FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 12

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)

 

 

മുൻ ഭാഗങ്ങളിൽ വിശദീകരിച്ചുവന്നത്  ലോകമെമ്പാടുമുള്ള നമ്മുടെ ദേവാലയങ്ങളിൽ പരസ്യ ശുശ്രൂഷാരംഭത്തിൽ നാം ആലപിക്കുന്ന
പൗലോസ് ശ്ലീഹാ ധന്യൻ ചൊൽ ........" എന്ന ഗാനത്തിൽ അന്തർലീനമായ സംഗതികളെക്കുറിച്ചായിരുന്നല്ലോ. അതിലെ 'നിങ്ങൾ' എന്നത്  സഭാംഗങ്ങളെക്കുറിച്ചും,ഞങ്ങൾ എന്നതിൽ പൗലോസ് ശ്ലീഹാ ഉൾപ്പെടെ  തന്നോടു കൂടെയുണ്ടായിരുന്നവർ  ക്രിസ്തുവിൻ്റെ ശിഷ്യൻമാർ അന്ത്യോഖ്യാസഭയുടെ പ്രവാചകരും ഉപദേഷ്ടാക്കളുമായിരുന്നെന്നും, പരിശുദ്ധ റൂഹായാൽ കൈവപ്പു ലഭിച്ചവരായിരുന്നു അവരെല്ലാവരുമെന്നും, പൗരോഹിത്യത്തിന്റെ ഉറവിടം അന്ത്യോഖ്യ സഭയിൽ നിന്നായിരുന്നെന്നും, എല്ലാവരും ഒരേ സഭയ്ക്കു വേണ്ടി ഒരേ വിശ്വാസത്തിനു വേണ്ടി പ്രവർത്തിച്ചു വന്നതായും, വേദത്തെളിവുകളോടെ കണ്ടു. ഞങ്ങൾ എന്ന് പൗലോസ് അപ്പോസ്തോലൻ പേരു  പറഞ്ഞിട്ടുള്ളതിൽ അദ്ദേഹത്തേക്കൂടാതെ പത്രോസ് ശ്ലീഹാ, പന്തിരുവർ, മറ്റു പല പേരുകളും, അറിയിപ്പുകാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും  അവരിൽ മൂന്നു വിശുദ്ധരുടെ  പ്രവർത്തനത്തിലെ ഏതാനും ഭാഗം  മാത്രം നമുക്ക് പഠന വിഷയമാക്കാം.

1. വിശുദ്ധ പത്രോസ്.
2. വിശുദ്ധ യാക്കോബ്.
3 . വിശുദ്ധ ക്ലീമ്മീസ്.     
            
അവർ ആരെന്നും, അവർ അറിയിച്ചത് എന്തൊക്കെയെന്നും, അവർ വിവിധ സഭകൾ സ്ഥാപിച്ച് വിവിധ വിശ്വാസാചാരങ്ങൾ അറിയിക്കുകയായിരുന്നോ അതോ അവർ ഒരേ ലക്ഷ്യത്തോടെ ഒരേ സഭയ്ക്കുവേണ്ടിയാണോ പ്രവർത്തിച്ചിരുന്നതെന്നും, എങ്കിൽ  അവർ അറിയിച്ചതെന്തെല്ലാം ആയിരുന്നെന്നും, അങ്ങനെ അവർ അറിയിച്ചതിനെതിരെ അറിയിച്ച് സഭയിൻ ശാപം വാങ്ങുന്നവർ എത്തരക്കാർ എന്നും നമുക്ക് പരിശോധിക്കാം. 

പത്രോസ് ശ്ലീഹാ ശിഷ്യന്മാരിൽ സമനും, മുമ്പനും മാത്രമായിരുന്നോ, അതോ അദ്ദേഹത്തിന് മ്ശിഹാ തമ്പുരാൻ കല്പിച്ച് പ്രത്യേക സ്ഥാനവും, അധികാരവും ചുമതലകളും നൽകിയിരുന്നോ?

 

വിശുദ്ധ പത്രോസ് ശ്ലീഹായുടെ പ്രാമാണ്യം.
 
1. പഴയ നിയമകാലത്ത് മഹാപുരോഹിതന് അധികാരമുണ്ടായിരുന്നു. (ആവർത്തന പുസ്തകം). പുതിയനിയമ കാലത്തെ ദൃശ്യ സഭയിൽ ആദ്ധ്യാത്മികമായ  അധികാരമുള്ള  ഭരണകർത്താവുണ്ടായിരിക്കേണ്ടതാണ്. ആ സ്ഥാനം പത്രോസിന് ഏല്പിക്കപ്പെട്ടു.

2. കർത്താവ് സഭയുടെ ശിരസ്സാണ്. സഭ തന്റെ ശരീരവും. തലയാകുന്ന പരമാധികാരിയാകുന്ന ക്രിസ്തുവിന്റെ കീഴിൽ തന്നിൽ നിന്നും അധികാരം പ്രാപിച്ച തലവൻ ആവശ്യമത്രേ.

