FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 16

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
വി. അന്ത്യോക്ക്യാസഭ മറ്റിതര സഭകളിൽ നിന്നും വ്യത്യസ്ഥസഭയായി  നിലകൊളളുന്നത് എന്തുകൊണ്ടെന്നു മുൻ ക്ലാസുകളിൽ വിശദീകരിച്ചുവല്ലോ. നമ്മുടെ കർത്താവ് ഒരുവന്റെ ആത്മരക്ഷക്ക് വേണ്ടതായ സംഗതികൾ പഠിപ്പിക്കുക മാത്രമല്ല അനുവർത്തിച്ചു കാണിക്കുകയും ചെയ്തു. താൻ പീഡകൾ അനുഭവിച്ചു, ബലിയായതുപോലെതന്നെ തന്റെ ശ്ലീഹൻമാരും, അപ്പോസ്തോലൻമാരും, വി. അന്ത്യോഖ്യാസഭയുടെ പിതാക്കൻമാരും,ആ മാതൃക പിൻതുടർന്നുവന്നു. പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് രക്തസാക്ഷികൾ വി.അന്ത്യോക്ക്യാസഭക്കുണ്ടായി.അപ്രകാരമുള്ളവരുടെ വിശ്വാസധീരതയും, തീക്ഷ്ണതയും,മാതൃകയും,പഠിക്കുക എന്നത്   വിശ്വാസസത്യങ്ങൾ പഠിക്കുന്ന ഒരു  സഭാംഗത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടുവാൻ പാടില്ലാത്തവയാണ്. അവരിൽ വി. പത്രോസ് ശ്ലീഹാ, വി.പൌലോസ് ശ്ലീഹാ, വി.യാക്കോബ്, വി.ക്ലീമീസ്, എന്നീവിശുദ്ധൻമാരെക്കുറിച്ച്‌ മാത്രം വളരെ ചുരുക്കമായി പ്രതിപാദിച്ചു.
                
വി.അന്ത്യോഖ്യാസഭയുടെ മൂന്നാം പാത്രിയർക്കീസ് ആയിരുന്ന അഗ്നിമയനായ വി.ഇഗ്നാത്തിയോസ് നൂറോനോ യെക്കുറിച്ചും, ചുരുക്കമായെങ്കിലും, നാം അറിഞ്ഞിരിക്കേണ്ടതാണ്.
         
                                   നമ്മുടെ കർത്താവ് തന്റെ തൃക്കൈകളിലെടുത്ത്, വിനയത്തിനും,ഹൃദയശുദ്ധിക്കും ദൃഷ്ടാന്തമായിക്കാണിച്ച പൈതൽ ഇദ്ദേഹമായിരുന്നു. 


                                   താൻ  ഒരു ബാലനെ എടുത്ത് അവരുടെ  മദ്ധ്യത്തിൽ നിർത്തി തൻ്റെ ഭൂജങ്ങളിൽ അവനെ എടുത്തു. അവരോട്  " ഈ പൈതലിനെപ്പോലുള്ള വനെ എൻ്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെയാണ് കൈക്കൊള്ളുന്നത്. എന്നെ കൈക്കൊള്ളുന്നവൻ, എന്നെയല്ല എന്നെ അയച്ചവനെയത്രെ കൈക്കൊള്ളുന്നത്." എന്നു പറഞ്ഞു(വി. മർക്കോസ് 9:36, 37)നിങ്ങൾ മനസുതിരിഞ്ഞ് പൈതങ്ങളെപ്പോലെ 'ആയിത്തീരുകയില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ലെന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ പൈതലിനെപ്പോലെ തന്നത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗ രാജ്യത്തിൽ വലിയവനായിരിക്കും" എന്നു കൽപിച്ചു. (വി.മത്തായി 18:3,4)
