FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 17

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


             
അഗ്നിമയനായ വി. ഇഗ്നാത്തിയോസ് നൂറോനോ. ( തുടർച്ച)
                    -----                                 
അന്ത്യോഖ്യാ സഭയുടെ    മൂന്നാമത്തെ പാത്രിയർക്കീസ് (AD 67 - 107)  ആയിരുന്ന വി. ഇഗ്നാത്തിയോസ് നൂറോനോയുടെ ധീര രക്തസാക്ഷ്യത്തിനു   മുൻപു നടന്ന സംഭവങ്ങളും,റോമിലേക്കുള്ള യാത്രയും

            
               പുരാതന റോമ്മാസാമ്രാജ്യ ഭരണാധികാരികൾ വി.അന്ത്യോക്ക്യാസഭയെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നവരായിരുന്നു.അതിൽ ക്രിസ്തുവിന്റെ സഭയെ വളരെയധികം പീഡിപ്പിച്ച  ഭരണാധിപൻമാരിൽ പ്രമുഖൻ നീറോ (AD. 54-68 ) ആയിരുന്നു. റോമ്മാ പട്ടണം ചുട്ടെരിക്കുവാൻ  അയാൾ തന്റെ സേവകരോട് ആജ്ഞാപിക്കയും, തദനുസരണം അവർ തീ വെക്കുകയും ആറു ദിവസത്തോളം പട്ടണം കത്തിയെരിഞ്ഞു നശിക്കുകയും ചെയ്തു. എന്നാൽ ഈ തീവെപ്പ് ക്രിസ്ത്യാനികളുടെ മേൽ ആരോപിച്ച്‌ അവരെ പലവിധത്തിൽ പീഡിപ്പിക്കുകയും നീറോ ഈ കാഴ്ച കണ്ടു വീണവായിച്ചു രസിച്ചുവെന്നും പറയപ്പെടുന്നു. ടാസിറ്റസ് എന്ന ഒരു ദൃക്സാക്ഷി അതേപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ചില ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തുകലിൽ പൊതിഞ്ഞ് കടിച്ചുകീറേണ്ടതിനായി നായ്ക്കളുടെ മുമ്പിൽ ഇട്ടു. മറ്റുചിലരെ അരക്കിൽ മുക്കിയ വസ്ത്രം ധരിപ്പിച്ചു വൃക്ഷങ്ങളിൽ തൂക്കി രാത്രിയിൽ പന്തംപോലെ കത്തിക്കുകയും ചെയ്തു. മനുഷ്യസങ്കൽപ്പാതീതമായ വിധം ഭയങ്കരവും  ക്രൂരവും, നിന്ദ്യവുമായ കൃത്യങ്ങൾ നീറോ ചെയ്തു. ഈ പീഡ AD 68 വരെ നീണ്ടുനിന്നു.ഈ കാലഘട്ടത്തിലായിരുന്നു വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം. ക്രൂരനായ നീറോയിക്കു ശേഷം AD 81 മുതൽ 96 വരെയുള്ള കാലഘട്ടത്തിൽ റോം ഭരിച്ചിരുന്ന ഡൊമീഷ്യന്റെ കാലത്തും,ഈ പീഡകൾ തുടർന്നു. ശേഷം AD 98 മുതൽ AD 117 വരെ ഭരണം നടത്തിയ ട്രാജന്റെ കാലത്തായിരുന്നു വി. ഇഗ്നാത്തിയോസിന്റെ രക്തസാക്ഷിത്വം. അത് എഡി 107 ൽ ആയിരുന്നു . ട്രാജൻ പല രാജ്യങ്ങളെയും യുദ്ധത്തിൽ പരാജയപ്പെടുത്തി ദിഗ്‌വിജയം നടത്തി   അന്ത്യോക്ക്യയിൽ എത്തുകയും, അയാളുടെ ദേവൻമാരെയും, മിഥ്യാമൂർത്തികളെയും എല്ലാവരും നമസ്ക്കരിക്കണമെന്നും,അല്ലാത്തവരെ മൃത്യുവിനിരയാക്കുമെന്നും വിളംബരം ചെയ്തു. എന്നാൽ ക്രിസ്ത്യാനികളുടെ - വി. അന്ത്യോക്ക്യാ സഭയുടെ - തലവനായി വി.ഇഗ്നാത്തിയോസ് അവിടെ ഉണ്ടെന്നറിഞ്ഞ് വി.ഇഗ്‌നാത്തിയോസിനെ വിസ്തരിക്കുവാൻ അയാൾ കൽപ്പനയായി. തുടർന്ന് ട്രാജൻ വി.പിതാവുമായി ഒരു സംവാദത്തിൽ ഏർപ്പെടുകയും  വി.പിതാവ്  താൻ ക്രിസ്തുവിനെ വഹിച്ചിരിക്കുന്നവനാണെന്നും,തന്റെ വിശ്വാസത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്നറിയിക്കുകയും,കോപിഷ്ടനായ ട്രാജൻ "കുരിശിൽ തറക്കപ്പെട്ടവനെ സർവ്വാംഗം ധരിച്ചിരിക്കുന്നുവെന്നു  പറയുന്നവനായ ഇഗ്നാത്തിയോസിനെ വിലങ്ങുവച്ചു പട്ടാള അകമ്പടിയോടുകൂടി മഹാപട്ടണമായ റോമ്മായിലേക്ക് കൊണ്ടുപോകണമെന്നും അവിടെ അവനെ കാട്ടുമൃഗങ്ങൾക്ക് ഭക്ഷണമായി കൊടുക്കണമെന്നും, നമ്മുടെ പ്രജകൾ അവനു സംഭവിക്കുന്ന ആപത്തു കണ്ടു ഉല്ലസിക്കണമെന്നും ഞാനിതാ തീർപ്പ് കൽപ്പിക്കുന്നു "  എന്നു പറഞ്ഞു വിലങ്ങണിയിച്ചു.
പരിശുദ്ധ പിതാവാകട്ടെ ഈ ശിക്ഷാവിധി ശ്രവിച്ച ഉടൻതന്നെ മഹാ സന്തോഷത്തോടെ ഇപ്രകാരം അട്ടഹസിച്ചു പറഞ്ഞു "കർത്താവേ നിന്റെ സമ്പൂർണ്ണ സ്നേഹത്തിന്  എന്നെ സർവഥാ യോഗ്യനാക്കുകയും നിന്റെ ശ്ലീഹായായ പൗലോസിന്റെ ബന്ധങ്ങൾക്ക്  എന്നെ അനുവദിച്ച്  ഇരുമ്പു ശൃംഖലകളാൽ ഞാൻ ബന്ധിക്കപ്പെടുകയും ചെയ്തതിനായി ഞാൻ നിന്നെ സ്തുതിക്കുന്നു" എന്ന് പറയുകയാണ്  ഉണ്ടായത്. പരിശുദ്ധ പിതാവ് ആഹ്ലാദത്തോടെ നിലത്തു മുട്ടുകുത്തി ശൃംഖലകളെ ചുംബിച്ചുകൊണ്ട് അവ സ്വീകരിക്കുകയും സ്വസഭയെ  മ്ശിഹായിൽ ഭരമേൽപ്പിച്ച് തന്റെ സഭയ്ക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും 
ചെയ്തു.

