FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 15

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


             
നിത്യജീവൻ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും  അറിഞ്ഞിരിക്കേണ്ടത്  ക്രിസ്തു സ്ഥാപിച്ച സഭ ഏതെന്നതാണ്? ആ സഭ ഏതെന്ന് സംശയലേശമെന്യേ  വെളിപ്പെട്ടാൽ ആ സഭയുടെ വിശ്വാസ സത്യങ്ങൾ പഠിക്കുകയും, ആ സത്യവിശ്വാസത്തിൽ പാറപോലെ ഉറച്ചു നിൽക്കുകയുമാണ് വേണ്ടത്. ശൌലായിരുന്ന വി.പൌലോസപ്പോസ്തോലൻ ആസത്യം കണ്ടെത്തി. താൻ പീഡിപ്പിച്ചു വന്നിരുന്ന അന്ത്യോഖ്യാ സഭയാണ് ക്രിസ്തുവിൻ്റെ സഭയെന്ന സത്യം അദ്ദേഹത്തിനു ദൈവം വെളിപ്പെടുത്തി. (അപ്ര , അദ്ധ്യായം 8 & 9. ഇതേപ്പറ്റി കൂടുതൽ അറിയുവാൻ Refer Chapter 1, Class 8 ) അദ്ദേഹം മാമ്മൂദീസാ ഏറ്റു ശേഷം  ആ അന്ത്യോഖ്യാ സഭയുടെ പ്രവാചകനും, ഉപദേഷ്ടാവുമായി. അതേ അന്ത്യോഖ്യാ സഭയിൽ  പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന് തലയിൽ കൈവച്ച് അദ്ദേഹത്തിനു പൌരോഹിത്യം നൽകി (അപ്ര :13) തുടർന്ന് തൻ്റെ ജീവിതാന്ത്യം വരെയും ആ  അന്ത്യോഖ്യാ സഭക്കുവേണ്ടി മർദ്ദനവും പീഡകളും ഏറ്റു, തടവിൽ കിടന്നു : ഏറെ കഷ്ടതകൾ അനുഭവിച്ചു. അനേകായിരങ്ങളെ  സത്യവിശ്വാസത്തിലേക്കുമാറ്റി. 14 ലേഖനങ്ങളും ലോകത്തിനു നൽകി റോമിൽ ക്രിസ്തുവിൻ്റെ  രക്തസാക്ഷിയായി. ഗലാത്യർക്കെഴുതിയ ലേഖനത്തിലെ ഒന്നാം അദ്ധ്യായത്തിലെ അഞ്ചു മുതലുള്ള വാക്യങ്ങളിൽ - ദേവാലയത്തിൽ നാം ആലപിക്കുന്ന ഗാനത്തിൽ  അന്തർലീനമായിരിക്കുന്ന ഞങ്ങൾ എന്നതിലെ മറ്റൊരു വിശുദ്ധനാണ്  മോർ ക്ലീമീസ്
             -----
    മോർ ക്ലീമീസിനെക്കുറിച്ച് വി.പൌലോസ് ശ്ലീഹാ    ഇപ്രകാരം  പറയുന്നു. (" എന്നാൽ  ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിരിക്കുന്ന ക്ലീമീസിനോടും, എന്റെ മറ്റു 12സഹായികളോടും, കൂടെ അവർ സുവിശേഷത്തിൽ എന്നോടു കൂടെ അദ്ധ്വാനിച്ചിട്ടുള്ളവരാണ് )" (ഫിലിപ്പ്യർ 4:3)

   ശ്ലീഹൻമാരുടെയും മറ്റും പ്രവർത്തനഫലമായി ഒന്നാം  നൂറ്റാണ്ടിന്റെ   അവസാനത്തോടെ വി.അന്ത്യോഖ്യാ സഭ അന്ത്യോഖ്യായിൽ നിന്നും  സമീപ പ്രദേശങ്ങളിലേക്കു വ്യാപിച്ചു.അനേകർ വി.സഭയിലേക്ക് ചേർക്കപ്പെട്ടു. വി.സഭ റോമിലും അലക്സന്ത്രിയായിലും,തുടങ്ങി ശ്ലീഹൻ മാരുടെ  പ്രവർത്തനം മൂലം ലേഖനങ്ങളിൽ പറയുന്ന പല പ്രദേശങ്ങളിലേക്കും വളർന്നു.മഹാനായ അലക് സാണ്ടർ ചക്രവർത്തിക്കു ശേഷം ക്രിസ്തുവിന്റെ  കാലമായപ്പോൾ റോം സീസറിന്റെ ഭരണത്തിൻ കീഴിലായിരുന്നു. റോമൻ സാമ്രാജ്യം ശക്തി പ്രാപിച്ചു. സീസറിന്റെ പിൻഗാമികളായി വന്ന റോമൻ ഭരണാധികളായിരുന്ന നീറോ, ഡൊമീഷ്യൻ, ട്രാജൻ, അദ്രിയാൻ, ആന്റൊണിന്നൂസ്, ഔറേലിയോസ് , സെപ്തമസ് , തുടങ്ങി കോൺസ്റ്റാന്റിയൂസ്, എന്ന  കുസ്തന്തീനോസിന്റെ കാലം വരെ (306 - 337 )   വി. അന്ത്യോഖ്യാ സഭ കൊടും ക്രൂരമായ പീഢകൾക്കിരയായി. വി.ശ്ലീഹൻമാർ  ഉൾപ്പെടെ (വി.യോഹന്നാൻ ശ്ലീഹാ ഒഴികെ. അദ്ദേഹത്തെ തിളച്ച എണ്ണയിലിട്ടും മറ്റും, കൊടും പീഢകൾക്കു വിധേയനാക്കുകയും,പത്മോസ് ദ്വീപിൽ നാട് കടത്തിയെങ്കിലും അദ്ദേഹം രക്തസാക്ഷിത്വം വരിച്ചില്ല)  വി. അന്ത്യോഖ്യാ സഭയുടെ അനേകായിരം  വിശുദ്ധർ രക്തസാക്ഷികളായി.