നമ്മുടെ  കർത്താവു മാതൃകയായി തിരഞ്ഞെടുത്ത  ഈ പൈതലാണ് പിൽക്കാലത്ത് അന്ത്യോഖ്യയിലെ തൃതീയ പാത്രിയർക്കീസായ  മോർ ഇഗ്നാത്തിയോസ് ആയിത്തീർന്നത്.ശ്ളീഹൻമാരിൽ തലവനായ വി.പത്രോസ് ശ്ലീഹാ ക്രി.വ 37 - ൽ അന്ത്യോക്ക്യായിൽ തന്റെ സിംഹാസനം സ്ഥാപിച്ച് വി.സഭയുടെ മേലദ്ധ്യക്ഷനായിരുന്ന് ഭരണം നടത്തിയശേഷം  റോമിലേക്കു പോകുന്നതിനു മുൻപ് തന്റെ പിൻഗാമികളായി AD.60 ൽ വി.ഏവദ്യോസിനെയും,വി.ഇഗ്നാത്തിയോസിനെയും വാഴിച്ചാക്കി.റോമിൽവച്ച് വി.പത്രോസ് AD 67 ലും, AD  68ൽവി.ഏവദ്യോസും,സാക്ഷി മരണം പ്രാപിച്ച ശേഷം AD68 മുതൽ AD 107 വരെ ഈ വിശുദ്ധനായിരുന്നു വി.അന്ത്യോഖ്യാ സിംഹാസനാധിപനായിരുന്നത്.എന്നാൽ AD107ൽ റോമൻ ചക്രവർത്തി ട്രാജന്റെ കൽപ്പനയാൽ വിശുദ്ധ പിതാവിനെ അന്ത്യോഖ്യയിൽ വച്ച് ബന്ധനസ്ഥനാക്കുകയും,വിലങ്ങണിയിച്ച് അന്ത്യോഖ്യയിൽ നിന്നും,കടൽ വഴിയും, കരവഴിയും അനേക ദിവസങ്ങൾ യാത്രചെയ്യിച്ച്,കൊടിയ ദണ്ഡനങ്ങൾക്കും,പീഡനങ്ങൾക്കുമൊടുവിൽ,റോമിലെ കൊളോസിയത്തിൽ  വിശന്നിരുന്ന സിംഹങ്ങൾക്കു ഭക്ഷണമായി ഇട്ടുകൊടുക്കുകയും,ധീര രക്തസാക്ഷിത്വം പ്രാപിക്കുകയും ചെയ്തു.
പ്രാചീന റോമിലെ ഭരണകർത്താക്കൾ അക്രൈസ്തവരായിരുന്നു. ജനങ്ങൾ ക്രിസ്തുവിനെ അറിഞ്ഞിരുന്നില്ല.(റോമർ .1,13) ആദ്യ നൂറ്റാണ്ടുകളിൽ റോം ഭരിച്ചിരുന്ന ചക്രവർത്തിമാർ ക്രിസ്തുവിനെയും,തന്റെശ്ലീഹൻമാർ,അപ്പോസ്തോലൻമാർ ,പതിനായിരക്കണക്കിന് ,അന്ത്യോഖ്യാസഭാംഗങ്ങളെ എല്ലാം അതിക്രൂരമായി പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തു വന്നിരുന്നു. (കൈസറിനു ശേഷം, നീറോ, ട്രാജൻ, ഡയോക്ലീഷൻ, അദ്രിയാൻ, അന്റണിന്നൂസ്, വലേറിയൻ തുടങ്ങി നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലം വരേക്കും ഈ പീഡ തുടർന്നു. കോൺസ്റ്റന്റയിൻ ക്രിസ്തു മതം സ്വീകരിക്കുകയും, AD 325 ൽ ഒരു സുന്നഹദോസ് കൂടുവാൻ അനുമതി നൽകുകയും ചെയ്തു. അതാണ്  സുപ്രസിദ്ധമായ നിഖ്യാ സുന്നഹദോസ്. അന്തോഖ്യാസഭയുടെ പാത്രിയർക്കീസായിരുന്നു വി. ഒസ്താത്തോ വസായിരുന്നു സുന്നഹദോസ് അദ്ധ്യക്ഷൻ. പീഡമൂലം, കയ്യും , കാലും, കണ്ണും നഷ്ടപ്പെട്ടവരും, ഒളിവിൽ കഴിഞ്ഞിരുന്നവരുമായ വി.പിതാക്കൻമാർ ആ സുന്നഹദോസിൽ സംബന്ധിച്ചിരുന്നു.) അന്ത്യോഖ്യായിൽ ക്രിസ്തുമതം ആരംഭിച്ച്  നൂറ്റാണ്ടുകൾകഴിഞ്ഞപ്പോഴാണ് അന്നറിയപ്പെട്ടിരുന്ന  പല രാജ്യങ്ങളിലും ക്രിസ്തുമതം പ്രചരിപ്പിക്കപ്പെട്ടത്. അതോടൊപ്പം ക്രിസ്തുവിന്റെ അനുയായികൾക്കും വലിയ പീഡയേൽക്കേണ്ടി  വന്നു.