 

      വി. പിതാവിന്റെ റോമിലേക്കുള്ള  യാത്രയും അന്ത്യവും
                                           
                        
              വിശുദ്ധ പിതാവ് മഹാ സന്തോഷത്തോടെ സമുചിതമായ ഒരുക്കത്തോടുകൂടി മ്ശിഹായ്ക്കുവേണ്ടി പീഡകളും മരണവും സഹിപ്പാൻ വിലങ്ങ ണിയപ്പെട്ട് സന്നദ്ധനായി. പിന്നീട് ഒരിക്കലും തന്നെ കാണ്മാൻ സൗകര്യപ്പെടാതെ വരുമെന്നതിനാൽ അന്ത്യ ദർശനത്തിനായി സ്വജനമാകുന്ന അജഗണം തന്നെ കൊണ്ടു പോകുന്ന സ്ഥലങ്ങളിലെല്ലാം  തടിച്ചുകൂടി ദുഃഖ പാരവശ്യത്തോടെ തന്റെ ദിവ്യ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി വിലപിച്ചുകൊണ്ടിരുന്നു. വി.പിതാവിനെ കൊണ്ടുപോയ സ്ഥലങ്ങളിലെല്ലാം, വി. അന്ത്യോഖ്യാ സഭ വ്യാപിച്ചു കിടന്നിരുന്ന  എല്ലഇടങ്ങളിലും  തന്റെ അജഗണം മുഴുവനെത്തി  വി.പിതാവിനെ ചങ്ങലക്കിട്ടും, മർദ്ദിച്ചും കൊണ്ടുപോകുന്ന,ദാരുണ മയ ആ കാഴ്ച കണ്ടു അലമുറയിട്ടു കരയുകയും തനിക്കുവേണ്ടി  പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. വി.അന്ത്യോഖ്യാസഭയുടെ  ഭാഗവും  ഏഷ്യാമൈനറിൽ ഉൾപ്പെട്ട 
പ്രദേശങ്ങളിലെ (മലയാളം പരിഭാഷകളിൽ  വെളിപ്പാട് 1, 2 അദ്ധ്യായങ്ങളിൽ ആ സിയായിലെ - ASIA - ഏഴു സഭകളെന്നും പ്ശീത്തോ സുറിയാനിയിൽ നിന്നും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ്ബൈബിളിൽ  Seven congregation  of the Church  of Asia എന്നും എഴുതപ്പെട്ടിട്ടുണ്ട്)  സഭകളുടെ തലവനുമായിരുന്ന  വി.പോളിക്കാർപ്പുമായുള്ള 
ഹൃദയസ്പർശിയായ,ഹൃദയഭേദകമായ  കൂടിക്കാഴ്ച്ച കണ്ട് അനേകരുടെ ഹൃദയം വിങ്ങിപ്പൊട്ടി. വി.പിതാവിനെപ്പോലെ തനിക്കും ഈ ഭാഗ്യം ഉണ്ടാകുമോ എന്ന്  തൻ്റെ വിശുദ്ധ പിതാവിനോടു അദ്ദേഹം ചോദിക്കുകയും അദ്ദേഹം വിശുദ്ധ പോളിക്കാർപ്പിനോട് തന്നെപ്പോലെ അദ്ദേഹവും ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയാകും എന്ന് അറിയിക്കുകയും ചെയ്തു. (ഇതിനു 30 വർഷത്തിനകമായി ക്രിസ്തുവിനുവേണ്ടി, വി. അന്തോഖ്യാ സഭക്കുവേങ്ങി  വി.പോളിക്കാർപ്പിനും ദാരുണമായ രീതിയിൽ രക്തസാക്ഷിയാക്കപ്പെടുവാൻ ഭാഗ്യമുണ്ടായി .)  