FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 11

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)



 

 ഈ ഗാനത്തിലെ 'ഞങ്ങൾ'ആരൊക്കെ എന്നുള്ളതും, അവർ (ഞങ്ങൾ) അറിയിച്ചതെന്തെന്നും പഠനവിഷയമാക്കാം. വേദപുസ്തകത്തിൽ പൗലോസ് ശ്ലീഹായ്ക്ക് അന്ത്യോഖ്യ സഭയിൽ പരിശുദ്ധാറൂഹാ എഴുന്നള്ളി വന്ന്  കൈവപ്പു നൽകിയതായി നാം വായിക്കുന്നു. (അപ്ര.13:) അപ്രകാരം കൈവപ്പു ലഭിച്ചവരായിട്ടുള്ളവരെ പരിശുദ്ധ റൂഹാ യാത്രയയ്ക്കുന്നതായും, ദൈവം അവരോടു കൂടെയുണ്ടായിരുന്നതായും നാം വായിക്കുന്നുണ്ട്. അവർ അറിയിച്ചതെന്തെന്ന് വിശദീകരിക്കുന്നതിനു മുമ്പ് അവർക്ക് ലഭിച്ച പൗരോഹിത്യത്തെക്കുറിച്ച്‌ സഭ എന്താണ് പഠിപ്പിക്കുന്നതെന്നു കാണുക. 

എന്താണ് പൗരോഹിത്യം? 

