FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 14

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  

വി.യാക്കോബ്
.............................
             വി.അന്ത്യോഖ്യാസഭയുടെ   പ്രവാചകനും ഉപദേഷ്ടാവുമായിരുന്ന  വി.പൌലോസ് ശ്ലീഹാ(അ.പ്ര,13; 1,2,9) തന്നോടുകൂടെ വി.സഭക്കു വേണ്ടി വേല ചെയ്തവരെക്കുറിച്ച് തന്റെ ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിട്ടുണ്ട്.   1കോരി. 15 ൽ കർത്താവായ യേശുക്രിസ്തു  ഉയർപ്പിനു ശേഷം  പ്രത്യക്ഷപ്പെട്ട് ദർശനം നൽകിയ പലരേയും  കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. വി.പത്രോസ് ശ്ലീഹായിക്കു പുറമേ പറഞ്ഞിരിക്കുന്ന മറ്റൊരു    പേരാണ് ഊർശലേമിന്റെ  ഒന്നാമത്തേ എപ്പിസ്ക്കോപ്പായും,ശ്ലീഹായും, സഹദായുമായ  യാക്കോബ് (അഞ്ചാം തുബ്ദേൻ) .വി. യൌസേഫ് പിതാവിന് വി. കന്യകമറിയാമുമായി വിവാഹ നിശ്ചയം ചെയ്യുന്നതിനു മുൻപ്  ഉണ്ടായിരുന്ന മക്കളിൽ ഒരാളായിരുന്നു വി. യാക്കോബ്.ഇദ്ദേഹവും, തന്റെ മറ്റു സഹോദരൻമാരും കർത്താവിന്റെ പുനരുദ്ധാനത്തിനു മുൻപ്  തന്നിൽ വിശ്വസിച്ചിരുന്നില്ല. ഉയർപ്പിനു ശേഷം കർത്താവ് ഇദ്ദേഹത്തിനു പ്രത്യക്ഷനായി എന്ന്  മേൽ വാക്യത്തിൽ വി.പൌലൂസ് ശ്ലീഹാ  പറയുന്നു. ശ്ലീഹൻമാർ ഇദ്ദേഹത്തെ AD - 42 ൽ  ഊർശ്ലേമിന്റെ എപ്പിസ്ക്കോപ്പായായി നിയമിച്ചു. വളരെ ഭക്തനായ ഇദ്ദേഹം വീഞ്ഞും, മാംസവും ഉപയോഗിക്കുകയോ, ക്ഷൌരം നടത്തിക്കുകയോ ചെയ്തിരുന്നില്ല. ജനത്തിന്റെ രക്ഷക്കായി എപ്പോഴും ദൈവാലയത്തിൽ മുട്ടിന്മേൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുകയും വളരെയേറെ  കുമ്പിടുകയും ചെയ്തിരുന്നതിനാൽ ഇദ്ദേഹത്തിന്റെ മുട്ടുകൾ ഒട്ടകത്തിന്റെ മുട്ടുകൾ പോലെ തഴമ്പുള്ളവയായിരുന്നു. സസ്യഭുക്കായിരുന്ന ഇദ്ദേഹം ചെരിപ്പ് പോലും ഉപയോഗിച്ചിരുന്നില്ല. യഹൂദരും റോമാക്കാരും അദ്ദേഹത്തെ 'നീതിമാൻ' എന്നു വിളിച്ചിരുന്നെങ്കിലും കാലാന്തരത്തിൽ അവർ അദ്ദേഹത്തിനു ശത്രുക്കളായി മാറി. യഹൂദൻമാർ കല്ലെറിഞ്ഞ് അദ്ദേഹത്തെക്കൊന്നുവെന്ന്  യഹൂദ ചരിത്രകാരനായ ജോസിഫസ്  പറയുന്നു. എന്നാൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനും, ഭക്തനും ഗവേഷകനും , ക്രിസ്ത്യാനിയുമായ ഹെഗസിപ്പസ് പറയുന്നത് യഹൂദന്മാർ അദ്ദേഹത്തെ  ദൈവാലയാഗ്രത്തിൽ നിറുത്തി യേശു ആരെന്നു  സാക്ഷിക്കുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇങ്ങനെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

 

 "മനുഷ്യ പുത്രനെക്കുറിച്ച്    നിങ്ങളെന്നോട് ചോദിക്കുന്നതെന്ത്? അദ്ദേഹം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു.ആകാശ മേഘത്തിൽ  അദ്ദേഹം വീണ്ടും വരികയും ചെയ്യും" 

 