വി.പിതാവാകട്ടെ മരണശിക്ഷയിൽ നിന്നും മുക്തനാകുന്നതിതിനുവേണ്ടി അശേഷം ആഗ്രഹിച്ചിരുന്നില്ല. തന്നോടു ചെയ്യുന്ന ദണ്ഡനങ്ങൾ കുറയ്ക്കുവാൻ അധികൃതസ്ഥാനങ്ങളിൽ അഭ്യർത്ഥിക്കുവാൻ ശ്രമിച്ചവരെ  അവിടുന്ന് പിൻതിരിപ്പിക്കുകയും അവരോട്  " താൻ ക്രിസ്തുവിന്റെ ഗോതമ്പാണെന്നും, ഗോതമ്പ് പൊടിഞ്ഞ് ധൂളിയായി ക്രിസ്തുവിന് കാഴ്ചയപ്പമാകുന്നതുപോലെ തന്റെ ശരീരം സിംഹങ്ങളുടെ വായിൽ ചതഞ്ഞരഞ്ഞ്  ക്രിസ്തുവിന് സമർപ്പിക്കേണ്ടതാണെന്നും, " ആ ദു:ഖാർത്തരായവരെ അറിയിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് ഈ  വിധത്തിലുള്ള ശിക്ഷകൾ അസാധാരണങ്ങളല്ലായിരുന്നു. റോമിലെ ഫ്ളാവിയൻ രംഗസ്ഥലത്ത് നടത്തിക്കൊണ്ടിരുന്ന വിവിധ വിനോദ വിക്രിയകൾ ഏതൊരു മനുഷ്യനെയും ദുഃഖ സാഗരത്തിൽ നിപതിപ്പിക്കുന്നവയായിരുന്നു. അക്കാലത്തെ റോമ്മാസാമ്രാജ്യത്തിന്റെ വ്യാപ്തിയും അധികാര ദുഷ്പ്രഭുത്വവും, ഇത്തരം കൃത്യങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. മനുഷ്യർ തമ്മിലും, മൃഗങ്ങൾ തമ്മിലും, മനുഷ്യരും, മൃഗങ്ങളും തമ്മിലും, നടത്തിയ മൽപിടുത്തങ്ങളും പോരാട്ടങ്ങളും ദ്വന്ദയുദ്ധങ്ങളും  രക്തച്ചൊരിച്ചിലും, ഭയങ്കര മരണങ്ങളും, പ്രേക്ഷകരായ റോമാ നഗരവാസികൾക്ക് അമിതമായ വിനോദവും, അവാച്യമായ ആനന്ദാ നുഭൂതിയും നൽകിയിരുന്നു.വൃദ്ധനായ വി.പിതാവിനെ  നിഗ്രഹിക്കുവാൻ ഇത്രയധികം ദൂരം താണ്ടി റോമിലേക്കയച്ചതിന്റെ കാരണം ഇവയൊക്കെയായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ! 
                വി. പിതാവിനെ അന്ത്യോഖ്യയിൽ നിന്ന് 16 മൈൽ നടത്തി സിറിയൻ രാജ്യത്തുള്ള സെലൂക്ക്യ തുറമുഖത്തെത്തിക്കുകയും, അവിടെ നിന്ന്  റോമിലേക്ക് കപ്പൽ മാർഗ്ഗം  യാത്രതുടരുകയും ചെയ്തു. വി.പിതാവാകട്ടെ തന്നെ മടിയിലെടുത്തുവച്ച് താലോലിച്ച തന്റെ നാഥന്റെ സവിധത്തിലണയാനുള്ള പാരവശ്യത്താൽ ഏറെ സന്തോഷവനായി കാണപ്പെട്ടു.
         
          വി. പിതാവിന്റെ  വചനങ്ങളും,രക്തസാക്ഷിത്വവും, ദൈവകൃപയാൽ അടുത്ത ക്ലാസിൽ തുടരുന്നതാണ്.