പൗരോഹിത്യം എന്നത് തിരഞ്ഞെടുക്കപ്പെട്ടവരായ വിശ്വാസികൾക്ക് ദൈവം നൽകുന്നതായ ഒരു ദൈവീക ദാനമാണ്. അവൻ അവരെ വിളിക്കുകയും അവർ വിളികേട്ട് അവന്റെ ശുശ്രൂഷയ്ക്കായി സ്വയം സമർപ്പിക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാലും പ്രവൃത്തിയാലും  കാനോനിക കൈവെപ്പ് അവർക്ക് ലഭിക്കുകയും ചെയ്യുന്നു. അതിനാൽ  മറ്റു വിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി സഭയുടെ പ്രവർത്തനങ്ങൾക്കും   ഭരണത്തിനുമായി അവർക്ക് അധികാരം ലഭിച്ചിരുന്നു. അവർ അവർക്ക് ലഭിച്ചിരുന്ന അധികാരം അനുസരിച്ച് വിശുദ്ധ മാമോദീസാ, വിശുദ്ധ മൂറോൻ, മുതലായ കൂദാശകളനുഷ്ഠിക്കുകയും, പാപമോചനം നൽകുകയും 
അപരാധികളെയും, പശ്ചാത്തപിക്കാത്ത പിഴയാളികളെയും മാറ്റിനിർത്തുകയും പ്രാർത്ഥനാ ശുശ്രൂഷകൾ നിർവ്വഹിക്കുകയും വിശ്വാസികൾക്കു  വഴി കാട്ടുകയും ചെയ്യുന്നു. (ഇപ്രകാരമുള്ള വിശുദ്ധ കർമ്മങ്ങൾ, അവർ വേദപുസ്തകം  മാത്രം വായിച്ചു നോക്കി അനുഷ്ഠിക്കുകയല്ലായിരുന്നു. എല്ലാം തന്നെ ദൈവത്തിൽനിന്നു നേരിട്ടും, ശിഷ്യന്മാർ വഴിയും, പ്രത്യേകം അധികാരം ലഭിച്ചവർ വഴിയും പിൻതുടർന്നു വന്നു. ഇവിടെയാണ് പാരമ്പര്യത്തിന്റ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. തന്നെയുമല്ല, ആദ്യ നൂറ്റാണ്ടിൽ ഇന്നു വായിക്കുന്ന വേദപുസ്തകം ക്രോഡീകരിച്ചു തന്നിട്ടുമില്ലായിരുന്നു. തന്റെ ദൈവികദൗത്യം ജഡത്തിൽ നിർവഹിക്കുമ്പോൾ അവിടുന്ന് 12 അപ്പോസ്തോലന്മാരെയും, അറിയിപ്പുകാരെയും തിരഞ്ഞെടുത്തു. ക്രിസ്തു അവരെ തിരഞ്ഞെടുത്തത് ശുശ്രൂഷകൾ  നിർവ്വഹിക്കുന്നതിനും, സഭാപരമായ കൂദാശകൾ നിർവ്വഹിക്കാനുമായിരുന്നു. ഇതുസംബന്ധമായി ശുദ്ധമുള്ള ലൂക്കോസിന്റെ സുവിശേഷത്തിൽ നാം ഇങ്ങനെ വായിക്കുന്നു. "പ്രഭാതമായപ്പോൾ താൻ തന്റെ ശിഷ്യരെ വിളിച്ചു അവരിൽ നിന്ന് 12 പേരെ തിരഞ്ഞെടുത്തു. അവരെ 'ശ്ലീഹന്മാർ' എന്ന് വിളിച്ചു. (ലൂക്കോ.6:13)  യേശു അടുത്തുചെന്ന് അവരോട് ഇപ്രകാരം പറഞ്ഞു, "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു . എന്റെ പിതാവ് എന്നെ അയച്ചിരിക്കുന്നത് എങ്ങനെയോ അങ്ങനെ ഞാൻ നിങ്ങളെയും അയക്കുന്നു. ആകയാൽ നിങ്ങൾ പോയി സർവ്വ ജാതികളെയും ശിഷ്യപ്പെടുത്തുകയും പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും, ഞാൻ നിങ്ങളോട് കല്പിച്ചതെല്ലാം പ്രമാണിപ്പാൻ അവരെ പഠിപ്പിക്കുകയും ചെയ്യുവിൻ".(മത്താ.28:18-19) യേശു വീണ്ടും അവരോട്, "നിങ്ങൾക്ക് സമാധാനം. എന്റെ പിതാവ് എന്നെ അയച്ചതുപോലെ തന്നെ ഞാനും നിങ്ങളെ അയക്കുന്നു" എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം താൻ അവരുടെ മേൽ ഊതി. നിങ്ങൾ പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ; ഒരുവന്റെ പാപം മോചിച്ചാൽ അത് മോചിക്കപ്പെട്ടിരിക്കും നിങ്ങൾ പിടിച്ചാലോ അതു പിടിക്കപ്പെട്ടുമിരിക്കും (യോഹ.20:21-23) നമ്മുടെ സഭാ പിതാക്കന്മാരുടെ  പഠിപ്പിക്കലുകളനുസരിച്ച്‌, കർത്താവ് തന്റെ ശിഷ്യന്മാരായി വാഴിച്ച്‌ താൻ അവരെ ബെത്അനിയാ വരെ കൊണ്ടുപോയി. താൻ തന്റെ കൈകൾ ഉയർത്തിക്കൊണ്ട് അവരെ അനുഗ്രഹിച്ചു. താൻ അവരെ അനുഗ്രഹിച്ചു കൊണ്ടിരിക്കവേ താൻ   അവരിൽ നിന്നു വിട്ടു പിരിഞ്ഞ് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. (ലൂക്കോ. 24; 50-51) നമ്മുടെ കർത്താവ് പൗരോഹിത്യം സ്ഥാപിച്ചത് "താൻ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു" എന്ന പത്രോസിന്റെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു. (മത്തായി 16:17-20) കർത്താവ് പത്രോസിനോട് ഇപ്രകാരം പറഞ്ഞു. 

1. "യൗനായുടെ മകനായ  ശെമയോനെ, നീ ഭാഗ്യവാൻ, എന്തെന്നാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവല്ലാതെ ജഡവും, രക്തവുമല്ല (ഇതു) നിനക്കു വെളിപ്പെടുത്തിയത്.

2. ഞാനും നിന്നോട് പറയുന്നു; നീ കീഫോയാകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും.

3. പാതാള വാതിലുകൾ അതിന്മേൽ പ്രബലപ്പെടുകയില്ല.

4. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും.

5. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും.

6. നീ ഭൂമിയിൽ അഴിക്കുന്നത്  സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.  എന്നു പറഞ്ഞു. 

