപ്പാട് 1 മുതൽ എഴുതപ്പെട്ടിരിക്കുന്ന കർത്താവിന്റെ സഭയായ 7 സഭകളും വി. അന്ത്യോഖ്യാ സഭയും തമ്മിലുള്ള ബന്ധം

(വി.പിതാവ്   കൽപ്പനകൾ അയച്ച 7 സഭകളും, വെളിപ്പാട് 1ൽ പറയുന്ന ആസിയായിലെ 7 സഭകളും കാണുക. വി.അന്ത്യോക്യാ സഭയുടെ  പ്രവാചകനും , ഉപദേഷ്ടാവുമായിരുന്ന (അപ്ര : 13:1-9) വി.പൌലോസ്ശ്ലീഹായുടെയും,ശ്ലീഹൻമാരുടെയും പ്രവർത്തനത്താൽ സ്ഥാപിക്കപ്പെട്ടു  ശക്തി പ്രാപിപിച്ച സഭകളായിരുന്നു ഇവ. അവർക്ക് വി. പിതാവ് കൽപ്പനകൾ അയച്ചതിൽ നിന്നും വി.സഭ ആദ്യ നൂറ്റാണ്ടിൽ എവിടെയൊക്കെ ശക്തി പ്രാപിച്ചിരുന്നുവെന്നു കാണാവുന്നതാണ്. വി.അന്ത്യോക്ക്യാ സഭയുടെ ആരംഭ പ്രവർത്തന കാലത്തുണ്ടായ സഭകളാണിവ. വി.സഭയുടെ  വിശുദ്ധ രക്തസാക്ഷിയായ വി.പോളിക്കാർപ്പസിന്  Asia  minor ൽ പെട്ട - ആസിയായിലെ - ഈ 7 സഭകളുടെ ആത്മീയ ഭരണച്ചുമതലയുണ്ടായിരുന്നു.)
 
ഈ 7 സഭകളെക്കുറിച്ച് വെളിപ്പാടിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.

(വെളിപ്പാടു1:4  ആസിയായിലെ ഏഴ് സഭകള്‍ക്കുമായി യോഹന്നാന്‍ എഴുതുന്നത്. താന്‍ ആയിരിക്കുന്നവനും, ആയിരുന്നവനും, വരുവാനിരിക്കുന്നവനുമായവനില്‍ നിന്നും അവന്‍റെ സിംഹാസന സന്നിധിയിലുള്ള ഏഴ് ആത്മാക്കളില്‍ നിന്നും ......., 
1:7  താന്‍ ഇതാ മേഘാരൂഢനായിവരുന്നു. എല്ലാ കണ്ണുകളും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും. ഭൂമിയിലെ സകല വംശങ്ങളും അവനെക്കുറിച്ചു വിലപിക്കും. അതെ; ആമീന്‍. ........
1:11  അത് (ഇങ്ങനെ) പറഞ്ഞു. നീ കാണുന്നത് പുസ്തകമായി .ആ ഏഴ് സഭകള്‍ക്ക് എഫേസോസ്, സ്മിര്‍ണാ, പെര്‍ഗമോസ്, തേവത്തീരാ, സര്‍ദീസ്, ഫിലദല്‍ഫിയ, ലേവോദോക്യാ എന്നിവക്കു തന്നെ........
1:12  എന്നോട് സംസാരിക്കുന്ന ആ ശബ്ദമാകുന്നവനെ കാണുവാനായി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, 
1:13  ഏഴ് പൊന്‍ നിലവിളക്കുകളും, നിലവിളക്കുകളുടെ നടുവിലായി, വെള്ള നിലയങ്കി ധരിച്ച്, മാറത്ത് പൊന്‍കച്ച കെട്ടിയവനായി, മനുഷ്യപുത്രനോട് സാമ്യമുള്ളവനായവനെയും കണ്ടു.)