 3. ശീമോനെ സ്വീകരിച്ചപ്പോൾ കർത്താവ് നൽകിയ പേര് കീപ്പാ (പാറ) എന്നായിരുന്നു. പഴയനിയമകാലത്ത് ദൈവം അബ്രാമിനെ ശക്തിമത്തായ ഒരു ജനതയുടെ പിതാവായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന്റെ പേരുമാറ്റി 'അബ്രഹാം' എന്നാക്കി തീർത്തു.

4. തന്റെ ശിഷ്യനിമാരിൽ യേശു  ആരാണെന്ന് ആദ്യമായി വെളിപ്പെടുത്തിയത് പത്രോസ് ശ്ലീഹായാണ്.

(മത്തായി 16:15-19) "എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?" എന്ന് താൻ ചോദിച്ചു. ശെമഓന്‍ കീപ്പാ, "അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മ്ശീഹാ ആകുന്നു" എന്ന് ഉത്തരം പറഞ്ഞു. യേശു ഉത്തരമായി അവനോട്:

1. "യൗനായുടെ മകനായ ശെമഓനേ, നീ ഭാഗ്യവാന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവല്ലാതെ ജഡവും രക്തവുമല്ല (ഇത്) നിനക്കു വെളിപ്പെടുത്തിയത്".

2. "ഞാനും നിന്നോടു പറയുന്നു: നീ കീഫോയാകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിയും."

3. "പാതാള വാതിലുകള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല".

4. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും". 

5. "നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടതായിരിക്കും".

6. "നീ ഭൂമിയില്‍ അഴിക്കുന്നത്  സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും". എന്നു പറഞ്ഞു.

ഇവിടെ 6 കാര്യങ്ങൾ യേശു തമ്പുരാൻ വ്യക്തമാക്കുന്നു. ഒന്നാമതായി പത്രോസ് ശ്ലീഹാ എപ്രകാരമാണ് തന്നെ ലോകത്തിനു വെളിപ്പെടുത്തിയതെന്നും, അത് തന്റെ പിതാവു വഴിയാണെന്നുമുള്ള  സത്യം. മേൽ വാക്യങ്ങളിൽ പത്രോസ് ശ്ലീഹായ്ക്കു അവിടുന്നു നൽകുന്നത്  പ്രത്യേകമായ അധികാരങ്ങളാണ്; വെളിപ്പെടുത്തലുകളാണ്. തന്റെ സഭയുടെ ഭരണച്ചുമതലയാണ് ഇവിടെ യേശു തമ്പുരാൻ പത്രോസ് ശ്ലീഹായ്ക്കു നൽകുന്നത്. നിർഭാഗ്യവശാൽ ചില വേദവിപരീതികൾ, മേൽ വചനങ്ങൾ  മുഴുവൻ സ്പർശിക്കാതെ 'പാറ' എന്നതു മാത്രമെടുത്ത്, പാറ എന്നതിന്റെ  അർത്ഥത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത് ദുഃഖകരമാണ്. 

ശീമോനല്ലാതെ മറ്റാർക്കും 'പാറ' എന്ന വിശേഷണം കർത്താവ് കൊടുത്തിട്ടില്ല. മറ്റാർക്കും ആ പേര് ഉപയോഗിക്കാനോ അതിന്റെ മഹിമ സ്വായത്തമാക്കാനോ സാദ്ധ്യമല്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്ക് തരും. എബ്രായ ജനതയുടെ ഇടയിൽ താക്കോലുകൾ 'അധികാരത്തിന്റെ അടയാളമായി' ഗണിക്കപ്പെട്ടിരുന്നു. (വെളിപ്പാട് 1:18) മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ തനിക്കുണ്ടെന്ന് കർത്താവ് പറയുന്നതായി കാണാം. വീട്ടുടയവൻ എവിടെയെങ്കിലും പോകുമ്പോൾ സ്നേഹിതനെ താക്കോൽ ഏല്പിച്ചാൽ ഉടമസ്ഥൻ വരുന്നതുവരെ ഭവനത്തിന്റെ പൂർണ്ണാധികാരം താക്കോൽ ഏല്പിക്കപ്പെട്ടയാളിൽ സ്ഥിതി ചെയ്യുന്നു. ആകയാൽ കർത്താവു വരുന്നതു വരെ തന്റെ സഭയുടെ മേലുള്ള അധികാരം പത്രോസിനും തന്റെ പിൻഗാമികൾക്കുമായി ഭരമേല്പിച്ചിരിക്കയത്രേ. 'താക്കോലുകൾ',  അധികാരം പത്രോസിനല്ലാതെ മറ്റാർക്കും  ലബ്ധമായിട്ടില്ല.

