FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 13

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
 

ശ്ലീഹന്മാരുടെ തലവനായി വിശുദ്ധ പത്രോസ് ശ്ലീഹായെ പ്രകീർത്തിച്ചുകൊണ്ട്  വി.അന്ത്യോഖ്യാസഭയുടെ ആരാധനാക്രമങ്ങളിലെ ചില ഭാഗങ്ങൾ.

1. പട്ടം കൊട ക്രമത്തിൽ:- 

ശീമോനെ നീ എന്താണു ചെയ്യുന്നതെന്നു കാണുക. ആട്ടിൻ കൂട്ടം നിനക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. എന്റെ  കുഞ്ഞാടുകളെയും പെണ്ണാടുകളെയും എനിക്കായി നീ മേയ്ക്കുക. മുഖപക്ഷമില്ലാത്ത ദൈവ സിംഹാസനത്തിൻ മുമ്പാകെ (അവയുടെ കണക്കു) നീ ബോധിപ്പിക്കേണ്ടിവരും. സുറിയാനിയിലുള്ള ശ്ഹീമോ നമസ്കാരത്തിൽ (എല്ലാ പട്ടക്കാരും പ്രാർത്ഥിച്ചിരിക്കേണ്ടത്) പല സ്ഥലങ്ങളിലും വിശുദ്ധ പത്രോസിന്റെ പരമാധികാരത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു.

2. തിങ്കൾ - രാത്രി : 2-ാം കൗമാ.

മോശ പഴയ നിയമത്തിന്റെയും, ശെമഓൻ  പുതിയ നിയമത്തിന്റെയും തലവന്മാർ ആകുന്നു. അവർ തമ്മിൽ സാമ്യമുണ്ട്. ദൈവം അവരിൽ വസിച്ചു. മോശ ന്യായപ്രമാണ പലകകൾ ഇറക്കി. ശെമഓൻ രാജ്യത്തിന്റെ താക്കോൽ പ്രാപിച്ചു. മോശ സഭയിൽ കൂടാരം പണിതു. ശെമഓൻ സഭയെ പണിതു.

3. ചൊവ്വാ പ്രഭാതം: - 

അല്ലയോ മാർ തോമ്മായേ,  പത്രോസിന്റേതായ സമൂഹത്തിൽ അങ്ങയെ ഞങ്ങൾ കാണുമാറാകണമേ.

4. ബുധൻ പ്രഭാതം: -

സത്യ ഇടയനും, സമർത്ഥ ഭരണകർത്താവുമായ പിതാവേ! സമാധാനത്തോടെ വരിക. അങ്ങ് പത്രോസിനെപ്പോലെ സഭയുടെ അടിസ്ഥാനമാണ്.

5. വ്യാഴം രാത്രി. രണ്ടാം കൗമാ: - 

അല്ലയോ ശീമോനെ പരിശുദ്ധ സഭയെ നിന്റെ മേൽ ഞാൻ പണിയും. പാതാള വാതിലുകൾക്ക് അതിനോട് ബലം ചെയ്യുവാൻ കഴിവുണ്ടാകയില്ല.

6. വെള്ളി രാത്രി  2-ാം കൗമാ.
        
അല്ലയോ സഭയെ നിന്റെ അടിസ്ഥാനമായി വധിക്കപ്പെട്ടവനായ ശീമോൻ ഇടപ്പെട്ടിരിക്കുന്നു.

7. വെള്ളി പ്രഭാതം: - 

അല്ലയോ, സഭയെ നിന്റെ വാതിൽക്കൽ  കാവൽക്കാർ  നിൽക്കുന്നു. രാവും, പകലും ദുഷ്ടനിൽ നിന്നും നിന്നെ സൂക്ഷിക്കുന്ന അടിസ്ഥാനം ശെമഓൻ ശില്പി പൗലോസ്... വീണ്ടും ശെമഓൻ കീപ്പാമേൽ നമ്മുടെ കർത്താവു തന്റെ  സഭയെ പണിതു.