സഭകൾക്കുള്ള മേൽ എഴുത്തുകളിൽ വി. പിതാവ്  ഏതു പ്രതിസന്ധിയുണ്ടായാലും, ക്രിസ്തുവിന്റെ സഭയുടെ - *വി. അന്ത്യോഖ്യാ സഭയുടെ - *സത്യവിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ സഭാംഗങ്ങളോട്  അഹ്വാനം ചെയ്യുന്നതായി കാണാവുന്നതാണ്. വി. അന്ത്യോക്ക്യാ സഭ ,"കാതോലികമാണ് " എന്ന് ലോകത്താദ്യമായി പ്രസ്താവിച്ചതും അദ്ദേഹമാണ്. ചിലർ വിവക്ഷിക്കുന്നതുപോലെ കാതോലികം എന്നു പറഞ്ഞാൽ അത് "സാർവ്വലൌകികം " എന്നല്ല വി.സഭ അർത്ഥമാക്കുന്നത്. മ്ശിഹാ എവിടെയുണ്ടോ അവിടെ വി.സഭയുണ്ട്. കാരണം മ്ശിഹായും തൻ്റെ ശരീരമാകുന്ന  തൻ്റെ സഭയും  വേർപിരിക്കപ്പടാൻ വയ്യാത്തവണ്ണം ഒന്നാണ്. ഇതാണ് വി.സഭ കാതോലികം എന്നപദം കൊണ്ട്  അർത്ഥമാക്കുന്നത്. (for details refer  class 1 & 2  )
വി.സഭക്കെതിരെ വരുന്ന നൂതന ഉപദേശികൾക്കും , വേദവിപരീതികൾക്കു മെതിരെ   (ഗലാത്യരോട് വി. പൌലോസ് അപ്പോസ്തോലൻ പറയുന്നതുപോലെ ) വി. പോളികാർപ്പിനുള്ള  കൽപ്പനയിൽ അദ്ദേഹം ഇപ്രകാരം എഴുതി.

"നൂതനോപദേശങ്ങളുമായി വരുന്ന കപടവേഷധാരികൾ മൂലം നീ ഭഗ്നാശനാകരുത്. കൂടം കൊണ്ട് അടിച്ചാലും നിശ്ചലമായിരിക്കുന്ന  അടകല്ലു പോലെ നീ സ്ഥിരനിഷ്ഠനായിരിക്കുക.അടിയേറ്റു വിജയിക്ക എന്നുള്ളതാണ് ഒരു മഹാഭ്യാസിയുടെ കൃത്യം. സകലതിലും ഉപരിയായി  ദൈവം നമ്മേ വഹിക്കുന്നതിനു വേണ്ടി  നാമും ദൈവത്തെ പ്രതി  സഹിക്കേണ്ടതാകുന്നു. ഇപ്പോഴത്തേക്കാൾ കൂടുതൽ  ഉത്സാഹ ഭരിതനായിരിക്കുക. കാലങ്ങളെ വിവേചിക്കുക. കാലങ്ങൾക്ക് അതീതനും, കാലരഹിതനും,അദൃശ്യനും ,നമുക്കവേണ്ടി ദൃശ്യനായവനും,നമുക്ക് അസ്പർശ്യനും, കഷ്ടതക്കു അതീതനും, നമുക്കു വേണ്ടി കഷ്ടതക്കു വിധേയനും, സർവ്വവിധ കഷ്ടതകളും സഹിച്ചവനുമായ  കർത്താവിനെ  പ്രതീക്ഷിച്ചു കൊൾക. "
                               ഭീഷണിയിലൂടെയും, സമ്മർദ്ദത്തിലൂടെയും, വ്യവഹാരത്തിലൂടെയും ,നിയമലംഘനങ്ങളിലൂടെയും, അടിച്ചമർത്തലിലൂടെയും , അധികാര ദുർമ്മോഹത്തിനു വേണ്ടി വി.സഭയുടെവിശ്വാസസത്യങ്ങൾ നിരന്തരം ലംഘിച്ച്  യഥാർത്ഥ
 സത്യവിശ്വാസികളെ വഴി തെറ്റിക്കുന്നവരെ, സാത്താന്റെ വഴിയിലേക്കു  വി.സഭയുടെ മക്കളെ കൊണ്ടെത്തിക്കുവാൻ ശ്രമിക്കുന്നവേദവിപരീതികളുടെ  മാർഗ്ഗമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പദവി ക്രിസ്തുവിനു വേണ്ടി, ക്രിസ്തുവിന്റെ സഭയെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ വേണ്ടി  സ്വജീവൻ ത്യാഗം ചെയ്ത മഹാ വിശുദ്ധനായിരുന്നു അദ്ദേഹം. 
 
 (ആദ്യ നൂറ്റാണ്ടിൽ അദ്ദേഹം എഴുതിയ   വചനങ്ങൾ ഇന്നും എത്രയോ  പ്രസക്തം )