നീ എനിക്കായി മേയിക്കുക:

ഉയിർപ്പിനു ശേഷം മറ്റു ശ്ലീഹന്മാരും കൂടെയുള്ളപ്പോൾ ആട്ടിൻ കൂട്ടം മുഴുവൻ മേലുമുള്ള ഭരണാധികാരം പത്രോസിനു കൊടുക്കുന്നു. മൂന്നുതവണ  കർത്താവായ യേശുക്രിസ്തു പത്രോസിനോട് എനിക്കായി ആടുകളേ മേയിക്കാൻ കല്പിക്കുന്നതായിക്കാണാം. (യോഹ 21: 15 ,17) 

1. നീ എനിക്കായി എന്റെ കുഞ്ഞാടുകളെ മേയിക്കുക.
2. നീ എനിക്കായി എന്റെ പെണ്ണാടുകളെ മേയിക്കുക.
3. നീ എനിക്കായി എന്റെ ആടുകളെ മേയിക്കുക. 
ആട്ടിടയനാണ് തന്റെ ആടുകളുടെ മേലുള്ള അവകാശവും, അധികാരവും.

അപ്പോസ്തോല പ്രവൃത്തികളിൽ ആദ്യത്തെ 12 അദ്ധ്യായങ്ങൾ  പ്രധാനമായി പത്രോസിനും, ബാക്കി മറ്റ് അപ്പോസ്തോലന്മാർക്കുമായി വിനിയോഗിച്ചിരിക്കുന്നു.

ശ്ലീഹന്മാരുടെ പട്ടികയിൽ പത്രോസിന്റെ നാമം എപ്പോഴും ഒന്നാമതായി ചേർത്തിരിക്കുന്നതായിക്കാണാം. (മത്താ 10, 2, മർക്കോ. 3; 16, ലൂക്കോ. 6: l 4, അ.പ്ര. 1:14 ). സ്ഥാനത്തിലും, ബഹുമാനത്തിലും മാത്രമല്ല അധികാരത്തിനും പ്രമുഖനായിരുന്നതുതുകൊണ്ടത്രേ ഇത്. 

ശ്ലീഹന്മാരിൽ വെച്ച് ആദ്യമായി അത്ഭുതം പ്രവർത്തിച്ചതും പത്രോസായിരുന്നു. (അ.പ്ര 3).

ആദ്യമായി യഹൂദരോടു പ്രസംഗിച്ചതും 3000 പേരെ മാനസാന്തരപ്പെടുത്തി സഭയിലേക്ക് ചേർത്തതും പത്രോസായിരുന്നു. (അ.പ്ര. 2).

പത്രോസാണ് പുറജാതികളുടെ ഇടയിൽ നിന്നും കൊർന്നേലിയോസിനെയും കുടുംബത്തേയും സ്നേഹിതരേയും സഭയിൽ ചേർത്തത് (അ.പ്ര. 10).   

യൂദാ സ്കറിയോത്തായ്ക്കു പകരം ഒരാളിനെ തിരഞ്ഞെടുക്കേണ്ട ആവശ്യത്തെക്കുറിച്ച്, ആ സംഘത്തിൽ പത്രോസു മാത്രം സംസാരിക്കുകയും മറ്റുള്ളവർ സമ്മതിച്ചു കൊടുക്കുകയുമാണ്. (അ.പ്ര 1).

അ.പ്ര.15-ൽ, യറുശലേമിൽ കൂടിയ സുന്നഹദോസിൽ പത്രോസിന്റെ അഭിപ്രായമാണ് അന്തിമ തീരുമാനമായത്.

അനന്യാസ് സഫീറാമാരുടെ മേൽ വിധി കല്പിക്കുന്നതും പത്രോസാണ്.

തലവരിപ്പണം വാങ്ങുന്നവർക്ക് അതു നൽകുവാൻ കടലിൽ പോയി ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മത്സ്യത്തിന്റെ വായ് തുറക്കുവാനും, അതിന്റെ വായ് തുറന്ന് അതിനകത്തു നിന്നും ലഭിക്കുന്ന എസ്തീറാ " നീ അതെടുത്ത് എനിക്കും നിനക്കുമായി കൊടുത്തു കൊള്ളുക" എന്ന്  മ്ശിഹാ തമ്പുരാൻ  ചുമതലപ്പെടുത്തുന്നതും പത്രോസിനെയാണ്. കൂടാതെ  മറുരൂപമലയിലുൾപ്പെടെ എല്ലാ സുപ്രധാന രംഗങ്ങളിലും പത്രോസിന്റെ സാന്നിദ്ധ്യം നാം കാണുന്നു. 

പരരിശുദ്ധ അന്ത്യോഖ്യ സുറിയാനി സഭയുടെ ആരാധനാ ക്രമങ്ങളിൽ പത്രോസിനെ ശ്ലീഹന്മാരിൽ തലവനായി  പ്രകീർത്തിച്ചിരിക്കുന്നത് കാണുക.

           (............ തുടരും.)