          ഈ കാലഘട്ടത്തിൽ ജീവിച്ച് വി.സഭക്കുവേണ്ടി രക്ത സാക്ഷിയായ ഒരു വിശുദ്ധനായിരുന്നു ,വി. ക്ലീമീസ്. (അഞ്ചാം തുബ്ദേൻ ) ഈ കാലത്ത് അന്ത്യോഖ്യാ സഭയുടെ മൂന്നാമത്തെ പാത്രിയർക്കീസായിരുന്നത് AD - 107 ൽ രക്തസാക്ഷിയായ അഗ്നിമയനായ വി. ഇഗ്നാത്തിയോസ് നൂറോനോ ആയിരുന്നു.

       ഇക്കാലത്തെ റോമൻ ചക്രവർത്തിയായിരുന്ന  ക്രൂരനായ ട്രാജൻ   ഒരു വലിയ നങ്കൂരത്തിൽ വി.ക്ലീമീസിന്റെ കഴുത്തു കെട്ടി വിശുദ്ധനെ സമുദ്രത്തിൽ താഴ്ത്തിക്കൊന്നു.
ഇദ്ദേഹം 65  അദ്ധ്യായമുള്ള  ലേഖനം  കൊരിന്തിലെ സഭാ വിശ്വാസികൾക്ക് എഴുതി. അത് നമ്മുടെ അനേകം പള്ളികളിൽ വായിക്കപ്പെട്ടിരുന്നു. ആചാര്യത്വത്തിന്റെ ത്രിവിധ പദവികളെക്കുറിച്ചും, (എപ്പിസ്ക്കോപ്പാ,കശ്ശീശാ, ശെമ്മാശൻ ) അവരുടെ അധികാരങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ച് എഴുതി. മോർ ക്ലീമീസിന്റെ നാമത്തിൽ അറിയപ്പെടുന്ന 8 പുസ്തകങ്ങളുണ്ട്. അവയിൽ 5ാം പുസ്തകത്തിൽ വി.പാത്രിയർക്കീസിന് പട്ടം കൊടുക്കുമ്പോൾ മാത്രംഉപയോഗിക്കേണ്ട പരിശുദ്ധാത്മ വിളിയുടെ പ്രാർത്ഥന കാണാം. പുരാതനമായ നമ്മുടെ എല്ലാ പട്ടംകൊട പുസ്തകങ്ങളിലും "മോർ ക്ലീമീസിന്റെ പ്രാർത്ഥന "  എന്ന തലക്കെട്ടിൽ ചേർത്തിരിക്കുന്നു.
      
        നമ്മുടെ  കർത്താവായ യേശുക്രിസ്തു സ്ഥാപിച്ച സഭയേതെന്നും, അതിന്റെ പ്രാരംഭ പ്രവർത്തനം, അതിലെ  വിശുദ്ധൻ മാർ നമ്മേ എന്തൊക്കെ യാണറിയിച്ചതെന്നുമുള്ള പഠനത്തിനു  രക്തസാക്ഷികളായ വിശുദ്ധരുടെ  പ്രവർത്തനം നമുക്ക് അത്യന്താപേക്ഷിതമാണ്. കാരണം ക്രിസ്തുയേശുവിന്റെ ഉയർപ്പിനുശേഷം തന്റെ സഭയുടെ  ചരിത്രം  അവരിൽക്കൂടെ, അവരുടെ പ്രവർത്തനത്തിൽക്കൂടെ, അവർ എഴുതിയും, വാമൊഴിയായും പഠിപ്പിച്ചതിൽക്കൂടെ, അവരിൽ നിന്നു നേരിട്ടു സ്വീകരിച്ചതിൽക്കൂടെ മാത്രമാണ് അറിയുവാൻ കഴിയുക.


        അടുത്ത ക്ലാസിൽ  വി. അന്ത്യോഖ്യാ സഭയുടെ   രക്തസാക്ഷിയായ  മൂന്നാം പാത്രിയർക്കീസ്  വി. ഇഗ്നാത്തിയോസ്  നൂറോനോയുടെ  ചരിത്രത്തിനു ശേഷം  അവർ പഠിപ്പിച്ചതെന്തെന്നും മറ്റുമുള്ള  കാര്യങ്ങൾ  പഠന വിഷയമാക്കാം.

               (തുടരും)