FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 10

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
 

പൗലോസ് ശ്ലീഹാ ധന്യൻ ചൊൽ  കേട്ടേൻ..." എന്ന ഗാനത്തിലെ ഗാനത്തിലെ 'നിങ്ങൾ' എന്നത് ആരെ പരാമർശിക്കുന്നു എന്ന് വിശദീകരിച്ചു. ഇനി ഇതേ ഗാനത്തിലെ 'ഞങ്ങൾ' ആരാണെന്ന് നോക്കാം.
  
'ഞങ്ങൾ' ആരൊക്കെ? എന്നത് വേദപുസ്തകാടിസ്ഥാനത്തിൽ പരിശോധിക്കാം. 'ഞങ്ങൾ' എന്ന് പൗലോസ് ശ്ലീഹാ പറയുമ്പോൾ അദ്ദേഹത്തേക്കൂടാതെ ആരൊക്കെ ക്രിസ്തുവിന്റെ വേലയ്ക്ക് അയക്കപ്പെട്ടു? ആദ്യം അറിയേണ്ടത് പൗലോസ് ശ്ലീഹായെക്കുറിച്ച് പരാമർശിക്കുന്ന കാര്യങ്ങളാണല്ലോ.

1. പൗലോസ് ശ്ലീഹാ ഏതെങ്കിലും സഭയിൽ ഉൾപ്പെട്ടിരുന്നോ?
എങ്കിൽ ആ സഭയുടെ പേര്?

2. അദ്ദേഹം എന്തു സ്ഥാനം വഹിച്ചിരുന്നു?

3. അദ്ദേഹത്തെ അധികാരപ്പെടുത്തിയത് ആര്? ശൗൽ എന്ന പേര് എപ്പോൾ  പൗലോസ് എന്ന് മാറ്റപ്പെട്ടു?

(അ.പ്ര.13;1-4) വാക്യങ്ങളിൽ ബർന്നബാ, നീഗർ എന്നുവിളിക്കപ്പെടുന്ന ശെമഓൻ,കൂറീനാ നഗരത്തിൽ നിന്നുള്ള ലുക്കിയാസ്,ഹേറോദേസ്, തെത്രാക്കായുടെകൂടെ വളർന്നവനായ മനായേൽ, ശൗൽ എന്നീ പ്രവാചകന്മാരും, ഉപദേഷ്ടക്കാന്മാരും അന്ത്യോഖ്യായിലെ സഭയിലുണ്ടായിരുന്നു. അവർ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവരോട് "ശൗലിനേയും ബർന്നബായെയും ഞാൻ അവരെ വിളിച്ചിരിക്കുന്ന ജോലിക്കായി എനിക്കായി വേർതിരിപ്പിൻ" എന്നു പറഞ്ഞു. അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെമേൽ കൈവെപ്പു നടത്തി അവരെ യാത്രയാക്കി. അവർ പരിശുദ്ധാത്മാവിനാൽ അയക്കപ്പെട്ട ശേഷം സെലൂക്യയിലേക്കു പോയി എന്ന് എഴുതപ്പെട്ടിരിക്കുന്നു. മുകളിലുള്ള എല്ലാ  ചോദ്യങ്ങൾക്കും, സംശയങ്ങൾക്കുമുള്ള മറുപടി മേൽ വാക്യങ്ങളിൽ നാം വായിക്കുന്നു. ശൗലും വിശുദ്ധ പൗലോസ് ശ്ലീഹായും ഒന്നു തന്നെയെന്നു തുടർന്നും, നാം വായിക്കുന്നു. (അ.പ്ര.13:9) "പൗലോസ് എന്നു വിളിക്കപ്പെട്ട ശൗൽ" എന്ന് എഴുതപ്പെട്ടിരിക്കുന്നതിൽ നിന്ന്  ഇവിടെ പറയുന്ന ശൗൽ, പരിശുദ്ധാത്മാവിനാൽ കൈവെപ്പു ലഭിച്ച ശേഷം വിശുദ്ധ പൗലോസ് എന്ന പേര് ലഭിച്ചതായി കാണപ്പെടുന്നു. പരിശുദ്ധാത്മാവിനാലാണ് അദ്ദേഹം അയക്കപ്പെട്ടതെന്നും മുകളിലുള്ള വചനങ്ങളിൽ നാം വായിക്കുന്നു.