        വിശുദ്ധ പിതാവിന്റെ ലേഖനങ്ങളിൽ അദ്ദേഹം    "ദൈവവാഹകൻ" എന്നർത്ഥമുള്ള തിയോഫോറസ്സ് എന്ന  യവനായ നാമം സ്വീകരിച്ചതായി പറയുന്നു.
സുറിയാനി ഭാഷയിൽ നൂറോനോ എന്ന പദത്തിനും,ഗ്രീക്കുഭാഷയിൽ , 'ഇഗ്നാത്യോസ് എന്ന പദത്തിനും അഗ്നിമയൻ എന്നാണർത്ഥം.കത്തിജ്വലിക്കുന്ന അഗ്നിക്ക് ലത്തീനിൽ (Ignem) എന്നു  പറയുന്നു.മ്‌ശിഹാതമ്പുരാന്റെ  ജനനകാലത്ത്   റോമ്മാ ചക്രവർത്തിയായിരുന്നത്  ആഗസ്റ്റസ്  കൈസർ ആയിരുന്നു. ശേഷം ക്രൂരനായ ക്ലോദിയസ് നീറോയുടെ ഭരണകാലത്ത്  AD 54 മുതൽ 68 വരെ (വി. പത്രോസ് പൌലോസ് ശ്ലീഹൻമാരുടെ രക്തസാക്ഷിത്വം ഈ കാലത്താണ് ) അനേകായിരം ക്രിസ്ത്യാനികളെ  പലവിധ  ക്രൂരമായ പീഡകളാൽ നിഷ്ക്കരുണം വധിക്കുകയും ചെയ്തു. നീറോയുടെ പൌത്രനായിരുന്നു  ട്രാജൻ . കൊടും ക്രൂരനായ  ഈ ഭരണാധികാരി AD,107 ൽ റോമിൽ നിന്ന് അന്ത്യോഖ്യയിൽ എത്തുകയും അവിടെ നിന്നുംവി.ഇഗ്നാത്തിയോസിനെ റോമൻ ജനതയുടെ വിനോദസ്ഥലമായ റോമിലെകൊളോസിയത്തിൽ വിശക്കുന്ന സിംഹങ്ങളുടെ മുൻപിലേക്ക് എറിഞ്ഞു കൊടുക്കുവാൻ വിധി കൽപ്പിക്കുകയും ചെയ്തു.അന്ത്യോഖ്യയിൽ വന്ന് ഈ വി.പിതാവിനെ ചങ്ങലയ്ക്കിട്ട് ആ കാലത്ത്  നൂറുകണക്കിന്  മൈലുകൾ  കടലുകളും കരകളും താണ്ടി, ക്രൂരമായി മർദ്ദിച്ചു കൊണ്ട്   ദീർഘദൂരം യാത്ര ചെയ്യിപ്പിച്ചാണ് റോമിലെ കൊളോസിയത്തിൽ  കൊണ്ടുപോയി സിംഹത്തിനു ഭക്ഷണമാക്കിയത്.  റോമൻ  ജനതയെ വിനോദിപ്പിക്കുവാൻ ട്രാജൻ   ഇപ്രകാരം ചെയതു വെങ്കിൽ ഇതുപോലെയുള്ള ക്രൂരമായ ദണ്ഡനങ്ങളും, പീഡകളും,രക്തസാക്ഷിത്ത്വവുമാണ് വി. സഭയുടെ ഇന്നോളമുള്ള വളർച്ചക്ക് വളവും , വെള്ളവുമായിത്തീർന്നതെന്നതാണു സത്യം. 
            (അഗ്നിമയനായവി. ഇഗ്നാത്തിയോസ്  പാത്രിയർക്കീസ് ബാവാ തിരുമനസിന്റെ റോമിലേക്കുള്ള യാത്രയും, രക്തസാക്ഷിത്വവും.
 തുടരുന്നു.)