പാരമ്പര്യമായി യാതൊരു അറിവുമില്ലാതെ 15-ാം നൂറ്റാണ്ടിനു ശേഷമുണ്ടായ ചില നവീകരണ പ്രസ്ഥാനങ്ങൾ, കലർപ്പു ചേർത്തു പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ ആധാരമാക്കി തങ്ങളുടെ ഭാവനയ്ക്കനുസൃതമായി മേൽ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതായി കാണുന്നുണ്ട്. തങ്ങളുടെ  സ്വാർത്ഥതയ്ക്കു വേണ്ടിയും, ലാഭത്തിനു വേണ്ടി മാത്രമാണ് ഈ ദുർവ്യാഖ്യാനം. 

വിശുദ്ധ പത്രോസ് ശ്ലീഹായുടെ പ്രാമാണ്യം:

ശ്ലീഹന്മാരെല്ലാം സമന്മാർ, പത്രോസ്  ശ്ലീഹാ മുമ്പൻ എന്ന വാദഗതിയുള്ള ചില  വിഭാഗങ്ങളുണ്ട്. 'മുമ്പൻ' എന്ന പദത്തിന് മലയാളത്തിൽ മുമ്പിൽ സ്ഥിതി ചെയ്യുന്നവൻ, ഒന്നാമൻ എന്നൊക്കെ അർത്ഥമുണ്ട്. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു പത്രോസ് ശ്ലീഹായ്ക്കു നൽകിയ അധികാരം എന്തൊക്കെയായിരുന്നു എന്നത്  ഇവരുടെ അജ്ഞത മൂലമാണോ അതോ ബോധപൂർവ്വമാണോ ഇവർ   മറയ്ക്കുന്നത്? എന്തുകൊണ്ടാണ് പത്രോസ് ശ്ലീഹായ്ക്കു മ്ശിഹാ തമ്പുരാൻ കല്പിച്ചു നൽകിയ അധികാരവ്യം, അദ്ദേഹത്തിന്റെ   സ്ഥാനവും, ഉയർത്തിക്കാണിക്കുവാൻ   ഇവർ മടിക്കുന്നത്? സ്വാർത്ഥത മൂലവും, നശ്വരമായ ജഡീകമായ   നേട്ടങ്ങൾക്കുവേണ്ടിയുമല്ലേ സത്യം വെളിപ്പെടുത്തുവാൻ അവർ മടിക്കുന്നത്? പണ്ട് യാക്കോബായ സുറിയാനി  ഓർത്തഡോക്സ് സഭയ്ക്ക് വട്ടശ്ശേരി ഗീവർഗ്ഗീസ് മല്പാൻ എന്നൊരു മല്പാനുണ്ടായിരുന്നു. സഭയിലായിരുന്ന കാലത്ത് 1908-ൽ അദ്ദേഹം സത്യമായ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. എട്ട് അണയായിരുന്നു അതിന്റെ വില. അത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു. അദ്ദേഹം ഇത്തരം സത്യങ്ങൾ 'യാക്കോബായ സത്യ സുറിയാനി സഭയുടെ മതോപദേശ സാരങ്ങൾ' എന്ന ഒരു ചെറുപുസ്തകത്തിൽ എഴുതിയാണ്  പ്രസിദ്ധീകരിച്ചത്. "പൗരോഹിത്യത്തിന്റെ   ഉറവിടം പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൽ വാണരുളുന്ന  മോറാൻ മോർ ഇഗ്നാത്തിയോസ് പാത്രിയർക്കീസിന്റെ പക്കൽ ഇരിക്കുന്നു'' എന്ന് ഈ പുസ്തകത്തിൽ 10-ാം ഭാഗത്തിൽ എഴുതിയിട്ടുണ്ട്. അപ്പോൾ  പൗരോഹിത്യം എവിടെ നിന്ന് വരുന്നു എന്ന സത്യം അതിലുണ്ടെന്ന് നാം കാണുന്നു. ചിലർ വിവക്ഷിക്കുന്നതു പോലെ മുമ്പിൽ നടക്കാനും, ഇരിക്കാനുമുള്ള  അവകാശമാണോ, അതോ ദൈവം കല്പിച്ച് നൽകിയ പ്രത്യേകമായ അധികാരങ്ങൾ പത്രോസ് ശ്ലീഹായ്ക്കുണ്ടോയെന്ന്  വേദപുസ്തകാടിസ്ഥാനത്തിലും, സഭയുടെ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലും, പരിശോധിക്കാം.