 

ഈ വാക്യങ്ങളിൽ നിന്നു വ്യക്തമാകുന്ന മറ്റു കാര്യങ്ങൾ.

(i) അന്ത്യോഖ്യയിൽ വിശുദ്ധ പത്രോസ് ശ്ലീഹായാൽ സ്ഥാപിക്കപ്പെട്ട് അതിന്റെ ഭരണം പത്രോസ് ശ്ലീഹായെ, ക്രിസ്തു ഏല്പിച്ച സഭയിൽ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന് കല്പനകൾ  നൽകുന്നതുകൊണ്ടുതന്നെ ആ സഭയാണ് ക്രിസ്തു സ്ഥാപിച്ച യഥാർത്ഥ സഭയെന്നു വെളിവാകുന്നു.

(ii) ശൗൽ എന്ന വിശുദ്ധ പൗലോസ്   അപ്പോസ്തോലൻ അന്ത്യോഖ്യ സഭയുടെ പ്രവാചകനും, ഉപദേഷ്ടാവുമായിരുന്നു.

(iii) പരിശുദ്ധാത്മാവ് അവരുടെമേൽ കൈവെപ്പു നടത്തി. അത് ആദ്യമായി അന്ത്യോഖ്യയിലെ സഭയിലാണെന്നു വെളിവാകുന്നു.

(iv) പൗരോഹിത്യത്തിന്റെ ഉറവിടം അന്ത്യോക്ക്യായിലെ സഭയിലാണെന്നും നാം കാണുന്നു.

(v) ശേഷം പരിശുദ്ധാത്മാവ് അവരെ  യാത്രയയച്ചതായി നാം വായിക്കുന്നു. മനുഷ്യർ മനുഷ്യരെ യാത്രയാക്കുന്നതു പോലെയല്ലത്. പരിശുദ്ധാത്മാവ് അന്ത്യോഖ്യ സഭയിൽ എഴുന്നള്ളിവന്ന്, വിളിച്ചു വേർതിരിക്കപ്പെട്ടവർക്ക്  കൈവെപ്പ് (laying of hand) നൽകി അവരെ ചില കാര്യങ്ങൾ ഭരമേല്പിക്കുകയും, അവരുടെ പ്രവർത്തികളിൽ കൂടെയിരിക്കുകയും ചെയ്യുന്നു. (അപ്ര: 11; 21). കർത്താവിന്റെ കൈ അവരോടു കൂടെയുണ്ടായിരുന്നു.
(vi) മേൽ കാര്യങ്ങളെല്ലാം വേദപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതു വഴി വെളിപ്പെടുന്ന മറ്റൊരു സത്യം, അന്ത്യോഖ്യാ സഭയാണ് വേദപുസ്തകത്തിനു മുമ്പേ നിലനിന്നുവന്ന കാതോലികവും, ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയെന്നും, അതിനാൽ ആ സഭ ഇന്നും എന്നും നിലനിൽക്കുന്ന സഭയാണെന്നുമുള്ള സത്യം.

 