അതു കേട്ടു അനേകർ വിശ്വാസത്തിൽ സ്ഥിരപ്പെട്ടു. പക്ഷേ മതഭ്രാന്തരായ  ചിലർ അദ്ദേഹത്തെ താഴോട്ടു തള്ളിയിട്ടു. വീണിട്ടും മരിക്കാതിരുന്ന  അദ്ദേഹം    സ്തേപ്പാനോസിനെപ്പോലെ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്തത്. എന്നിട്ടും ആ കഠിന ഹൃദയർ അലക്കുകാർ ഉപയോഗിക്കുന്ന തടി എടുത്ത്   തലക്കടിച്ച്  അദ്ദേഹത്തെ കൊന്നു. ഇത് AD 62-ൽ ആയിരുന്നു. അധികകാലം കഴിയുന്നതിനു മുമ്പ് സംഭവിച്ച  യേറുശലേമിന്റെ നാശം ഈ നീതിമാന്റെ രക്തത്തിന്റെ  പ്രതികാരാനുഭവമായിരുന്നുവെന്ന്  ചരിത്രകാരൻമാർ  രേഖപ്പെടുത്തായിട്ടുണ്ട്

            പുറജാതികളുടെ ഇടയിൽ  ചിതറിപ്പാർത്തിരുന്നവർക്കുവേണ്ടി അദ്ദേഹം  എഴുതിയ 5 അദ്ധ്യായങ്ങളുള്ള ലേഖനമാണ്  വി. ബൈബിളിൽ  പുതിയ  നിയമത്തിൽ ഉള്ളത്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉയർപ്പിനു ശേഷം  അവിടുന്ന് വാമൊഴിയായി ഉപദേശിച്ചു കൊടുത്തതും നമ്മുടെ സഭ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാർ യാക്കോബിന്റെ കുർബ്ബാന തക്സാ അദ്ദേഹത്താൽ വിരചിതമാണ്.അന്ത്യോഖ്യയിലെ സഭ ആദ്യം മുതൽ ഈ ക്രമമാണ് ഉപയോഗിച്ചിരുന്നത്.)

(REFER:-  മേൽ വിവരങ്ങൾ  വിശുദ്ധ ഗ്രന്ഥത്തിൽ  വി. യാക്കോബ് ശ്ലീഹായുടെ  ലേഖനത്തിന്റെ ആരംഭത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. )

ആദ്യത്തെ
വി.കുർബ്ബാനയുടെ ക്രമം - തക്സാ- അനുസരിച്ച് വി.അന്ത്യോഖ്യാ സഭയിൽ  നമ്മുടെ കർത്താവു സംസാരിച്ച അതേ ഭാഷയിൽ, ലോകത്തെ  ആദ്യത്തെ ക്രൈസ്തവ ദേവാലയത്തിൽ,  ലോകത്താദ്യമായി വി.കുർബ്ബാന അങ്ങനെ ആരംഭിച്ചു. വി. സഭ ഉപയോഗിച്ചു വരുന്ന വി. മൂറോനും, വി.കുർബ്ബാന അപ്പത്തിൽ ചേർക്കുന്ന പുളിപ്പും അതിൻ്റെ  തുടർച്ചയാണ്.അതാണ് വി.സഭയുടെ പാരമ്പര്യവും, വിശ്വാസവും.

          ................
      
          വി. കുർബ്ബാനയുടെ  ക്രമത്തിന്റെ ആരംഭത്തെക്കുറിച്ച്  8-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോർ ഈവാനിയോസ് ഇപ്രകാരം എഴുതിയിരിക്കുന്നു. ശ്ലീവൻമാർ പെന്തിക്കോസ്തി ഞായറാഴ്ചയുടെ അടുത്ത ദിവസം തിങ്കൾ വി. മൂറോൻകൂദാശ നടത്തി. 3-ാം ദിവസം  ചൊവ്വ  വി.കുർബ്ബാന അർപ്പിച്ചു. ആദ്യമായി ഈ കർമ്മം അനുഷ്ഠിച്ചത് നമ്മുടെ കർത്താവിന്റെ സഹോദരൻ വി. യാക്കൂബ്ആയിരുന്നു.*അദ്ദേഹം കർത്താവിൽ നിന്ന് വാമൊഴിയായി ഈ ഉപദേശം പ്രാപിച്ചിരുന്നു. അദ്ദേഹം അതു വി.യൂഹാനോൻ ശ്ലീഹായെ ഭരമേല്പിച്ചു. വി.യൂഹാനോൻ ബുധനാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ദൈവമാതാവായ വി.കന്യകമറിയാം മാമോദിസ മുങ്ങിയ ശേഷം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വി.കുർബ്ബാന അനുഭവിക്കുകയും ചെയ്തു .ഈ സംഭവങ്ങളെല്ലാം "രഹസ്യങ്ങളുടെ മാളികയിൽ വെച്ച്   മോർ മർക്കോസിന്റെ ദയറായിൽ വെച്ച് നിർവഹിച്ചതായി വി. സഭയുടെ പാരമ്പര്യം നമ്മെ അറിയിക്കുന്നു"
(വി. യാക്കോബിന്റെ ക്രമത്തിന്റെ  തലക്കെട്ടിൽ പറയുന്നത്  ഊർശ്ലേമിന്റെ1-ാമത്തെ പ്രധാനാചാര്യനും , പുണ്യവാനും, ശ്ലീഹായും, സഹദായുമായ  നമ്മുടെ കർത്താവിന്റെ സഹോദരൻ മോർ യാക്കൂബ് കർത്താവിന്റെ വായിൽ നിന്നു കേട്ടു പഠിച്ചത് എന്നത്രേ.)