8. ശനി - പ്രഭാതം: - 

ശീമോന്യ പാറമേൽ ഞാൻ പണിയപ്പെട്ടിരിക്കുന്നു. എനിക്കു തീരെ ഭയമില്ല. കാറ്റും പിശറും എന്റെമേൽ അടിച്ചെങ്കിലും എന്നെ കുലുക്കുവാൻ സാധിച്ചില്ല. ശക്തനായ നെസ്തോർ  എന്നോട് പടവെട്ടി. പക്ഷേ, അവൻ നിലംപൊത്തി വീണുപോയി എന്ന് സഭപറയുന്നു.

9. ശനി 3-ാം മണി.

 പൗരോഹിത്യത്തെക്കുറിച്ച് ശ്ലീഹന്മാരുടെ തലവനായ ശെമഓനോട് നമ്മുടെ കർത്താവ് സംസാരിച്ച ആ ശബ്ദം എത്ര മോഹനീയം. ഇതാ ഞാൻ എന്റെ കാര്യസ്ഥനായി ഭവന വിചാരകനായി നിന്നെ നിയമിക്കുകയും കെട്ടാനും അഴിക്കാനുമായി ഉയരത്തിന്റെയും ആഴത്തിന്റെയും താക്കോലുകൾ ഞാൻ നിന്നെ ഏല്പിക്കുകയും ചെയ്തിരിക്കുന്നു. 

10. വ്യാഴം രാത്രി: - 

വിശ്വാസം പ്രസംഗിച്ചവരായ എപ്പിസ്കോപ്പന്മാർ ശെമഓന്റെ ശബ്ദത്തിൽ അതിനെ നിസ്സംശയം പഠിപ്പിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും പത്രോസിന്റെ പരമാധികാരം ആവർത്തിച്ചാവർത്തിച്ചു പ്രാർത്ഥനയിൽ ഏറ്റുപറഞ്ഞു. സുറിയാനി സഭാപിതാക്കന്മാരുടെ യഥാർത്ഥ മക്കൾ അതാവർത്തിച്ചു പ്രഖ്യാപിക്കുന്നു.

11. വിവാഹ കൂദാശ ക്രമത്തിൽ വീടിൻ ഭരണം ശീമോനെ ഏല്പിച്ചതായി പ്രഖ്യാപിക്കുന്നു.

12. ശെമഓൻ കീപ്പാമേൽ ഞാൻ പണിയപ്പെട്ടിരിക്കുന്നു........ എന്നു സഭ പറയുന്നു.

13. കഷ്ടാനുഭവ ആഴ്ച പ്രാർത്ഥനാ ക്രമത്തിൽ.... പ്രാർത്ഥനയിൽ:- ശീമോനെ തെരഞ്ഞെടുത്ത പിതാവിന് സ്തുതി. അവനു സിംഹാസനം നൽകിയ പുത്രനു സ്തോത്രം.

14. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ പെങ്കീസാ പ്രാർത്ഥന (സന്ധ്യയിൽ) ശ്ലീഹന്മാരുടെ തലവനായ ശെമഓനു വലിയ ഭാഗ്യം. നമ്മുടെ രക്ഷകൻ അവനെ സഭയുടെ അടിസ്ഥാനമാക്കിവെച്ചു. എന്റെ ആടുകളെയും, പെണ്ണാടുകളെയും എനിക്കായി മേയിക്ക എന്ന് അവനോടു  കൽപ്പിച്ചു.

15. മേല്പറഞ്ഞ 'ആടുകളിൽ' മറ്റു ശ്ലീഹന്മാരെയും ഉൾപ്പെടുത്തി അവരുടെ മേലുള്ള ഭരണമാണ് കർത്തവ് (യേഹ.21) ശീമോനു നൽകിയതെന്നു സുറിയാനി സഭാ വ്യാഖ്യാതാക്കൾ പറയുന്നു.

16. മാർ ഗ്രീഗോറിയോസ് ബാർ എബ്രായയുടെ നാളാഗമത്തിൽ നമ്മുടെ രക്ഷകൻ പത്രോസിനെ ശ്ലീഹന്മാരുടെ തലവനായി സ്ഥാപിക്കുകയും, സ്വർഗ്ഗ രാജ്യത്തിന്റെ താക്കോലുകൾ കൊടുക്കുകയും ചെയ്തു. എന്നു രേഖപ്പെടുത്തിയിരിക്കുന്നു.