പൗലോസ് ശ്ലീഹാ 'ഞങ്ങൾ' എന്നു  പറഞ്ഞിരിക്കുന്നതിൽ, മേൽ വാക്യത്തിന്റെ ആരംഭത്തിൽ  പറഞ്ഞിരിക്കുന്ന ബർന്നബാ  (സുവിശേഷകനും, അറിയിപ്പുകാരനുമായ വിശുദ്ധ മർക്കോസിന്റെ പിതൃസഹോദര പുത്രനായിരുന്നെന്നും സലാമിസിൽ കല്ലെറിഞ്ഞു കൊല്ലപ്പെട്ടതായും കരുതുന്നു). നീഗർ (കറുത്തവൻ) എന്നു വിളിക്കപ്പെടുന്ന ശീമോൻ. ഇദ്ദേഹം കർത്താവിന്റെ ക്രൂശു ചുമന്ന ശീമോൻ എന്നു ചിലരും, അറിയുപ്പുകാരിൽ ഒരുവൻ എന്നു മറ്റു ചിലരും പറയുന്നുണ്ട്. ലുക്കിയാസ്, എന്നു പറയുന്നത് പൗലോസ് ശ്ലീഹായുടെ ഒരു ബന്ധു എന്നു പറയപ്പെടുന്നു. ഇവർക്കും പുറമേ മനായേലും, അന്ത്യോഖ്യയിൽ പ്രസിദ്ധരായ പ്രവാചകരും ഉപദേഷ്ടാക്കളുമായിരുന്നു.
 പൗലോസ് ശ്ലീഹാ 'ഞങ്ങൾ' എന്ന്  പ്രതിപാദിച്ചിരിക്കുന്ന മറ്റു ചില അദ്ധ്യായങ്ങളിലെ വാക്യങ്ങളും ഇതോടുകൂടെ ഉൾപ്പെടുത്താം. (1.കോരി. 15:5). "പിന്നീട് താൻ കീപ്പായിക്കും, അനന്തരം, പന്തിരുവർക്കും, പ്രത്യക്ഷനായി. അതിനു ശേഷം അഞ്ഞൂറില്പരം സഹോദരന്മാർക്ക് ഒന്നിച്ച് പ്രത്യക്ഷനായി. അവരിൽ പലരും ഇപ്പോഴുമുണ്ട്. ചിലർ നിദ്ര പ്രാപിച്ചു പോയി. ഇവയ്ക്കുശേഷം  യാക്കോബിനും, പിന്നീട് എല്ലാ ശ്ലീഹന്മാർക്കും പ്രത്യക്ഷനായി. എല്ലാറ്റിലും അവസാനമായി അകാല പ്രജ എന്ന പോലെ എനിക്കും പ്രത്യക്ഷനായി. ഞാൻ ശ്ലീഹന്മാരിൽ എളിയവനാകുന്നു.
          
ഇവിടെ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്ന പേരുകൾ 'കീപ്പാ' എന്ന വിശുദ്ധ പത്രോസ് ശ്ലീഹാ, പന്ത്രണ്ടു ശിഷ്യന്മാർ, വിശുദ്ധ യാക്കോബ് എന്നിവരാണ്. വീണ്ടും (ഫിലി. 4:3). "എന്തെന്നാൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ട ക്ലീമീസിനോടും എന്റെ മറ്റു പന്ത്രണ്ടു സഹായികളോടുംകൂടെ അവർ സുവിശേഷത്തിൽ എന്നോടുകൂടെ അദ്ധ്വാനിച്ചിട്ടുള്ളവരാണ് ".

പൗലോസ് ശ്ലീഹാ 'ഞങ്ങൾ' എന്ന് പറഞ്ഞിരിക്കുന്നതിനാൽ  അദ്ദേഹത്തോടൊപ്പമുള്ളവരായി മേൽ  വാക്യത്തിൽ ക്ലീമ്മീസിന്റെ പേരും പറഞ്ഞിരിക്കുന്നു. ഞങ്ങൾ അറിയിച്ചത്   എന്താണെന്നറിയണമെങ്കിൽ പൗലോസ് ശ്ലീഹായുൾപ്പെടെമേൽ വാക്യങ്ങളിൽ പേരു പറഞ്ഞവരും, അതുപോലെയുള്ളവരെല്ലാം എന്താണ് അറിയിച്ചതെന്നു പരിശോധിക്കാം.

1. അവർ ആരൊക്കെ?
2. അവർ വെളിപ്പെടുത്തിയ രഹസ്യം എന്ത്?
3. അതിനെതിരെ അറിയിക്കുന്നവർ ആരൊക്കെ?
4. അവർക്കുള്ള ശിക്ഷ എന്ത്?